കെ.ബി. ഗണേഷ് കുമാർ എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്നും പുറത്ത്. ഇദ്ദേഹത്തിന്റെ അംഗത്വം പുതുക്കി നൽകിയില്ല. അതേസമയം, അദ്ദേഹത്തിന്റേത് ഒഴികെ മറ്റ് എട്ട് പേരുടെ അംഗത്വം പുതുക്കി നൽകിയതായാണ് വിവരം.
പത്തനാപുരം താലൂക്ക് യൂണിയന്റെ പിന്തുണ ലഭിക്കാത്തതാണ് ഗണേഷ് കുമാറിന്റെ അംഗത്വം പുതുക്കാതിരിക്കാൻ പ്രധാന കാരണമായതെന്നാണ് വിവരം. തെരഞ്ഞെടുപ്പ് കാലത്തുതന്നെ താലൂക്ക് യൂണിയനുമായി അദ്ദേഹത്തിന് അഭിപ്രായവ്യത്യാസങ്ങളും ഏറ്റുമുട്ടലുകളും ഉണ്ടായിരുന്നതായും പറയുന്നു.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗണേഷ് പ്രസിഡന്റായിരുന്ന പത്തനാപുരം താലൂക്ക് എൻഎസ്എസ് യൂണിയൻ ഭൂരിപക്ഷം അംഗങ്ങൾ സമർപ്പിച്ച രാജി അംഗീകരിച്ച് പിരിച്ചുവിട്ടിരുന്നു.
യൂണിയന്റെ ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായി മുതിർന്ന കമ്മിറ്റി അംഗമായ കെ. തങ്കപ്പൻ പിള്ളയെ ചെയർമാനാക്കി ഒരു ഇടക്കാല അഡ്‌ഹോക് കമ്മിറ്റിയേയും നിയമിച്ചു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എടുത്ത ഈ തീരുമാനം ഗണേഷിന് വലിയ രാഷ്ട്രീയ തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു.