മലയാളത്തിൻ്റെ പ്രണയമോഹങ്ങൾ പൂവണിഞ്ഞപ്പോൾ: ഹൃദയരാഗം; കെ ആർ മോഹൻദാസ്
ത്രിസന്ധ്യയില്‍, ചെമ്പകം പൂത്തുലഞ്ഞു നിൽക്കുന്ന കാവിൽ നല്ലെണ്ണയിൽ കുതിർന്നു കത്തുന്ന കൽവിളക്കിന്‍റെ ശോഭയുള്ള മുഖം….എന്തൊരു ഐശ്വര്യമാണ് മേനകയുടെ മുഖത്തിനും
ആ പുഞ്ചിരിക്കും…. മുണ്ടും നേരിയതും നെറ്റിയിൽ ചന്ദനക്കുറിയും ……പോയ വിഷുക്കാലത്ത് പൊട്ടിച്ചിരിച്ച കണിക്കൊന്നയുടെ മോഹങ്ങള്‍ പൂവണിഞ്ഞതുപോലെ…..ഓര്‍മ്മകളിലെ മഞ്ഞുതുള്ളിയായ മലയാളത്തിന്‍റെ പ്രിയപ്പെട്ട ഓപ്പോള്‍….
മലയാളത്തിന്‍റെ മോഹങ്ങള്‍ പൂവണിയുകയായിരുന്നു…
ഭദ്രന്‍ എന്ന സംവിധായകനിലൂടെ…... ഭദ്രൻ്റെ ആദ്യചിത്രത്തിലെ നായകനായ ശ്യാമിനെ ശങ്കറും നായികയായ ശ്രീദേവിയെ മേനകയും മനോഹരമാക്കി.
ഈ മണലിന്‍റെ മാറില്‍ തളര്‍ന്നു മയങ്ങും
നഖചിത്രതടത്തിലെ ലിപികള്‍
ഏതോ നവരത്നദ്വീപിലെ നിധികള്‍..
ഒരിക്കലും മറക്കാത്ത സൂവർണ്ണ നൂലിലെ അക്ഷരങ്ങൾ മലയാളിയുടെ മോഹങ്ങളില്‍ കൊരുത്ത ബിച്ചുതിരുമലയുടെ വരികളെ പ്രണയത്തോടെ അടയാളപ്പെടുത്തുന്ന ദക്ഷിണാമൂര്‍ത്തിയുടെ ഈണത്തിന് ഗന്ധര്‍വ്വഭാവങ്ങള്‍ നല്‍കിയ ദാസേട്ടനും ജാനകിയമ്മയും…. പ്രണയം തുളുമ്പി നിൽക്കുന്ന ഗാനം
പുഴയുടെ കവിളില്‍ പുളകം പോലൊരു
ചുഴി വിരിഞ്ഞൂ ....
പൂഞ്ചുഴി വിരിഞ്ഞു
മനസ്സില്‍ മാമ്പൂക്കള്‍ ചൊരിയുന്നോരഴകേ
നിന്‍നുണക്കുഴിത്തടം പോലെ
നാണം മുളയ്ക്കുമീ ചിരിപോലെ ....
പ്രണയമോഹതിരകളില്‍ നീന്തിത്തുടിക്കുന്ന കാമുകനും കാമുകിയും…പുഴയുടെ കവിള്‍ത്തടങ്ങളിൽപ്പോലും പുളകം വിരിയിക്കുന്ന പ്രണയം... എൻ്റെ പ്രണയത്തിൻ്റെ മാമ്പൂക്കൾ നിറയ്ക്കുന്ന നിൻ്റെ നുണക്കുഴികൾ പോലെ.... നാണം പൊട്ടി വിടരുന്ന നിൻ്റെ ഈ ചിരി പോലെ.....
.... വിരലാൽ മീട്ടുമ്പോൾ മധുമഴ പൊഴിയുന്ന മൃദുല വിപഞ്ചികയോ .... ദേവി നീയൊരു സാരംഗിയോ .....
മോഹങ്ങൾ പൂവണിയുകയാണ്.....