കഥയിലെ അനുഭൂതികളുടെ ധ്വനിസാന്ദ്രമായ സംഗീതം: ബുക് റിവ്യൂ ; കെ. ആര്‍. മോഹന്‍ദാസ്

Jul 27, 2026 - 11:34
Jul 27, 2026 - 15:57
 0  23
കഥയിലെ അനുഭൂതികളുടെ ധ്വനിസാന്ദ്രമായ സംഗീതം: ബുക് റിവ്യൂ ;   കെ. ആര്‍. മോഹന്‍ദാസ്
കിതച്ച് കിതച്ച് പിന്നാലെയെത്തുന്ന സ്നേഹങ്ങളുടെ നൊമ്പരത്തെക്കുറിച്ച് ബോബിയച്ചന്‍റെ ബാല്യകാലവിങ്ങലുണ്ട്. 
അർത്തുങ്കൽ പള്ളിയിൽ നേർച്ചയിടാനെത്തിയവര്‍ തൊട്ടടുത്തുള്ള സ്‌കൂൾവരാന്തയിൽ വല്ലാതെ മുഷിഞ്ഞു പോയ ഒരു സ്ത്രിയെ കണ്ടു. വീടുവിട്ട് ഇറങ്ങിപ്പോയ അവരെ ഏതാനും ദിവസങ്ങൾക്കു ശേഷം പള്ളിപ്പെരുന്നാളിൻ്റെ തിരക്കിനിടയിൽ വിട്ട് വിശ്വസിച്ചയാൾ അപ്രത്യക്ഷനായി. 
വീട്ടിലാക്കാം. എന്നു പറഞ്ഞ കരുണ വറ്റാത്ത മനസ്സുകളോട് അവര്‍ പറഞ്ഞു - 
വേണ്ട , ആരെങ്കിലും അന്വേഷിച്ചുവരുമോയെന്ന് നോക്കട്ടെ. കാത്തിരിക്കാം…
21 കഥകളടങ്ങിയ ലാലിമയുടെ ഏറ്റവും പുതിയ കഥാസമാഹാരം തുറക്കുമ്പോള്‍ എന്‍റെ മനസ്സില്‍ ഒരു നനവായിപ്പടര്‍ന്നതും ഒരു കാത്തിരിപ്പിന്‍റെ മൗനനൊമ്പരമാണ്. ജന്മാന്തരസന്ധ്യകളും ദലമര്‍മ്മരവും മിഴികളില്‍ ഈറനാവുന്നുണ്ട്. കിതച്ച് കിതച്ച് പിന്നാലെയെത്തുന്ന സ്നേഹത്തിനായി വേപഥുവോടെ കാത്തിരിക്കുന്നവര്‍.  ഈ കഥകള്‍ ഒരിക്കലും ആരവത്തോടെ അനുവാചകനെ നനയ്ക്കുന്നില്ല, വൈകിപ്പെയ്ത മഴപോലെ, ഹൃദയത്തിന്‍റെ മണ്ണിൽ മെല്ലെ  നനവ് പടർത്തുന്നു. 

സമയത്ത് പറയാതെ പോയ മൊഴിനനവുകളും,  സ്നേഹവും, വൈകിയെത്തിയ കരുതലും, ഹൃദയത്തിന്‍റെ അടിത്തട്ടിൽ മൗനമായി കിടന്ന നൊമ്പരങ്ങളും ലാലിമയുടെ കഥകളിലൂടെ പതിയെ വെളിച്ചം കാണുന്നു. ഓരോ കഥയും നഷ്ടപ്പെട്ടുപോയ ഒരു സ്നേഹത്തിന്‍റെ മടങ്ങിവരവും, മനുഷ്യഹൃദയത്തിന്‍റെ ഏറ്റവും മൃദുലമായ സ്പന്ദനങ്ങളിലേക്കുള്ള ഒരു ആത്മസഞ്ചാരവുമായി വായനക്കാരനെ ഒപ്പം കൊണ്ടുപോകുന്നു.
ദലമര്‍മ്മരം എന്ന കഥയിലെ ഹരിയും അമ്മുവും മനസ്സിന്‍റെ തീവ്രനൊമ്പരമാണ്. പ്രാണന്‍ വിട്ടുപോയ തന്നെ കാണാന്‍ എത്തുന്ന അമ്മുവിനോട് ഹരിയുടെ ആത്മവിലാപം- 
" അതെ..അതെ അമ്മൂ.. നിന്നെ സ്നേഹിച്ചു മതിയാവാതെ മടങ്ങിയ ഞാൻ ഒരു നക്ഷത്രമായി ആകാശച്ചെരുവിലലഞ്ഞിരുന്നു. വിദൂരത്ത് നിന്നെങ്കിലും നിന്നെ ഒന്ന് കാണാൻ, തെളിച്ച മില്ലാതെയിരുളിലിരുന്ന് ഞാൻ നിന്നെ. കാണുന്നുണ്ടായിരുന്നു.
“അമ്മൂ...ആ നക്ഷത്രം ഇന്ന് നിൻ്റെ കണ്ണിലെ തിളക്കമായി എനിക്ക് കാണാൻ കഴിയുന്നുണ്ട്. ആ തിളക്കത്തിൻ്റെ കഥ പറയാനല്ലേ നീ ഇന്ന് എന്നെ കാണാൻ വന്നത്? നിന്നിലേയ്ക്കടർന്നുവീണ ആ നക്ഷത്രം ഞാൻ തന്നെയായിരുന്നു. ഒരിക്കലും നിന്നെ സ്നേഹിച്ചു കൊതി തീരാതെ മടങ്ങിയ ഞാൻ തിളക്കമുള്ള നക്ഷത്രമായി നിൻ്റെ കണ്ണുകളിൽ തെളിയും...ഇനിയെന്നും.."
മിണ്ടിപ്പറയുന്നതിൻ്റെ പൊരുളടക്കമാണ് ലാലിമയുടെ കഥകള്‍ എന്ന് അവതാരിക എഴുതിയ ഡോ. മുഞ്ഞിനാട് പത്മകുമാര്‍സാറിന്‍റെ നിരീക്ഷണത്തിന് അടിവരയിടുന്നു. അദ്ദേഹത്തിന്‍റെ വാക്കുകള്‍ -
‘’അവൾ അവളോട് തന്നെയാണ് എല്ലാം തുറന്നു പറയുന്നത്.. തേങ്ങുന്നത്. കണ്ണുകൾ തുടയ്ക്കുന്നത്, ആത്മനിർവൃതിയോളമെത്തുന്നത്. ഉള്ളിൽ തപിച്ചിരിക്കുന്ന എന്തോ ഒന്നിൻ്റെ ഉയിർപ്പാണ് ഓരോ കഥയുടെയും പ്രാണൻ. അത് ആദ്യന്തം ലാലിമയുടെ കഥകളെ തീക്ഷ്‌ണ വ്യക്തിത്വമുള്ള ഒരു അനുഭവമാക്കി മാറ്റുന്നു.’’

ലാലിമയുടെ കഥകളിലെ അനുഭൂതികളുടെ ധ്വനിസാന്ദ്രമായ സംഗീതത്തെ മുഞ്ഞിനാട് സാര്‍ തന്‍റെ മനോഹരമായ അവതാരികയില്‍ ആര്‍ദ്രതയോടെ സ്പര്‍ശിക്കുന്നുണ്ട്-
'കഴിഞ്ഞ ജന്മത്തിൽ ഗൗതം എൻ്റെ ആരായിരുന്നു?'
'ജന്മാന്തര സന്ധ്യകൾ' എന്ന കഥയിൽ ഗൗതമിനെ നോക്കിയിരിക്കുമ്പോൾ ഗൗരി അയാളോട് ചോദിക്കുന്ന ഈ ചോദ്യത്തിനുള്ളിൽ മുജ്ജന്മബന്ധത്തിൻ്റെ ഒരു ഉൾത്തുടുപ്പ്, പ്രണയമായി, പുണ്യമായി, ചിറകുകളില്ലാത്ത സ്വപ്‌നമായി മാറുന്നത് കാണാം..
കാർത്തികവിളക്ക് എന്ന കഥയിൽ രവി തിരയുന്ന പെൺപുവായ ഗായത്രിയുടെ ആത്മഗതങ്ങളിൽ കത്തിച്ചുവച്ച വെളിച്ചത്തിന്‍റെ പ്രഭ എരിഞ്ഞു കത്തുന്നത് വായനക്കാരന്‍റെ മനസ്സിനെ ഉന്മത്തമാ ക്കുന്നത് കാണാം.
'അസ്‌മിത'യിലും, 'ഒരു പായസ കഥ'യിലും, വാടകവീട് തേടുന്നവരിലും, പുനർജന്മത്തിലും ഇത്തരം അനുഭൂതികളുടെ ധ്വനിസാന്ദ്രമായ സംഗീതമുണ്ട്. അത് പല കാലങ്ങളിലായി കൽപ്പിച്ചു പോയ ആത്മവേദനയെ മഞ്ഞുപോലെ അലിയിച്ച് കളയുന്ന ജീവിത മുഹൂർത്തങ്ങൾ തന്നെയാണ്. കഥ ഹൃദയത്തിന്‍റെ ഏറ്റവും ആഴത്തിലുള്ള മുറിവുകളെ നിശ്ശബ്ദമായി തൊടുകയാണ് ചെയ്യുന്നത്. 
ലാലിമയുടെ കഥാഭാഷയെക്കുറിച്ചൊരു വാക്കു പറയാതെ ഇതു പൂര്‍ണ്ണമാവില്ല. അഗാധമായൊരു സ്നേഹ സ്‌പർശത്തിൻ്റെ ഭാഷയിലാണ് ലാലിമ കഥയെഴുതുന്നത്. നൊന്തുനൊന്ത് ഉള്ളിൽ പണിതുയർത്തിയ സാലഭഞ്ജികകൾ പോലെയാണ് ലാലിമയുടെ കഥകൾ.
കാറ്റിൽ മൃദുവായി ഉലയുന്ന ഇലകള്‍ പൊഴിക്കുന്ന മർമ്മരം പോലെയാണ് ഈ കഥകളുടെ ഹൃദയമിടിപ്പ്. അതില്‍ ജീവിതത്തിന്‍റെ പറയാതെ വിട്ടു പോയ വേദനകളുണ്ട്. ഓരോ കഥയും ആത്മാവിൽ പതിഞ്ഞ ഒരു തേങ്ങലിനെ ഉണർത്തുന്നു. 
പ്രസാധകര്‍ - ഐവറിബുക്സ് തൃശ്ശൂര്‍, വില - 160 രൂപ