ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ വെടിവെപ്പ്; 10 മരണം, ആക്രമണം ജൂതരുടെ ആഘോഷപരിപാടിക്കിടെ
സിഡ്നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ടു. സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന ഹനുക്കാഹ് എന്ന ജൂതമത ആഘോഷത്തോടനുബന്ധിച്ച പരിപാടിക്കിടെയാണ് സംഭവം. എട്ട് ദിവസം നീണ്ടുനിൽക്കുന്ന ഈ ആഘോഷത്തിനിടെയാണ് രണ്ട് തോക്കുധാരികൾ ചേർന്ന് ആക്രമണം നടത്തിയത്.
പ്രാദേശിക സമയം ഉച്ചയ്ക്ക് 2.17ന് ആയിരുന്നു ആക്രമണം. അക്രമികൾ ഏകദേശം 50 തവണ വെടിയുതിർത്തതായാണ് റിപ്പോർട്ട്. കൊല്ലപ്പെട്ട 10 പേരിൽ ഒരാൾ വെടിവെപ്പ് നടത്തിയ അക്രമികളിൽ ഒരാളാണെന്ന് അധികൃതർ അറിയിച്ചു. 18 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ രണ്ട് പോലീസുദ്യോഗസ്ഥരും ഉൾപ്പെടുന്നു.
ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ളവരിൽ ഒരാളുടെ നില ഗുരുതരമാണ്. ആക്രമണം ഞെട്ടിക്കുന്നതാണെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനിസ് പറഞ്ഞു. സംഭവത്തിൽ ഓസ്‌ട്രേലിയൻ സർക്കാരിനെതിരെ ഇസ്രയേൽ രംഗത്തെത്തി. ഇത് ജൂതന്മാരെ ലക്ഷ്യം വെച്ചുള്ള ആക്രമണമാണെന്നും, ആക്രമണത്തെക്കുറിച്ച് ലഭിച്ച മുന്നറിയിപ്പുകൾ ഓസ്‌ട്രേലിയൻ ഭരണകൂടം അവഗണിച്ചെന്നും ഇസ്രയേൽ കുറ്റപ്പെടുത്തി.