ജപ്പാനിൽ വൻ ഭൂചലനം; 7.4 തീവ്രത, സുനാമി മുന്നറിയിപ്പ്

Apr 20, 2026 - 11:00
 0  11
ജപ്പാനിൽ വൻ  ഭൂചലനം; 7.4 തീവ്രത,  സുനാമി മുന്നറിയിപ്പ്

വടക്കൻ ജപ്പാനിലെ സാൻറിക് തീരത്ത് തിങ്കളാഴ്ച വൈകിട്ടോടെ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (JMA) രാജ്യത്തിന്റെ വടക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

പ്രാദേശിക സമയം വൈകിട്ട് 4:53-ഓടെയാണ് ഭൂമി കുലുങ്ങിയത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഇവാട്ടെ പ്രവിശ്യയിലെ മിയാക്കോയ്ക്ക് 100 കിലോമീറ്റർ കിഴക്ക് പസഫിക് സമുദ്രത്തിൽ പത്ത് കിലോമീറ്റർ ആഴത്തിലാണെന്ന് അധികൃതർ അറിയിച്ചു. ഇവാട്ടെ, ആവോമോറി, ഹൊക്കൈഡോ തീരങ്ങളിൽ മൂന്ന് മീറ്റർ വരെ ഉയരത്തിൽ സുനാമി തിരമാലകൾ ആഞ്ഞടിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.

ഭൂചലനത്തെത്തുടർന്ന് ടോക്കിയോ ഉൾപ്പെടെയുള്ള നഗരങ്ങളിലെ കെട്ടിടങ്ങൾ ശക്തമായി കുലുങ്ങി. തീരപ്രദേശങ്ങളിൽ താമസിക്കുന്നവരോട് ഉടൻ തന്നെ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറിതാമസിക്കാൻ ഭരണകൂടം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സുനാമി തിരമാലകൾ ആവർത്തിച്ച് വരാൻ സാധ്യതയുള്ളതിനാൽ അപായ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്ന് പ്രധാനമന്ത്രി സനേ തകായ്‌ച്ചി ജനങ്ങളോട് അഭ്യർത്ഥിച്ചു