മുംബൈ-കണ്ണൂർ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി

Jun 10, 2026 - 20:05
 0  6
മുംബൈ-കണ്ണൂർ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി

കണ്ണൂര്‍: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്‍ഡിയോ വിമാനത്തിന് ബോംബ് ഭീഷണി. മുംബൈ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് ഇന്ന് ഇന്ന് ഉച്ചയ്ക്ക് 2.30-ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ഇൻഡിഗോ (6E2011) വിമാനത്തിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിമാനത്തിനുള്ളിലെ ശുചിമുറിയിൽ പേപ്പറിൽ എഴുതി വെച്ച നിലയിലായിരുന്നു ഭീഷണി സന്ദേശം കണ്ടെത്തിയത്. ലാൻഡിംഗിന് പിന്നാലെ സന്ദേശം ശ്രദ്ധയിൽപ്പെട്ടതോടെ വിമാനത്താവളത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയായിരുന്നു.

ഇന്ന് വൈകുന്നേരം വിമാനം കണ്ണൂരിൽ ലാൻഡ് ചെയ്തതിന് പിന്നാലെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. ശുചിമുറിയിൽ അസ്വാഭാവികമായ രീതിയിൽ പേപ്പർ കഷ്ണം ജീവനക്കാർ കണ്ടെത്തുകയായിരുന്നു.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വിമാനത്തെ റൺവേയിൽ നിന്നും സുരക്ഷിതമായ ഐസൊലേഷൻ ബേയിലേക്ക് മാറ്റിയിട്ടിരിക്കുകയാണ്. തുടർന്ന് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ മുഴുവൻ അടിയന്തരമായി പുറത്തിറക്കി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

കണ്ണൂരിൽ നിന്നുള്ള ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും വിമാനത്താവള സുരക്ഷാ വിഭാഗവും ചേർന്ന് വിമാനത്തിനുള്ളിലും യാത്രക്കാരുടെ ലഗേജുകളിലും മണിക്കൂറുകൾ നീണ്ട വിശദമായ പരിശോധന നടത്തി. എന്നാൽ പരിശോധനയിൽ സംശയാസ്പദമായ സാഹചര്യത്തിൽ യാതൊന്നും തന്നെ കണ്ടെത്താനായില്ല. ഭീഷണി സന്ദേശം വ്യാജമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.