മുംബൈ എക്സ്പ്രസ്സ് : Episode – 7, രചന : പ്രശാന്ത് പഴയിടം
പണം തിരികെ കിട്ടിയത് വലിയ ആശ്വാസമായിരുന്നെങ്കിലും, തുഷാറിനെയും സവാദിനെയും പോലീസ് കൂട്ടിക്കൊണ്ടുപോയത് അശ്വിനിലും ആനിയിലും ഭയമുണർത്തി. ഈ നഗരത്തിൽ പുതിയത് ആയതുകൊണ്ടും വേണ്ട പരിചയമില്ലാത്തത് കൊണ്ടും അവർ എന്തു ചെയ്യണമെന്ന് അറിയാതെ പരിഭ്രമിച്ചിരിക്കുകയായിരുന്നു. സവാദിന്റെയും തുഷാറിന്റെയും ഫോണിൽ വിളിച്ചുവെങ്കിലും എടുത്തില്ല.
ആകെ പരിഭ്രാന്തയായിരുന്ന ആനിയോട് അശ്വിൻ പറഞ്ഞു.
അശ്വിൻ : “ആനി… ഒന്നും ഭയക്കേണ്ടതില്ല. തുഷാറും സവാദും വളരെ നേരായ രീതിയിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരാണ്. അവർ തെറ്റൊന്നും ചെയ്തിട്ടില്ല. അതുകൊണ്ട് പേടിക്കേണ്ട കാര്യമില്ല.”
ആനി : “അറിയാം അശ്വിൻ… എന്നാലും നമുക്കുവേണ്ടി അവർ ഓരോ പ്രശ്നങ്ങളിൽ ചെന്നുപെടുമോ എന്ന ഭയമാണ്.”
അശ്വിൻ : “ആനി… നമ്മൾ എന്താണ് ചെയ്യുക? അവരെ എവിടേക്കാണ് കൊണ്ടുപോയത്? അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി തിരക്കിയാലോ?”
ആനിയും അശ്വിനും അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടു.
തിരക്കേറിയ പോലീസ് സ്റ്റേഷൻ. മുംബൈ പോലീസിന്റെ നിരവധി വാഹനങ്ങൾ അവിടെ നിരന്നുകിടക്കുന്നു. പല ആവശ്യങ്ങളുമായി വന്നുപോകുന്ന ആളുകൾ, വയർലെസ് സെറ്റിലൂടെ മുഴങ്ങുന്ന സന്ദേശങ്ങൾ, ഉദ്യോഗസ്ഥരുടെ തിരക്കിട്ട ഓട്ടം. മനസ്സിൽ ചെറുതായി ഭയം തോന്നിക്കുന്ന ഒരു അന്തരീക്ഷം.
അശ്വിനെയും ആനിയെയും കണ്ടതും ഒരു പോലീസ് ഉദ്യോഗസ്ഥൻ അടുത്തുവന്നു.
“അശ്വിൻ ഭായ്… ആപ് ലോഗ് ഇധർ ആ ഗയേ? ഠീക് ഹൈ… ഉസ് കുർസി പർ ബൈഠിയേ.”
(അശ്വിൻ ഭായ്… നിങ്ങൾ ഇവിടെ എത്തിയോ? എന്നാൽ ആ കസേരയിൽ ഇരിക്കൂ.)
സംഭവിക്കുന്നത് ഒന്നും മനസ്സിലാകാതെ അമ്പരപ്പോടെ അശ്വിൻ ആനിയുടെ മുഖത്തേക്ക് നോക്കി.
ആനി : “ഇവർക്ക് നമ്മളെ എങ്ങനെ അറിയാം?”
അവിടെ നിന്ന് മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ അടുത്തുവന്നു പറഞ്ഞു.
“ആപ് ലോഗ്… ഇൻസ്‌പെക്ടർ സാഹബ് ബുലാ രഹേ ഹൈൻ.”
(നിങ്ങളെ ഇൻസ്‌പെക്ടർ സാർ വിളിക്കുന്നുണ്ട്.)
തെല്ലൊരു ഭയത്തോടെ അശ്വിനും ആനിയും ഇൻസ്‌പെക്ടറുടെ മുറിയിലേക്ക് നടന്നു. വാതിൽ തുറന്ന് അകത്തേക്ക് കയറിയതും ഇരുവരും അമ്പരന്ന് പരസ്പരം നോക്കി.
അശ്വിന്റെ വായിൽ അറിയാതെ വാക്കുകൾ വീണു.
അശ്വിൻ : “തുഷാറും സവാദും ഏജന്റിനെയും കൊണ്ട് പോയ ടാക്സി ഡ്രൈവർ… ഇൻസ്‌പെക്ടർ ആയിരുന്നോ?”
ഇൻസ്‌പെക്ടർ : “ക്യാ ഹുവ? കുച് സമജ് മേം നഹീം ആയാ? തുഷാർ… അപ്നി ഭാഷാ മേം ഇൻകോ സമ്ഝാവോ.”
(എന്തു പറ്റി? ഒന്നും മനസ്സിലായില്ല അല്ലേ? തുഷാർ… നിങ്ങളുടെ ഭാഷയിൽ ഇവർക്ക് മനസ്സിലാക്കി കൊടുക്കൂ.)
തുഷാർ ചിരിച്ചുകൊണ്ട് പറഞ്ഞു:
“നിനക്ക് ഈ പ്രശ്നം ഉണ്ടായ അന്നുതന്നെ ഞാൻ ഇൻസ്‌പെക്ടർ സാറിനെ വിളിച്ച് കാര്യം പറഞ്ഞിരുന്നു. സാറിന്റെ നിർദ്ദേശപ്രകാരമാണ് ഏജന്റിന് മെസേജ് അയച്ചത്.
തുഷാർ തൊട്ടടുത്ത് നിന്നിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെ ചൂണ്ടിക്കാട്ടി.
“ഇദ്ദേഹത്തെ ഓർക്കുന്നോ?”
അശ്വിൻ സൂക്ഷിച്ചുനോക്കിയതും പെട്ടെന്ന് ആനിയെ നോക്കി.
അശ്വിൻ : “ഇത്… നമ്മൾ ഭക്ഷണം കഴിച്ച ഹോട്ടലിലെ വെയിറ്റർ!”
ഇൻസ്‌പെക്ടർ മേശപ്പുറത്തിരുന്ന ഒരു ഫയൽ തുറന്ന് നിരവധി പരാതികൾ കാണിച്ചു.
ഇൻസ്‌പെക്ടർ : “യേ ദേഖോ… ഇസ് ആദ്മി കേ ഖിലാഫ് ഇത്നീ സാരീ ശികായതേൻ ഹൈൻ. ബഹുത് ലോഗോം കോ യേ ധോഖാ ദേ ചുകാ ഹൈ.”
(ഇത് കണ്ടോ, അവന്റെ പേരിൽ ഇത്രയും പരാതികൾ ഉണ്ട്. ഒരുപാട് ആളുകളെ ഇയാൾ ചതിച്ചിട്ടുണ്ട്.)
തുഷാർ : “ഇയാൾ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് പണം തട്ടിയിട്ടുണ്ട്. തെളിവുകൾ എല്ലാം ശേഖരിച്ച ശേഷമാണ് സാർ നടപടി സ്വീകരിച്ചത്.”
ഇൻസ്‌പെക്ടർ അശ്വിനെയും ആനിയെയും നോക്കി പറഞ്ഞു.
“ഏക് ബാത് ഹമേശാ യാദ് രഖ്നാ… സോഷ്യൽ മീഡിയ പർ നൗകരി കേ നാം പർ ധോഖാ ദേനേ വാലേ ബഹുത് ലോഗ് ഹൈൻ. കിസീ കോ ഭീ പൈസ ദേനേ സെ പഹ്ലേ അച്ച്ഛീ തരഹ് സെ സോച്-സമജ് കർ ഫൈസലാ കര്നാ.”
(ഒരു കാര്യം ഓർമ്മയിൽ സൂക്ഷിക്കുക. സോഷ്യൽ മീഡിയയിൽ ജോലിയുടെ പേരിൽ തട്ടിപ്പു നടത്തുന്ന ഒരുപാട് പേർ ഉണ്ട്. ആർക്കെങ്കിലും പൈസ കൊടുക്കുന്നതിന് മുൻപ് വ്യക്തമായി ആലോചിക്കണം.)
തുഷാർ : “കേട്ടില്ലേ സാർ പറഞ്ഞത്. ഇത്തവണ പണം തിരികെ കിട്ടി. പക്ഷേ എല്ലാ സമയത്തും ഇങ്ങനെ ഭാഗ്യം ഉണ്ടാകണമെന്നില്ല.”
അപ്പോഴാണ് അശ്വിന്റെ മനസ്സിലുണ്ടായിരുന്ന സംശയം പുറത്തുവന്നത്.
അശ്വിൻ : “സാർ… ഹോട്ടലിൽ വച്ച് തന്നെ അയാളെ അറസ്റ്റ് ചെയ്യാമായിരുന്നില്ലേ?”
ഇൻസ്‌പെക്ടർ പുഞ്ചിരിയോടെ മറുപടി പറഞ്ഞു.
“കർ സക്തേ തേ. ലേക്കിൻ ഹമാരാ പഹ്ലാ മക്സദ് തുമ്ഹാരാ പൈസ വാപ്പസ് ദിൽവാനാ താ. ഉസ്കേ ബാദ് ഉസ്കേ ഖിലാഫ് സാരേ സബൂത് ഔർ ശികായതേൻ ഏകഠ്ഠാ കർകെ ഹംനെ ഉസേ അറസ്റ്റ് കിയാ. വർണാ കാനൂൻ കീ കമിയോം കാ ഫായ്ദാ ഉഠാകർ വോ ഫിർ സെ ബച് സക്താ താ.”
(കഴിയുമായിരുന്നു. പക്ഷേ നിങ്ങളുടെ പണം ആദ്യം തിരികെ ലഭിക്കണമെന്നായിരുന്നു ഞങ്ങളുടെ തീരുമാനം. പണം തിരികെ നൽകിയതിന്റെ തെളിവും, ഇയാൾക്കെതിരെയുള്ള പരാതികളും ഒരുമിച്ച് ലഭിച്ചാൽ കേസ് കൂടുതൽ ശക്തമാകും. അല്ലാത്തപക്ഷം നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് വീണ്ടും രക്ഷപ്പെടാൻ അയാൾ ശ്രമിച്ചേനേ.)
നാലുപേരും ഇൻസ്‌പെക്ടറോട് നന്ദി പറഞ്ഞ് പുറത്തേക്കിറങ്ങി.
ആനിയുടെ കണ്ണുകൾ നിറഞ്ഞു.
ആനി : “ചേട്ടാ… ഈ സ്നേഹത്തിനും സഹായത്തിനും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.”
സവാദ് : “നന്ദിയൊന്നും വേണ്ട… മോനേ അശ്വിനേ, പോയി ഒരു IB വാങ്ങിക്കോ.”
അശ്വിൻ : “IBയോ? അതെന്ത് സാധനമാണ്?”
സവാദ് : എനിക്കല്ല ഈ തുഷാറിനാണ്.
തുഷാർ പൊട്ടിച്ചിരിച്ചു.
തുഷാർ :“എന്റെ പൊന്നു സവാദേ… നീ ഒന്ന് അടങ്ങ്. മോനേ അശ്വിനേ, അതൊരു മദ്യക്കുപ്പിയുടെ പേരാണ്.”
അശ്വിനും ചിരിച്ചുകൊണ്ട് പറഞ്ഞു.
അശ്വിൻ ചിരിച്ചുകൊണ്ട് :
“എനിക്ക് തോന്നിയിരുന്നു… നീ തൽക്കാലം ഒരു കട്ടൻചായ കുടിച്ചാൽ മതി. അവന്റെ ഒരു IB ആഘോഷം!”
തുഷാർ : “മക്കളേ… ഇപ്പോൾ ചെറിയൊരു ജോലി കിട്ടിയിട്ടുണ്ട്. പക്ഷേ അതിൽ തൃപ്തിപ്പെടരുത്. നിങ്ങൾ പഠിച്ചതിനും പ്രൊഫഷനും യോജിച്ച ഒരു നല്ല ജോലി കണ്ടെത്തണം.”
ആനി : “ചേട്ടാ… സോഷ്യൽ മീഡിയയിൽ ഒരുപാട് ജോലി ഒഴിവുകൾ കാണുന്നുണ്ട്. ഏതാണ് ശരി, ഏതാണ് തട്ടിപ്പ് എന്ന് മനസ്സിലാകുന്നില്ല. ഇനിയും ഇതുപോലൊരു ചതിയിൽപ്പെടാൻ വയ്യ.”
തുഷാർ പുഞ്ചിരിച്ചു.
തുഷാർ : “സോഷ്യൽ മീഡിയ എന്നാണ് ഉണ്ടായിരുന്നത്, ഇത് ഇല്ലാതിരുന്ന കാലത്തും ആളുകൾ ജോലി കണ്ടെത്തിയിരുന്നില്ലേ. ഈ ബോംബെയിൽ നൂറുകണക്കിന് കമ്പനികളുണ്ട്. നേരിട്ട് ഓഫീസുകളിൽ പോയി ജോലി ചോദിക്കൂ. അതിന് ഒരു മടിയും വേണ്ട. ആത്മവിശ്വാസത്തോടെ ശ്രമിച്ചാൽ അവസരങ്ങൾ നിങ്ങളെ തേടിയെത്തും.”
നേരം ഇരുട്ടിത്തുടങ്ങി. നഗരത്തിന്റെ വഴിവിളക്കുകൾ ഒന്നൊന്നായി തെളിഞ്ഞു. വഴിയോര കച്ചവടങ്ങളുടെ തിരക്കിനിടയിലൂടെ പുതിയ പ്രതീക്ഷകളും പുതിയ സ്വപ്നങ്ങളുമായി നാലുപേരും പതിയെ നടന്നു നീങ്ങി.
അവരുടെ സ്വപ്‌നങ്ങൾക്ക് ചിറകുമുളക്കാൻ മുംബൈ എന്ന മഹാനഗരം അവർക്കായി ഇനിയും എത്രയോ പരീക്ഷണങ്ങൾ കാത്തുവച്ചിരുന്നു…
തുടരും…