എണ്ണക്കപ്പൽ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധമറിയിച്ച് ഇന്ത്യ
ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിൽ അപലപിച്ച് വിദേശകാര്യമന്ത്രാലയം. ഇന്ത്യാക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ഇറാൻ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ഇത്തരം ആക്രമണം അംഗീകരിക്കില്ലെന്ന് ഇന്ത്യ അറിയിച്ചു. അതേസമയം യുഎഇ എണ്ണ കപ്പലുകൾക്ക് (ടാങ്കറുകൾ) നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ആക്രമണത്തിൽ പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ‘എംടി അൽ ബഹിയ’, ‘എംടി മൊംബാസ’ എന്നീ രണ്ട് കപ്പലുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇവിടങ്ങളിൽ ജീവനക്കാരായി ഉണ്ടായിരുന്ന 46 പേരിൽ 30 പേരും ഇന്ത്യൻ നാവികരായിരുന്നു. കൊല്ലപ്പെട്ട നാവികൻ ‘അൽ ബഹിയ’ എന്ന ടാങ്കറിലെ ജീവനക്കാരനാണ്. സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ ഇന്ത്യ, ദില്ലിയിലെ ഇറാൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിപ്പിച്ചുവരുത്തി കടുത്ത അമർഷം അറിയിച്ചു.
സാധാരണക്കാരായ നാവികർക്ക് നേരെയുള്ള അതിക്രമങ്ങളും അന്താരാഷ്ട്ര സമുദ്രപാതകളിലെ സുരക്ഷിതമായ കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുന്ന നീക്കങ്ങളും അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കി