ബഹിരാകാശ നിലയത്തിലേക്ക് കുതിച്ചുയർന്ന് മലയാളി അനിൽ മേനോനും സംഘവും
ന്യൂയോർക്ക്: ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ 'മലയാളിയായി നാസ യാത്രികൻ അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക്. ചൊവ്വാഴ്ച ഇന്ത്യൻ സമയം രാത്രി 8.17ന് കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്മോഡ്രോമിൽ നിന്ന് റഷ്യൻ ബഹിരാകാശ ഏജൻസി റോസ്മൊകോസിന്‍റെ സോയുസ് എംഎസ് 29 എന്ന റോക്കറ്റിൽ മേനോനും സംഘവും യാത്ര തിരിച്ചു. ഇനിയുള്ള എട്ടു മാസം ബഹിരാകാശ നിലയത്തിലാണ് നാൽപ്പത്തൊമ്പതുകാരൻ അനിൽ മേനോൻ കഴിയുക.
എമർജൻസി മെഡിസിൻ ഫിസിഷ്യനും യുഎസ് സ്പെയ്സ് ഫോഴ്‌സ് കേണലുമാണ് അനിൽ മേനോൻ. പ്യോട്ടർ ഡുബ്രോവ്, അന്ന കികിന എന്നിവർക്കൊപ്പമായിരുന്നു മേനോന്‍റെ യാത്ര. സുനിത വില്യംസ്, രാജ ചാരി, ശുഭാംശു ശുക്ല എന്നിവർക്കുശേഷം ബഹിരാകാശ നിലയിൽ എത്തുന്ന ആദ്യ ഇന്ത്യൻ വംശജനാണ് ഒറ്റപ്പാലത്ത് കുടുംബ വേരുകളുള്ള അനിൽ മേനോൻ.
ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ഭാവി ദൗത്യങ്ങൾക്ക് മനുഷ്യരെ സജ്ജമാക്കുന്നതിനുള്ള മെഡിക്കൽ പരീക്ഷണങ്ങളുടെ ഭാഗമായാണ് അനിൽ മേനോന്‍റെയും സംഘത്തിന്‍റെയും യാത്ര. നിലയത്തിൽ നാസയുടെ ജെസീക്ക മെയർ, ജാക്ക് ഹഥാവെ, ക്രിസ് വില്യംസ്, യൂറോപ്യൻ സ്പെയ്സ് ഏജൻസിയുടെ സോഫി അഡിനോട്ട്, റോസ്മൊകോസിന്‍റെ സെർജി കുഡ് സ്വർഷ്കോവ്, സെർജി മിഖായേവ്, ആന്ദ്ര ഫെഡയേവ് എന്നിവർക്കൊപ്പം ഇവർ ചേർന്നു.