ഇൻഡോറിൽ മലിനജലം കുടിച്ച് 13 പേർ മരിച്ച സംഭവം ; ഉദ്യോഗസ്ഥർക്കെതിരെ നടപടി
മധ്യപ്രദേശിലെ ഇൻഡോറിൽ മലിനജലം കുടിച്ച് നവജാതശിശുവടക്കം നിരവധി പേർ മരണപ്പെട്ട സംഭവത്തിൽ മധ്യപ്രദേശ് സർക്കാർ ശക്തമായ നടപടികളിലേക്ക് കടന്നു. ഇൻഡോറിലെ ഭഗീരത്പുരയിൽ ഉണ്ടായ ദാരുണമായ ദുരന്തത്തെത്തുടർന്ന് മുനിസിപ്പൽ കമ്മീഷണർക്കും അഡീഷണൽ കമ്മീഷണർക്കും സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകി.
ഇതിന് പിന്നാലെ അഡീഷണൽ കമ്മീഷണറെ ചുമതലയിൽ നിന്നും സ്ഥലം മാറ്റുകയും ചെയ്തു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന പ്രത്യേക യോഗം നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്.
മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക കണക്കുകളിൽ ഇപ്പോഴും വലിയ രീതിയിലുള്ള തർക്കം നിലനിൽക്കുന്നുണ്ട്. ഒൻപത് പേർ മരിച്ചെന്നാണ് പ്രാദേശിക ഭരണകൂടത്തിന്റെ പ്രാഥമിക കണക്കെങ്കിലും, സ്ഥലം സന്ദർശിച്ച മുഖ്യമന്ത്രി മോഹൻ യാദവ് നാല് മരണങ്ങളാണ് സ്ഥിരീകരിച്ചത്.
എന്നാൽ മണിക്കൂറുകൾക്കകം ഏഴ് മരണം നടന്നതായി മേയർ പുഷ്യമിത്ര ഭാർഗവ വ്യക്തമാക്കി. ഇതിനിടെ, ആറ് മാസം പ്രായമായ കുഞ്ഞടക്കം 13 പേർ മരണപ്പെട്ടതായി നാട്ടുകാർ ആരോപിക്കുന്നു. നിലവിൽ നൂറ്റി ഇരുപതോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. പ്രദേശത്തെ ആയിരത്തി നാനൂറിലധികം പേർക്ക് വിവിധ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നഗരത്തിലെ പ്രധാന ജലവിതരണ പൈപ്പിലുണ്ടായ ചോർച്ചയിലൂടെ മലിനജലം കുടിവെള്ളത്തിൽ കലർന്നതാണ് ഈ വലിയ ദുരന്തത്തിന് വഴിയൊരുക്കിയത്. ശുചിമുറിയിലെ മാലിന്യങ്ങൾ ജലവിതരണ പൈപ്പിന് മുകളിലുള്ള കുഴിയിലേക്ക് വഴിതിരിച്ചുവിട്ടതായി പരിശോധനയിൽ കണ്ടെത്തി.