'ഇത് ഇന്ത്യയാണ്...'; അടുക്കളയില്‍ രണ്ടു പ്രാണികളെ കണ്ടതിന് ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതിനെതിരെ ബോംബെ ഹൈക്കോടതി

Jul 30, 2026 - 19:08
Jul 30, 2026 - 19:10
 0  1
'ഇത് ഇന്ത്യയാണ്...'; അടുക്കളയില്‍ രണ്ടു പ്രാണികളെ കണ്ടതിന് ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതിനെതിരെ ബോംബെ ഹൈക്കോടതി

മുംബൈ: ശുചിത്വം ഇല്ലെന്ന് ആരോപിച്ച് ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കിയ മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ നടപടി ബോംബെ ഹൈക്കോടതി റദ്ദാക്കി. ഇത് ഇന്ത്യയാണെന്നും, ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത് കൂടുതല്‍ യാഥാര്‍ത്ഥ്യബോധത്തോടെ വേണമെന്നും കോടതി അഭിപ്രായപ്പെട്ടു. അടുക്കളയില്‍ രണ്ടു ചെറിയ പ്രാണികളെ കണ്ടുവെന്ന നിസാര കാരണം ചൂണ്ടിക്കാട്ടിയാണ് നവി മുംബൈയിലെ സ്റ്റാര്‍ ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്.

മറ്റ് പരിശോധനകളില്‍ ഹോട്ടല്‍ മികച്ച നിലവാരം പുലര്‍ത്തിയിട്ടുണ്ട്. ഹോട്ടലിന്റെ ശുചിത്വ പരിപാലന റിപ്പോര്‍ട്ട് 95 ശതമാനം മാര്‍ക്ക് നേടി തൃപ്തികരമാണ്. ഈ സാഹചര്യത്തില്‍ രണ്ട് പ്രാണികളെ കണ്ടുവെന്നതിന്റെ പേരില്‍ ലൈസന്‍സ് റദ്ദാക്കിയത് ശരിയല്ല. മറ്റു മാനദണ്ഡങ്ങളെല്ലാം പാലിക്കുന്ന ഹോട്ടലിനെ ഇത്ര ചെറിയ പിഴവിന്റെ പേരില്‍ കടുത്ത നടപടി എടുത്തത് നീതീകരിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

കഴിഞ്ഞദിവസം കോടതിയുടെ മേശപ്പുറത്തും ഈച്ചയേയും പാറ്റയേയും കണ്ടിരുന്നുവെന്നും ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു. ഭക്ഷണ ശാലകള്‍ക്കെതിരെയുള്ള നിയമം വിവേചനമില്ലാതെയും സുതാര്യമായിട്ടുമാകണം നടപ്പാക്കേണ്ടത്. ഹോട്ടലിന്റെ ലൈസന്‍സ് ഉടന്‍ പുനഃസ്ഥാപിക്കാനും കോടതി ഉത്തരവിട്ടു. എല്ലാ സര്‍ക്കാര്‍ ഭക്ഷണശാലകളിലും പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.