ലീലാമ്മ തോമസ്, ബോട്സ്വാന
പ്രിയപ്പെട്ട കാടേ,
നിന്റെ നെഞ്ചിലേക്ക് ഞാൻ ആദ്യമായി ചുവടുവെച്ച ആ രാത്രിയിൽ, അകലെ കാട്ടുചെന്നായ്ക്കൾ ചന്ദ്രനെ നോക്കി ഓരിയിടുകയായിരുന്നു. അന്ന് ആ ചന്ദ്രൻ പതിവിലും കൂടുതൽ പ്രകാശത്തോടെ, നീ ഒരുക്കിയ മടിത്തട്ടിലേക്ക് എന്നെ ചേർത്തുപിടിച്ചു. ഭയം തോന്നേണ്ട സമയത്ത് തന്നെ, നീ എനിക്ക് അഭയം തന്നു.
ഇലകളുടെ മർമ്മരങ്ങൾ എന്റെ തോളിൽ തൊട്ടുരുമ്മി കടന്നുപോയി. നീ മാത്രം സൂക്ഷിക്കുന്ന രഹസ്യങ്ങൾ ഉപ്പുകാറ്റ് എന്റെ കാതുകളിൽ മന്ത്രിച്ചു. അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്
ഇതാണ് നിന്റെ സംഗീതം. ഇത് ഭയത്തിന്റെ ശബ്ദമല്ല; മനുഷ്യനും പ്രകൃതിയും വാക്കുകളില്ലാതെ ഒപ്പുവെക്കുന്ന ആഴമേറിയ ഒരു ഉടമ്പടിയുടെ താളമാണ്.
നിനക്കിടയിലൂടെ നടക്കുമ്പോൾ നാലുപാടും പരിഭ്രമത്തോടെ നോക്കേണ്ടതില്ലെന്ന് നീ എന്നെ പഠിപ്പിച്ചു. ജാഗ്രതയും വിശ്വാസവും മാത്രം മതിയെന്ന് ഞാൻ മനസ്സിലാക്കി. വായുവിലെ ഉപ്പുരസത്തിനൊപ്പം നിന്റെ ശ്വാസവും ചിരിയും കലർന്നിരിക്കുന്നു. അതുകൊണ്ടാകാം, നിന്റെ വന്യതയിൽ ഒരു നിമിഷം പോലും എനിക്ക് ഏകാന്തത തോന്നിയിട്ടില്ല.
ചന്ദ്രൻ നിന്റെ വിളക്കായി, വഴികാട്ടിയും കാവൽക്കാരനുമായി നിശബ്ദമായി എനിക്കൊപ്പം നടക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. നിന്റെ ചെന്നായ്ക്കൾ ശത്രുക്കളല്ല, മറിച്ച് നിന്റെ ആത്മാവിനെ കാക്കുന്ന മൗനസേവകരാണെന്ന് നീ എനിക്ക് കാട്ടിത്തന്നു.
മഴ പെയ്ത് ഇലകളെ കഴുകി നിന്നെ ശാന്തമാക്കുമ്പോൾ, എന്റെ ഉള്ളിലെ കുരുക്കുകളും ഒന്നൊന്നായി അഴിഞ്ഞുവീഴുന്നു. ഭയത്തിൽ നിന്നു ഭാവനയിലേക്കുള്ള എന്റെ വഴുതി വീഴൽ, നിന്റെ സുരക്ഷിതമായ കരുതലിലേക്കായിരുന്നു. കാട്ടുപാതകളിൽ എവിടെയോ ഒരു നിസ്സാര ഭയം മനസ്സിനെ തൊടുമ്പോൾ, ആരോ എന്നെ നോക്കുന്നുണ്ടെന്ന തോന്നൽ ഉണരുമ്പോൾ, നീ തന്ന മന്ത്രം ഞാൻ ഉരുവിടും—
ഈ കാടിന്റെ മടിത്തട്ടിൽ നമ്മൾ പൂർണ്ണ സുരക്ഷിതരാണ്.
ആ നിമിഷം ഭയം പിന്മാറുന്നു. മൗനം വേരുറയ്ക്കുന്നു. പ്രകൃതിയുടെ ഓരോ സ്പന്ദനവും എന്റെ ഹൃദയത്തിലേക്ക് പടരുന്നു. ഇലകളുടെ ശ്രൂ… ശ്രൂ… എന്ന മന്ത്രണം പഞ്ചേന്ദ്രിയങ്ങളെ ഉണർത്തുന്ന നിന്റെ നിശബ്ദ പ്രാർത്ഥനയായി മാറുന്നു.
ഭൂമിമാതാവിനോട് ചേർന്നുനിൽക്കാൻ നീ എന്നെ പഠിപ്പിച്ചു. ഇലകൾക്കിടയിൽ ഒളിച്ചിരിക്കുന്ന കുഞ്ഞുജീവികളെ നോവിക്കാതെ നടക്കാനും, പഴുത്തുവീണ ബുഷ് ആപ്പിളുകളെപ്പോലെ ജീവിതത്തിലെ സൗന്ദര്യങ്ങളെ ആദരവോടെ സമീപിക്കാനും നീ പറഞ്ഞു. നിനക്കിടയിലെ ഓരോ ചുവടും ഒരു ബഹുമാനപ്രഖ്യാപനമാണ്, സ്നേഹത്തിന്റെ സാക്ഷ്യമാണ്.
പടുകൂറ്റൻ മരങ്ങൾ തമ്മിൽ രഹസ്യങ്ങൾ കൈമാറുന്നതും, പക്ഷികളും തേനീച്ചകളും അവരവരുടെ താളത്തിൽ ജീവിക്കുന്നതും വിസ്മയത്തോടെ ഞാൻ നോക്കിനിന്നിട്ടുണ്ട്. നിന്റെ ഗാംഭീര്യം തിരിച്ചറിയുന്നവർക്ക് നീ വെറുമൊരു യാത്രയല്ല; സ്വന്തം ഉള്ളിലേക്കുള്ള ഒരു മടക്കയാത്രയാണ്.
കാടേ, നീ ഒരു അത്ഭുതമാണ്.
ഞാൻ നിന്നെ പ്രണയിക്കുമ്പോൾ, നീ എന്നെ സംരക്ഷിക്കുന്നുവെന്ന് ഞാൻ അറിയുന്നു.
ഇത് നിനക്കായി ഞാൻ കുറിക്കുന്ന പ്രണയലേഖനം.
എന്ന്
ലീലാമ്മ തോമസ്, ബോട്സ്വാന
ഈ സ്നേഹം അദ്വിതീയമാണ്!