സൗദിയിലെ ദമാമിൽ വാഹനാപകടം: രണ്ട് മലയാളികൾ മരിച്ചു

Jun 28, 2026 - 19:57
Jun 28, 2026 - 19:59
 0  2
സൗദിയിലെ ദമാമിൽ വാഹനാപകടം: രണ്ട് മലയാളികൾ മരിച്ചു
പ്രസാദ്  തീയാടിക്കൽ   

സൗദി അറേബ്യ: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയായ ദമാമിൽ ഉണ്ടായ ദാരുണ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ തലശ്ശേരി മണോലി സ്വദേശിയായ സജീം (45), കണ്ണൂർ ചെറുകുന്ന് സ്വദേശിയായ ശ്രീലേഷ് (42) എന്നിവരാണ് മരിച്ചത്. അപകടം ശനിയാഴ്ച രാത്രി ദഹ്റാൻ–ജുബൈൽ ഹൈവേയിൽ ഖത്വീഫ് സെൻട്രൽ ആശുപത്രിക്ക് സമീപമാണ് ഉണ്ടായത്.

റാസ് തനൂറയിൽ നിന്ന് ദമാമിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഇവർ സഞ്ചരിച്ച കാറിലേക്ക് ഒരു സ്വദേശി യുവാവ് ഓടിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് ഇടിച്ചുകയറിയതായാണ് പ്രാഥമിക വിവരം. ശക്തമായ ഇടിയുടെ ആഘാതത്തിൽ കാർ പലതവണ മറിഞ്ഞ് റോഡരികിലെ താഴ്ചയിലേക്ക് പതിച്ചു.

അപകടത്തിൽ സജീം സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ശ്രീലേഷിനെ ഖത്വീഫ് സെൻട്രൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങി. ഇരുവരുടെയും മൃതദേഹങ്ങൾ നിലവിൽ ഖത്വീഫ് സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പുരോഗമിക്കുകയാണ്.

ശ്രീലേഷ് ദമാമിൽ ബിസിനസ് നടത്തുന്ന സജീമിന്റെ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു. രാത്രി വൈകിയും ഇരുവരും താമസസ്ഥലത്ത് തിരിച്ചെത്താതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ നടത്തിയ അന്വേഷണത്തിലാണ് അപകടവിവരം പുറത്തറിയുന്നത്.