മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു
കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കേരള രാഷ്ട്രീയത്തിലെയും ദേശീയ രാഷ്ട്രീയത്തിലെയും ശക്തനായ സാന്നിധ്യമായിരുന്ന അദ്ദേഹം വടകര ലോക്‌സഭാ മണ്ഡലത്തെ തുടർച്ചയായി ആറുതവണ പ്രതിനിധീകരിച്ചിട്ടുണ്ട്.
സംസ്കാരം നാളെ രാവിലെ 9 മണിക്ക് നടക്കും.
പത്രപ്രവർത്തകനായി പ്രവർത്തിക്കവെ 1971-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി വടകരയിലാണ് ആദ്യമായി മത്സരിച്ചു ജയിച്ചത്. പിന്നീട് 1977, 1980, 1984, 1989, 1991 എന്നീ വർഷങ്ങളിൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പുകളിൽ വടകരയിൽ നിന്ന് ലോക്സഭാംഗമായി. 1989-90 കാലഘട്ടത്തിൽ വി.പി.സിംഗ് മന്ത്രിസഭയിൽ ടെലി കമ്മ്യൂണിക്കേഷൻ,ഷിപ്പിംഗ്, ഉപരിതല ഗതാഗത വകുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രിയായിട്ടുണ്ട്.
സോഷ്യലിസ്റ്റ് ആശയങ്ങളിൽ ഉറച്ചുനിന്ന അദ്ദേഹം വി.കെ. കൃഷ്ണമേനോന്റെ അനുയായിയായാണ് രാഷ്ട്രീയത്തിൽ വളർന്നത്. ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായിരുന്നെങ്കിലും, അടിയന്തരാവസ്ഥയ്ക്ക് ശേഷം പാർട്ടയിലുണ്ടായ ഭിന്നതയെത്തുടർന്ന് ഇന്ദിരയുമായി അകന്നു. 77ലെ കോൺഗ്രസ് പിളർപ്പിൽ പ്രധാന പങ്കു വഹിക്കുകയും ചെയ്തു.
കോൺഗ്രസ് പിളർന്നപ്പോൾ എ.കെ. ആന്റണിക്കും ശരദ് പവാറിനുമൊപ്പം കോൺഗ്രസ് (യു) വിഭാഗത്തിലും പിന്നീട് കോൺഗ്രസ് (എസ്) ലും നിലകൊണ്ടു. വർഷങ്ങളോളം കോൺഗ്രസ് (എസ്) അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായിരുന്നു.1995-ലാണ് അദ്ദേഹം വീണ്ടും ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക് മടങ്ങിയത്.
രാഷ്ട്രീയത്തിൽ സജീവമാകുന്നതിന് മുൻപ് മികച്ചൊരു പത്രപ്രവർത്തകൻ കൂടിയായിരുന്നു. സമകാലിക രാഷ്ട്രീയത്തെയും സോഷ്യലിസ്റ്റ് ആശയങ്ങളെയും കുറിച്ച് അദ്ദേഹം നിരവധി ലേഖനങ്ങൾ രചിച്ചിട്ടുണ്ട്.
കെ.പി.ഉണ്ണികൃഷ്ണന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.