മാസങ്ങൾ കടന്നുപോയി. അശ്വിൻ സുഹൃത്തുക്കൾ ജോലി ചെയ്യുന്ന കമ്പനിയിലെ താത്കാലിക ജോലിയും മുംബൈ ജീവിതവുമായി താനേ ഇഴുകിച്ചേർന്നു.
ഒരിക്കൽ ഒരു സായാഹ്നത്തിൽ അശ്വിൻ ആനിയുമൊത്ത് ബാന്ദ്രയിലെ ബാൻഡ്‌സ്റ്റാൻഡ് വാക്ക്‌വേയിൽ എത്തി. കടൽഭിത്തിയിൽ ഒരുക്കിയിരിക്കുന്ന മനോഹരമായ നടപ്പാത. തിരകൾ ശക്തിയായി പാറക്കെട്ടുകളിൽ ഇടിച്ച് നീർത്തുള്ളികൾ പൊഴിയുന്നു. ഉപ്പുകാറ്റ് നിറഞ്ഞ അന്തരീക്ഷം. മറുവശത്ത് ബഹുനില കെട്ടിടങ്ങൾ വരി വരിയായി നിൽക്കുന്നു. കടലിൽ ചായ്ന്നുറങ്ങാൻ നീങ്ങുന്ന സൂര്യൻ. വാക്ക്‌വേയിൽ നിരവധിയാളുകൾ, ഇരുകൈകളും കോർത്ത് സ്നേഹം പങ്കിട്ട് നടക്കുന്ന ദമ്പതികൾ, ഐസ്‌ക്രീം കച്ചവടക്കാർ… അങ്ങനെ മനോഹരമായ അന്തരീക്ഷം.
പെട്ടെന്ന് വന്ന വലിയ തിരയിൽ പറന്ന നീർത്തുള്ളികൾ ആനിയെയും അശ്വിനെയും ഈറനണിയിച്ചു.
അശ്വിൻ :
നമ്മൾ ഈ നഗരത്തിൽ വന്നിട്ട് ഇത്ര നാളായെങ്കിലും ഇതുവരെ എവിടെയും പോയിട്ടില്ല.
ആനി :
അതെ, ഇടയ്ക്ക് ഇവിടെ വരണം. മനോഹരമായ സ്ഥലം.
ഇരുവരും നടപ്പാതയിലൂടെ ഏറെ ദൂരം സഞ്ചരിച്ച് ഒരിടത്ത് ഇരുന്നു.
ആനി :
ഡാ, പുതിയ ഇന്റർവ്യൂവിന്റെ എന്തെങ്കിലും അറിഞ്ഞോ?
അശ്വിൻ :
ആനി, നമ്മൾ എത്ര ഇന്റർവ്യൂവിൽ പങ്കെടുത്തു. എന്തെങ്കിലും കാര്യമുണ്ടായോ? ഞാൻ മടുത്തു. ഇപ്പോൾ ഉള്ള ജോലിയും ജീവിതവും ഒക്കെയാണ്. ഇതുപോലെ പോയാൽ മതി.
ആനി :
നീ എന്താണ് പറയുന്നത് അശ്വിൻ? നമ്മൾ എന്തിനാണ് ബോംബെയിൽ വന്നത്? നീ മറന്നോ? ഈ താത്കാലിക ജോലിയാണോ നമ്മുടെ ലക്ഷ്യം?
അശ്വിൻ :
ശരിയാണ്… പക്ഷേ ഞാൻ മടുത്തു.
ആനി :
വിഷമിക്കല്ലേ അശ്വിൻ. എവിടെയെങ്കിലും നമുക്കായി നല്ലൊരു ജോലിയുണ്ടാകും.
അശ്വിൻ :
അതൊക്കെ പോട്ടെ. ഇവിടെ ഇരുന്നാൽ മതിയോ? ബിരിയാണി വാങ്ങിത്തരും എന്ന് പറഞ്ഞിട്ട്.
ആനി :
ആഹാ… എന്നോടോ? എനിക്ക് വാങ്ങിത്താടോ?
പതിയെ സൂര്യൻ അറബിക്കടലിൽ താഴ്ന്നു. രാത്രിയുടെ ദീപങ്ങൾ ബഹുനില കെട്ടിടങ്ങളിൽ തെളിഞ്ഞുതുടങ്ങി. രാത്രി ഇരുണ്ടുവരുംതോറും രാത്രിയെ പകലാക്കി മാറ്റുന്ന വർണശോഭയോടെ ബാന്ദ്ര–വോർളി സീ ലിങ്ക് പാലം തിളങ്ങാൻ തുടങ്ങി. പാലത്തിലെ വെളുത്ത എൽ.ഇ.ഡി. ബൾബുകളും അതിലൂടെ പരന്ന പ്രകാശവും പാലത്തെ കൂടുതൽ മനോഹരമാക്കി.
അതുവഴി വന്ന ഒരു കച്ചവടക്കാരി,
കച്ചവടക്കാരി :
“ഹേയ് സാബ്, മാഡം കോ ഭേൽപൂരി ദേ ദൂം?”
(സാർ, മാഡത്തിന് ഭേൽപൂരി തരട്ടേ?)
അശ്വിൻ :
ആനിയുടെ നേരെ കൈ ചുണ്ടി ചിരിച്ചുകൊണ്ട്
“ഏ ഭേൽപൂരി നഹി ഖാതേ ഹേ.”
(ഇവൾ ഭേൽപൂരി കഴിക്കാറില്ല.)
ആനി :
ആരു പറഞ്ഞു ഞാൻ തിന്നില്ലെന്ന്?
ആനി :
“മാഡം, ഹം ദോനോ കോ ദേനാ. കിത്നാ പൈസാ ഹേ?”
(ചേച്ചി, ഞങ്ങൾ രണ്ടുപേർക്കും തരൂ. എത്ര രൂപയാണ്?)
കച്ചവടക്കാരി :
“ദോനോ കോ ദേഖ്‌കർ ലഗ്താ ഹേ, അഭി അഭി ശാദി ഹുയി ഹേ.”
(നിങ്ങളെ കണ്ടാൽ ഇപ്പോൾ വിവാഹം കഴിഞ്ഞതുപോലെ തോന്നുന്നു.)
അശ്വിൻ :
ചിരിച്ചുകൊണ്ട്
“ഓഹോ … കൈസേ പത്താ ചലാ?”
(ഹാഹാ… എങ്ങനെ മനസ്സിലായി?)
ആനി :
“ജീ, ഹമാരി ശാദി നഹി ഹുയി ഹേ.”
(അല്ല, ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ടില്ല.)
കച്ചവടക്കാരി :
“അച്ചാ… ലവേഴ്സ് ഹോ?”
(ഓഹോ… പ്രണയിതാക്കളാണോ?)
ആനി അശ്വിന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു.
അശ്വിൻ :
“ജീ, ഐസാ നഹി ഹേ. ഹം ദോസ്ത് ഹേ.”
(അല്ല, അങ്ങനെയല്ല. ഞങ്ങൾ സുഹൃത്തുക്കളാണ്.)
ആനിക്ക് ചിരിയും നാണവും വന്നു.
കച്ചവടക്കാരി :
“ബച്ചോ, പ്യാർ ദോനോ കി ആംഖോം മേം ദിഖ് രഹാ ഹേ. ക്യോം ബോൽനെ സെ മനാ കർ രഹേ ഹോ? യാദ് രഖ്നാ… വക്ത് കിസി കേ ലിയേ റുക്താ നഹി. യേ സാഗർ കി തരഹ് ഹമേശാ ചൽതാ രഹ്താ ഹേ.”
(മക്കളേ, നിങ്ങൾ രണ്ടുപേരുടെയും കണ്ണുകളിൽ പ്രണയം കാണാം. എന്തിനാണ് അത് സമ്മതിക്കാത്തത്? ഓർക്കണം… സമയം ആർക്കുവേണ്ടിയും കാത്തുനിൽക്കില്ല. ഈ കടലുപോലെ അത് എന്നും മുന്നോട്ടുപോകും.)
കച്ചവടക്കാരി ഭേൽപൂരി നൽകി മുന്നോട്ട് നടന്നു.
ആനി :
നിന്റെ ഈ സ്വപ്നത്തിലേക്കുള്ള യാത്രയിൽ എന്നും എന്നെയും കൂട്ടുമോ?
അശ്വിൻ :
നീ എന്താണ് പറയുന്നത്? അവർ ചുമ്മാ എന്തോ പറഞ്ഞു, അതുകൊണ്ടല്ലേ.
ആനി :
അതല്ല അശ്വിൻ… I really love you, Ashwin… I love you.
അശ്വിൻ :
ശബ്ദം കടുപ്പിച്ച്… നീ എന്താണ് പറയുന്നത് ആനി? നിനക്കറിയാമല്ലോ എന്തിനാണ് നമ്മൾ ഇവിടെ വന്നതെന്ന്. പ്രണയിക്കാൻ നടക്കാതെ നല്ലൊരു ജോലി നേടാൻ നോക്കൂ.
ആനി ഒന്നും മിണ്ടാതെ അശ്വിന്റെ മുഖത്തേക്ക് നോക്കി. കണ്ണുകൾ ഈറനണിഞ്ഞു. കണ്ണുകൾ നിറഞ്ഞൊഴുകി.
ആനി മുന്നോട്ട് നടന്ന് വാക്ക്‌വേയുടെ അരികിൽ തിരകളെ നോക്കി നിന്നു. കണ്ണുകൾ നിറഞ്ഞൊഴുകി.
അശ്വിൻ ആനിയുടെ അരികിലെത്തി. ഒരു കൈകൊണ്ട് ആനിയുടെ തോളിൽ പിടിച്ച് അശ്വിന്റെ തോളോട് ചേർത്ത് മുറുകെ പിടിച്ചു.
അശ്വിൻ :
ആനി… I love you. ജോലിയൊന്നും ആകാതെ എങ്ങനെയാണ് നിന്നെ പ്രപ്പോസ് ചെയ്യുക? അതാണ് ഞാൻ ഒന്നും പറയാതിരുന്നത്.
ആനി :
എനിക്ക് നന്നായി അറിയാമല്ലോ നിന്റെ ലക്ഷ്യം എന്താണെന്ന്. നമ്മൾ ഒരേ സ്വപ്നത്തിന്റെ തോണിയിലല്ലേ? എന്നും ഇതുപോലെ കൂടെയുണ്ടാകണം എന്നാണ് ഞാൻ ആഗ്രഹിച്ചത്.
പെട്ടെന്ന് ഒരു തിര വന്ന് കല്ലിൽ തട്ടി ചിന്നിച്ചിതറി. നീർത്തുള്ളികൾ ഇരുവരെയും വീണ്ടും ഈറനണിയിച്ചു.
അശ്വിൻ ആനിയെ മുറുകെ ചേർത്തുപിടിച്ചു.
ഇനി ഒരിക്കലും പിരിയാതെ, ഒരേ സ്വപ്നത്തിന്റെ തോണിയിൽ ഇനി അശ്വിനൊപ്പം ആനിയും…
തുടരും…