142 മില്യൺ ഡോളറിന്റെ മെഡികെയർ തട്ടിപ്പ് കേസ്; ഹൂസ്റ്റൺ സ്വദേശിനി FBIയുടെ മോസ്റ്റ് വാണ്ടഡ് ഫ്രഡ്‌ റ്റെർസ് പട്ടികയിൽ

Jun 24, 2026 - 18:51
Jun 24, 2026 - 18:52
 0  4
142 മില്യൺ ഡോളറിന്റെ മെഡികെയർ തട്ടിപ്പ് കേസ്; ഹൂസ്റ്റൺ സ്വദേശിനി FBIയുടെ മോസ്റ്റ് വാണ്ടഡ് ഫ്രഡ്‌ റ്റെർസ് പട്ടികയിൽ

 പ്രസാദ്  തീയാടിക്കൽ

ഹൂസ്റ്റൺ: മെഡികെയർ പദ്ധതിയിൽ കോടിക്കണക്കിന് ഡോളറിന്റെ തട്ടിപ്പ് നടത്തിയെന്നാരോപിക്കപ്പെടുന്ന ഹൂസ്റ്റൺ സ്വദേശിനി എമിലി തായിയെ (Emylee Thai) FBIയുടെ " മോസ്റ്റ് വാണ്ടഡ് ഫ്രഡ് റ്റെർസ്" പട്ടികയിൽ ഉൾപ്പെടുത്തി. ഇവരെ പിടികൂടാൻ സഹായിക്കുന്ന വിവരങ്ങൾക്ക് 150,000 ഡോളർ വരെ പാരിതോഷികം പ്രഖ്യാപിച്ചതായി അധികൃതർ അറിയിച്ചു.

ഫെഡറൽ അന്വേഷണ ഏജൻസികളുടെ വിവരമനുസരിച്ച്, തായ് നിയന്ത്രിച്ചിരുന്ന ലബോറട്ടറി മെഡികെയറിന് ഏകദേശം 142 മില്യൺ ഡോളറിന്റെ ജനിതക പരിശോധനാ (GeneticTesting) ബില്ലുകൾ സമർപ്പിക്കുകയും, അതിൽ നിന്ന് ഏകദേശം 95 മില്യൺ ഡോളർ തിരിച്ചുപിടിക്കുകയും ചെയ്തതായി ആരോപണമുണ്ട്. പരിശോധനകളിൽ പലതും മെഡിക്കൽ ആവശ്യകതയില്ലാത്തവയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.

ആരോഗ്യപരിചരണ തട്ടിപ്പ്, ഗൂഢാലോചന, കിക്ക്ബാക്ക് ഇടപാടുകൾ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ, വിചാരണ കാത്തിരിക്കുമ്പോൾ തായ് തന്റെ GPS ആങ്കിൾ മോണിറ്റർ നീക്കം ചെയ്ത് വ്യാജ തിരിച്ചറിയൽ ഉപയോഗിച്ച് രാജ്യം വിട്ടതായി FBI ആരോപിക്കുന്നു. പിന്നീട് അവർ വിയറ്റ്നാമിലേക്ക് കടന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

നിലവിൽ തായിയെ കണ്ടെത്തുന്നതിനായി രാജ്യാന്തര തലത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് FBI അറിയിച്ചു. പ്രതിയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ കൈമാറുന്നവർക്ക് 150,000 ഡോളർ വരെ പാരിതോഷികം നൽകുമെന്നും അധികൃതർ വ്യക്തമാക്കി.

കേസിൽ കുറ്റം തെളിയുന്നതുവരെ എമിലി തായ് നിയമപരമായി കുറ്റാരോപിത മാത്രമാണെന്നും FBI ഓർമ്മിപ്പിച്ചു.