കൽഹാരിയിലെ കലാവിരുന്നിന് ആവേശം പകരുവാനും ചരിത്രത്തിന്റെ ഭാഗമാകാനും നാദിർഷയും എത്തുന്നു
ശ്രീകുമാർ ഉണ്ണിത്താൻ
ന്യൂയോർക്ക്: നോർത്ത് അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ പ്രവാസി സംഗമയ ഫൊക്കാനയുടെ 2026-ലെ അന്തർദേശീയ കൺവെൻഷന് കൂടുതൽ മാറ്റുകൂട്ടി മലയാളത്തിന്റെ ജനപ്രിയ സംവിധായകൻ, നടൻ, ഗായകൻ,അവതാരകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ നാദിർഷ കൽഹാരി റിസോർട്ടിലെ വേദിയിലെത്തും. ഓഗസ്റ്റ് 6 മുതൽ 8 വരെ അമേരിക്കയിലെ പ്രശസ്തമായ കൽഹാരി റിസോർട്ടിൽ നടക്കുന്ന കൺവെൻഷനിൽ നാദിർഷയുടെ സാന്നിധ്യം കലാപരിപാടികൾക്ക് പുതിയ ആവേശം പകരുമെന്ന് പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.
ഹാസ്യവും സംഗീതവും ഒരുപോലെ കോർത്തിണക്കുന്ന അവതരണശൈലിയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ നാദിർഷ, പ്രവാസി മലയാളികൾക്കായി പ്രത്യേകമായി ഒരുക്കുന്ന കലാവിരുന്നിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കും. കുടുംബപ്രേക്ഷകരെ ഒരുപോലെ ആകർഷിക്കുന്ന അദ്ദേഹത്തിന്റെ പരിപാടികൾ കൺവെൻഷനിൽ പങ്കെടുക്കുന്നവർക്ക് മറക്കാനാവാത്ത അനുഭവമാകുമെന്നാണ് പ്രതീക്ഷ.
പ്രസിഡന്റ് സജിമോൻ ആന്റണി, ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയ് ചാക്കപ്പൻ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കുന്ന ഫൊക്കാന കൺവെൻഷൻ ഇത്തവണ കുടുംബകേന്ദ്രിതമായ ആശയങ്ങളോടെയും സാംസ്കാരിക വൈവിധ്യത്തോടെയും ശ്രദ്ധ നേടുകയാണ്. ലോകോത്തര സൗകര്യങ്ങളുള്ള കൽഹാരി റിസോർട്ടിൽ നടക്കുന്ന സമ്മേളനം ഒരു സംഘടനാ കൺവെൻഷൻ മാത്രമല്ല, ലോകമെമ്പാടുമുള്ള മലയാളി കുടുംബങ്ങളുടെ മഹാസംഗമമായാണ് വിഭാവനം ചെയ്തിരിക്കുന്നത്.
നാദിർഷയ്‌ക്കൊപ്പം മലയാളത്തിന്റെ പ്രിയനടി നവ്യ നായരും കൺവെൻഷനിൽ പങ്കെടുക്കും. ലോകപ്രശസ്ത സിനിമ സിനിമ സംവിധയകാൻ അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെ നിരവധി വിശിഷ്‌ട വ്യക്തികൾ പങ്കെടുക്കുന്നു .പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള ഫ്യൂഷൻ ഷോ, 101 കലാകാരന്മാർ അണിനിരക്കുന്ന ഉദ്ഘാടന നൃത്താവിഷ്‌കാരം, നോർത്ത് അമേരിക്കയിലെ കലാപ്രതിഭകളെ അവതരിപ്പിക്കുന്ന "അമേരിക്ക ഗോട്ട് ടാലന്റ്" എന്നീ പരിപാടികളും കലാവിരുന്നിന് മാറ്റുകൂട്ടും. സിനി അവാർഡ് നൈറ്റ് തുടങ്ങി നിരവധി പരിപാടികളുമായി ഈ കൺവെൻഷൻ ഒരു ചരിത്ര കൺവെൻഷൻ ആകുന്നു .
ഗിന്നസ് വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് ആയിരത്തിലധികം കലാകാരികൾ പങ്കെടുക്കുന്ന മോഹിനിയാട്ടവും 500-ലധികം കലാകാരന്മാർ അണിനിരക്കുന്ന ചെണ്ടമേളവും കൺവെൻഷന്റെ പ്രധാന ആകർഷണങ്ങളാണ്. കൂടാതെ സാഹിത്യ, ബിസിനസ്, മീഡിയ സെമിനാറുകൾ, യുവജന-വനിതാ ഫോറങ്ങൾ, സാമൂഹിക ചർച്ചകൾ എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.
കലയും സംസ്കാരവും വിനോദവും കുടുംബസൗഹൃദ അന്തരീക്ഷവും ഒരുമിക്കുന്ന ഫൊക്കാന കൺവെൻഷൻ 2026, നോർത്ത് അമേരിക്കൻ മലയാളി സമൂഹത്തിന്റെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രവാസി സംഗമായി മാറുമെന്ന് ഉറപ്പാണ്. ചരിത്രണത്തിന്റെ ഭാഗമാകാൻ നിങ്ങളും എത്തില്ലേ?