ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠര് രാജീവര് അറസ്റ്റില്‍

Jan 9, 2026 - 09:58
Jan 9, 2026 - 10:05
 0  15
ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠര് രാജീവര് അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ. കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് തന്ത്രിയെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റു ചെയ്തത്. തന്ത്രി നൽകിയ അനുമതികളിൽ സംശയം തോന്നിയതിനെ തുടർന്നാണ് നടപടി എന്നാണ് റിപ്പോർട്ട്. 

കണ്ഠരര് രാജീവര്‍ക്കെതിരെ റിമാന്‍ഡിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാർ എസ്ഐടിക്ക് മുന്നിൽ മൊഴി നൽകിയിരുന്നു. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചതും തനിക്ക് പരിചയപ്പെടുത്തിയതും തന്ത്രിയാണെന്നായിരുന്നു പത്മകുമാര്‍ എസ്‌ഐടിക്ക് മൊഴി നല്‍കിയത്.

പാളികള്‍ ചെന്നൈയിലേക്ക് കൊടുത്തുവിടാന്‍ തന്ത്രിമാര്‍ അനുമതി നല്‍കിയെന്നും തന്ത്രികൊണ്ടുവന്നതിനാല്‍ പോറ്റിയെ വിശ്വസിച്ചതെന്നുമാണ് എ പത്മകുമാർ മൊഴി നല്‍കിയത്. അതേസമയം സ്വര്‍ണ്ണപാളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കിയിട്ടില്ലെന്നായിരുന്നു കണ്ഠരര് രാജീവര്‍ മൊഴി നല്‍കിയത് എന്നും റിപ്പോർട്ടുണ്ട്.

സ്വര്‍ണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രി കണ്ഠര് രാജീവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു.തന്ത്രി നല്‍കിയ അനുമതികളില്‍ മൂന്നെണ്ണം സംശയത്തിന്റെ നിഴലിലാണെനും റിപ്പോര്‍ട്ടുണ്ട്.

 ്ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശബരിമലയില്‍ വഴിവിട്ട ഇടപെടലിന് തുണയായത് തന്ത്രി കണ്ഠര് രാജീവരുമായുള്ള ബന്ധമാണെന്നാണ് എസ്ഐടിയുടെ നിഗമനം. 

അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസ് രജിസ്റ്റർ ചെയ്തു. ഇസിഐആർ രജിസ്റ്റർ ചെയ്തു. കള്ളപ്പണം തടയൽ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഇഡി ജോയിന്റ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല. ഒറ്റ കേസ് ആയിട്ടായിരിക്കും അന്വേഷണം നടക്കുക. ക്രൈംബ്രാഞ്ച് എഫ്‌ഐആറിൽ ഉള്ള മുഴുവൻ പേരെയും പ്രതികളാക്കിക്കൊണ്ടാണ് ഇഡി അന്വേഷണം നടക്കുക.

ശബരിമല സ്വർണക്കൊള്ള കേസിൽ ഇഡി അന്വേഷണം തുടങ്ങുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.