പൾസർ സുനിക്ക് തിരിച്ചടി; ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പൾസർ സുനിക്ക് തിരിച്ചടി. വിചാരണ കോടതിയുടെ ശിക്ഷാ വിധി മരവിപ്പിക്കണമെന്ന സുനിയുടെ ആവശ്യം ഡിവിഷൻ ബെഞ്ച് തള്ളി. നടിയുടെയും പ്രോസിക്യൂഷന്റെയും വാദം കണക്കിലെടുത്താണ് ജസ്റ്റിസ് രാജാ വിജയ രാഘവൻ അധ്യക്ഷനായ ബെഞ്ചിൻ്റെ ഉത്തരവ്.
ഹീനമായ കുറ്റകൃത്യമാണ് നടന്നതെന്നും ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തിയിട്ടുണ്ടെന്നും നടി കോടതിയില്‍ ചൂണ്ടിക്കാട്ടി. പ്രതികളുടെ ശിക്ഷ മരവിപ്പിക്കരുതെന്ന് പ്രോസിക്യൂഷനും കോടതിയില്‍ ആവശ്യപ്പെട്ടു. ശിക്ഷ വര്‍ധിപ്പിക്കണമെന്ന അപ്പീല്‍ കോടതിയുടെ പരിഗണനയിലാണെന്നും പള്‍സര്‍ സുനി കൊടും ക്രിമിനലാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
സുപ്രീം കോടതി ജാമ്യം അനുവദിച്ച് ഒരു മാസം തികയും മുമ്പ് പള്‍സര്‍ സുനി വീണ്ടും കേസില്‍ പ്രതിയായെന്നും സുനി സ്ഥിരം കുറ്റവാളിയാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ശിക്ഷ മരവിപ്പിക്കാന്‍ മതിയായ കാരണങ്ങൾ ഹർജിക്കാരന് ചൂണ്ടിക്കാട്ടാനായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു