ആറര വർഷമായി രാജി സ്വീകരിക്കുന്നില്ല: തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരം നഷ്ടമായി ; കേന്ദ്രസര്‍ക്കാരിനെതിരെ കണ്ണൻ ഗോപിനാഥൻ
തിരുവനന്തപുരം: ആറര വർഷം കഴിഞ്ഞിട്ടും രാജി സ്വീകരിക്കാത്തതിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ. ഐഎഎസ് പദവി രാജിവെച്ചത് കേന്ദ്രം സ്വീകരിക്കുന്നില്ലെന്നും ഇത് കാരണം തനിക്ക് കേരളത്തിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായില്ലെന്നും കണ്ണൻ ഗോപിനാഥൻ പറഞ്ഞു. സമൂഹമാധ്യമത്തിലാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്.
രാജിയുമായി ബന്ധപ്പെട്ട നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശപ്പെടുകയും ചെയ്‌തു. ആറര വർഷമായിട്ടും രാജി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് കണ്ണൻ ഗോപിനാഥൻ വിടുതൽ ആവശ്യപ്പെട്ട് രംഗത്ത് എത്തിയത്.
ജമ്മു കശ്‌മീർ കേന്ദ്രഭരണ പ്രദേശമാക്കുന്നതിന് എതിരെ ശബ്‌ദമുയർത്തിയ ഉദ്യോഗസ്ഥൻ കൂടിയാണ് കണ്ണൻ ഗോപിനാഥൻ. കഴിഞ്ഞ വർഷം ഒക്‌ടോബറിലാണ് അദ്ദേഹം കോൺഗ്രസിൽ അംഗത്വം സ്വീകരിച്ചത്.
ആവിഷ്‌കാര സ്വാതന്ത്ര്യം നിഷേധിച്ചു എന്ന പേരിൽ 2019ലാണ് കണ്ണൻ ഗോപിനാഥൻ സർവീസ് ഉപേക്ഷിച്ചത്. രാജി നൽകുമ്പോൾ ദാദ്ര–നഗർ ഹവേലിയിൽ ഊർജ സെക്രട്ടറിയായിരുന്നു. അതിനിടിയിൽ തിരിച്ച് ഡ്യൂട്ടിയിൽ കയറാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു. എന്നാൽ ആറര വർഷം പിന്നിട്ടിട്ടും ഇതുവരെ രാജി സ്വീകരിച്ചില്ല. അതോടെ ഇത്തവണത്തെ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിഞ്ഞില്ലെന്ന് കണ്ണൻ ഗോപിനാഥൻ പറഞ്ഞു.
പാലക്കാട് മണ്ഡലത്തിൽ കോണ്‍ഗ്രസിൻ്റെ സ്ഥാനാർഥിയാവുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നുവെങ്കിലും അദ്ദേഹത്തിന് അവസരം ലഭിക്കാതെ പോയി. 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു കണ്ണൻ ഗോപിനാഥൻ. കോട്ടയം കൂരോപ്പട സ്വദേശിയാണ് അദ്ദേഹം. പാലക്കാടാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
സിവിൽ സർവീസിൽ നിന്ന് രാജിവെച്ചതിന് ശേഷം രാജ്യത്ത് നടന്ന ചില സമരങ്ങളിൽ കണ്ണൻ സജീവമായിരുന്നു. കേന്ദ്രഭരണ പ്രദേശങ്ങളായ ദാമൻ, ഡിയു, ദാദ്ര, നാഗർ ഹവേലി എന്നിവയുടെ ഊർജ വകുപ്പ് സെക്രട്ടറിയായിരുന്നു അദ്ദേഹം.