മമ്മൂക്കയുടെയും ലാലേട്ടന്‍റെയും സിനിമകളോടൊപ്പം വളർന്ന ഒരു തലമുറയാണ് എന്‍റേത്. തീയേറ്ററിലെ ഇരുണ്ട വെളിച്ചത്തിൽ നിന്ന് ടെലിവിഷൻ സ്ക്രീനുകളിലേക്ക് നീണ്ടുനിന്ന ആ ഓർമ്മകൾ ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു. ആ കാലത്തെ ഓരോ സിനിമയും ഓരോ കഥാപാത്രവും ഞങ്ങളുടെ ജീവിതത്തിന്‍റെ ഭാഗമായിരുന്നു.
ഞങ്ങളുടെ തലമുറയിലെ നായികമാര്‍ പഴയകാല നായികമാരെപ്പോലെ വെണ്ണതോല്‍ക്കും ശില്പസൗന്ദര്യവും വശ്യമായ അംഗലാവണ്യവും ഉള്ളവരായിരുന്നില്ല….
ഒരു സുന്ദരിയുടെ കഥ എന്ന ചിത്രം പ്രേക്ഷകമനസ്സുകളില്‍ നിന്നും മാഞ്ഞുപോയെങ്കിലും, ജയഭാരതിയെ ഇളം വെണ്ണിലാവിന്‍റെ തളിരാക്കി മാറ്റിയ വയലാറിന്‍റെ കവിതയും ആ വരികള്‍ക്ക് ഈണത്തിന്‍റെ മന്ദഹാസം നല്‍കിയ ദേവരാജസംഗീതവും ദാസേട്ടന്‍റെ ഗാനഹര്‍ഷവും ഓര്‍മ്മകളില്‍ പൂമാരനെയ്ത കതിര്‍പോലെ…….എന്നും…..
എക്സൽ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എം. കുഞ്ചാക്കോ നിർമിച്ച് തൊപ്പിൽ ഭാസി സംവിധാനം ചെയ്ത ഒരു സുന്ദരിയുടെ കഥ മലയാള സിനിമയുടെ ഓർമ്മച്ചെപ്പിൽ ഇന്നും മായാതെ സൂക്ഷിക്കപ്പെടുന്ന ചിത്രമാണ്. ചിത്രത്തിലെ "വെണ്ണതോൽക്കുമുടലോടെ" എന്ന ഗാനം തലമുറകൾ കടന്നുപോയിട്ടും മലയാളിയുടെ ഹൃദയത്തിൽ മധുരമായി മുഴങ്ങിക്കൊണ്ടിരിക്കുന്നു. കാലം എത്ര മുന്നോട്ട് സഞ്ചരിച്ചാലും, ആ ഗാനത്തിന്‍റെ ഈണവും ഭാവവും ഇന്നും ശ്രോതാക്കളുടെ മനസ്സിൽ ഒരു സുന്ദരസ്മരണയായി വിരിഞ്ഞുനിൽക്കുന്നു.
രാത്രി രാത്രി വിടരും അനുരാഗ പുഷ്പം പോലെ .... കത്തിപ്പടർന്ന അഗ്നിപുഷ്പമായിരുന്നു ജയഭാരതി.....
ഒരു കൗമാരക്കാരന് തന്നേക്കാള്‍ മുതിര്‍ന്ന സുന്ദരിയായ ഒരു സ്ത്രിയോടു തോന്നുന്ന മോഹത്തിന്‍റെ കഥ പറയുന്ന ചിത്രമായ രതിനിര്‍വ്വേദത്തിലെ രതിച്ചേച്ചി.....
ഭരതന്‍ സംവിധാനം ചെയ്ത പത്മരാജന്‍റെ രതിനിര്‍വ്വേദം എന്ന നോവലിലെ രതിച്ചേച്ചിയെ അനശ്വരയാക്കിയ ജയഭാരതി....
ജയഭാരതിയുടെ അംഗലാവണ്യഗീതമാണ് വെണ്ണ തോൽക്കുമുടലോടെ എന്ന ക്ലാസിക് ഗാനം.
വെണ്ണ തോൽക്കുമുടലോടെ ഇളം
വെണ്ണിലാവിൻ തളിർ പോലെ
രാഗിണീ മനോഹാരിണീ
രാത്രി രാത്രി വിടരും നീ അനുരാഗ പുഷ്പിണീ
വെണ്ണ എന്ന പദം പോലും എത്രയോ മൃദുവാണ് . വെണ്ണ തോല്‍ക്കുന്ന അവളുടെ അംഗലാവണ്യം എത്ര വശ്യസുന്ദരമാണ്.
കവി തൃപ്തനാകുന്നില്ല… ഇളംവെണ്ണിലാവിന്‍റെ തളിര്‍പോലെ മൃദുവാണ് അവളുടെ മേനി എന്ന യൗവനത്തിന്‍റെ സിരകളെ ഹരംപിടിപ്പിക്കുന്ന വയലാറിന്‍റെ വരികള്‍ ഒഴുകി വരുന്നു .....
മാർ വിരിഞ്ഞ മലർ പോലെ
പൂമാരനെയ്ത കതിർ പോലെ
മഞ്ഞിൽ മുങ്ങിയീറൻ മാറും മന്ദഹാസത്തോടെ
എന്‍റെ മോഹം തീരും വരെ നീ
എന്നെ വന്നു പൊതിയൂ
രാത്രിയില്‍ പുഷ്പിക്കുന്ന അനുരാഗപുഷ്പിണിയായ നീ എന്‍റെ മോഹങ്ങളില്‍…എന്‍റെ ദാഹങ്ങളില്‍….എന്‍റെ സ്വപ്നങ്ങളില്‍ മഞ്ഞില്‍ മുങ്ങിയീറന്‍ മാറും മന്ദഹാസമോടെ എന്നെ വന്നു പൊതിയൂ എന്ന വരികളിലെ അനുരാഗ ക്ഷണം എത്ര തീവ്രമാണ് .....
മൂടി വന്ന കുളിരോടെ*
പന്താടി വന്ന മദമോടെ
കാമുകനു മാത്രം നൽകും രോമഹർഷത്തോടെ
എന്‍റെ ദാഹം തീരും വരെ നീ
എന്നിൽ വന്നു നിറയൂ
കാമുകന്‍റെ സ്നേഹവിരല്‍സ്പര്‍ശത്തിനുമാത്രം നല്‍കുന്ന രോമഹര്‍ഷത്തോടെ എന്നില്‍ വന്നു നിറയൂ…. രാത്രിയിൽ മാത്രം വിടരുന്ന , അനുരാഗവതിയായ കാമുകിയെ
തന്‍റെ ദാഹമോഹങ്ങൾ തീർക്കാനായി ക്ഷണിക്കുന്ന കാമുകന്‍….. രാത്രിയുടെ ഹൃദയത്തിൽ നിന്നും ഗാനം ഒഴുകി വരുമ്പോൾ ....
രാഗിണീ മനോഹാരിണീ
രാത്രി രാത്രി വിടരും നീ അനുരാഗ പുഷ്പിണീ