ആധാർ സേവനങ്ങൾക്ക് 'ഉദയ്'; ഔദ്യോഗിക ചിഹ്നം രൂപകൽപ്പന ചെയ്തത് മലയാളി

Jan 9, 2026 - 12:27
 0  10
ആധാർ സേവനങ്ങൾക്ക്  'ഉദയ്'; ഔദ്യോഗിക ചിഹ്നം രൂപകൽപ്പന ചെയ്തത് മലയാളി

തിരുവനന്തപുരം: ആധാർ സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് ലളിതമായി കാര്യങ്ങൾ വിശദീകരിച്ചു നൽകുന്നതിനായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) പുതിയ ഔദ്യോഗിക ചിഹ്നത്തെ പുറത്തിറക്കി.

'ഉദയ്' (Udai) എന്നാണ് ഈ പുതിയ കമ്മ്യൂണിക്കേഷൻ കമ്പാനിയന് പേരിട്ടിരിക്കുന്നത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ യുഐഡിഎഐ ചെയർമാൻ നീലകണ്ഠ് മിശ്ര ഈ ഔദ്യോഗിക ചിഹ്നം അനാവരണം ചെയ്യുകയും മത്സരവിജയികളെ ആദരിക്കുകയും ചെയ്തു. ആധാർ സേവനങ്ങളെ കൂടുതൽ ജനകീയമാക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി.

തൃശ്ശൂർ സ്വദേശിയായ അരുൺ ഗോകുലാണ് 'ഉദയ്' എന്ന ഈ ചിഹ്നം രൂപകൽപ്പന ചെയ്തത്. മൈ ഗവ് (MyGov) പ്ലാറ്റ്‌ഫോം വഴി നടത്തിയ ദേശീയതല മത്സരത്തിൽ ലഭിച്ച 875 എൻട്രികളിൽ നിന്നാണ് അരുൺ ഗോകുലിന്റെ ഡിസൈൻ ഒന്നാം സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ചിഹ്നത്തിന് പേരിടാനുള്ള മത്സരത്തിൽ ഭോപ്പാൽ സ്വദേശിനി റിയ ജെയിൻ ഒന്നാം സ്ഥാനം നേടി. ആധാർ അപ്ഡേറ്റുകൾ, ഓതന്‍റിക്കേഷൻ, ഓഫ്‌ലൈൻ വെരിഫിക്കേഷൻ, വിവരങ്ങൾ സുരക്ഷിതമായി പങ്കിടൽ, പുതിയ സാങ്കേതിക വിദ്യകളുടെ അവലംബം, ആധാറിന്റെ ഉത്തരവാദിത്തപരമായ ഉപയോഗം തുടങ്ങിയ കാര്യങ്ങൾ സാധാരണക്കാർക്ക് ലളിതമായി മനസ്സിലാക്കിക്കൊടുക്കാൻ ഈ ചിഹ്നം സഹായിക്കും.

ഡിസൈൻ മത്സരത്തിൽ പൂനെയിൽ നിന്നുള്ള ഇദ്രിസ് ദവായ്വാല രണ്ടാം സ്ഥാനവും ഉത്തർപ്രദേശിലെ ഗാസിപുരിൽ നിന്നുള്ള കൃഷ്ണ ശർമ്മ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പേരിടൽ മത്സരത്തിൽ ഇദ്രിസ് ദവായ്വാല രണ്ടാം സ്ഥാനവും ഹൈദരാബാദിൽ നിന്നുള്ള മഹാരാജ് ശരൺ ചെല്ലപ്പിള്ള മൂന്നാം സ്ഥാനവും നേടി.