ജൂൺ മാസത്തിലെ മഴ പെയ്ത് തോർന്ന ഒരുപ്രഭാതമായിരുന്നു അത്.
മഴയിൽ കുളിച്ചീറനണിഞ്ഞ ചെമ്പരത്തിപ്പൂക്കൾ കുടുംബക്ഷേത്രത്തിൻ്റെ കുളക്കരയിൽ തലയാട്ടി
നിന്നു. അടുത്തുള്ള പഴയ അരയാൽ മരത്തിൽ നിന്ന് ഇളംകാറ്റിൻ്റെ തലോടലിൽ വെള്ളത്തുള്ളികൾ അപ്പോഴും താഴേക്ക് ഇറ്റു വീഴുന്നുണ്ടായിരുന്നു.
കുളപ്പടവിൽ മാളവിക വെറുതെ ഇരുന്നു .
കുടുംബ ക്ഷേത്രത്തിലിന്ന് അവളുടെ വക പൂജയാണ്.
ശ്രീകോവിലിലെ മന്ത്രജപവും മണിനാദവും അന്തരീക്ഷത്തിൽ ഒഴുകുമ്പോഴും അവളുടെ
മനസ്സിൽ മുഴങ്ങുന്നത് അങ്ങകലെ കേൾക്കുന്നഒരു കുറുകിയ ശ്വാസമെടുപ്പിൻ്റെ ശബ്‌ദമായിരുന്നു . പറക്കാനാകാതെ നെഞ്ചിൻ കൂടിൽ ചിറകടിച്ച് പിടയുന്ന ജീവൻ്റെ ചലനം.
അമ്മയുടെ പ്രാണൻ്റെ തേങ്ങൽ.
ബാംഗ്ലൂരിലെ നഴ്‌സിംഗ് കെയർ ഹോമിൽ ഓർമ്മകളില്ലാതെ കിടക്കുന്ന അമ്മ.
ഡോ. ശാന്തി മേനോൻ
എഴുപത്തിയഞ്ച് വയസ്സുള്ള ശാന്തി ഒരു കാലത്ത് പ്രശസ്‌ത ഗൈനക്കോളജിസ്റ്റായിരുന്നു.
അനേകം കുഞ്ഞുങ്ങളെ അവരുടെ അമ്മമാരുടെ ഉദരത്തിൽ നിന്ന് ഭൂമിയിലേക്ക് കൂട്ടിക്കൊണ്ടു വന്നിട്ടുള്ള കൈപ്പുണ്യത്തിന് പേരു കേട്ട ഡോക്ടർ . പുഞ്ചിരിക്കുന്ന
മുഖവുമായി രോഗികൾക്ക് ആത്മവിശ്വാസം
പകർന്നിരുന്ന ആ ഡോക്ടർ ഒരു കിടക്കയിലേക്ക് ഒതുങ്ങിയിട്ട് രണ്ടു വർഷത്തോളമായി.
ഇന്ന് സ്വന്തം മകളെപ്പോലും തിരിച്ചറിയാനാവാത്ത
അവസ്ഥയിൽ.
ക്ഷയിച്ച ശരീരത്തിൽ ബെഡ് സോറുകളുടെ നീറ്റുന്ന മുറിപ്പാടുകൾ .
ആദ്യകാലത്ത് മാളവികയ്ക്ക് പ്രതീക്ഷയുണ്ടായിരുന്നു. അമ്മ ഒരു നാൾ കണ്ണു തുറക്കുമെന്നും " മോളേ " എന്ന് വിളിക്കുമെന്നും അവൾ വിശ്വസിച്ചു.
മാസങ്ങൾ നീണ്ടപ്പോൾ മുറിയിലെ മരുന്നുകളുടെയും അണുനാശിനികളുടെയും മണത്തെ ചൊല്ലി അനൂപിൻ്റെ പരാതികൾ കൂടിക്കൂടി വന്നു . ഫ്ലാറ്റിൽ നിന്നും നഴ്‌സിംഗ് കെയർ ഹോമിലേക്ക് മാറ്റിയിട്ട് തന്നെ ആറു മാസമാകുന്നു.
ഓരോ മാസവും നഴ്‌സിംഗ് ഹോമിലെ ബിൽ
കൂടി വരുകയാണ്. അതിനിടയിൽ അനൂപിൻ്റെ
ബിസിനസ്സിൽ വന്ന നഷ്‌ടം മാളവികയുടെ ശമ്പളത്തെ പൂർണ്ണമായും കാർന്നെടുത്തു. മക്കളുടെ പഠനം
ബാങ്കു വായ്പ എല്ലാം കൂടിച്ചേർന്ന് അവളെ തളർത്തി.
അമ്മയ്ക്ക് വേണ്ട ശുശ്രൂഷകൾക്കൊന്നും മുടക്കം വരുത്താതെ എല്ലാ കോണുകളെയും
ചേർത്തു വയ്ക്കാൻ അവൾ ഏറെ പാടു പെടുന്നുണ്ടായിരുന്നു.
" കുടുംബ ക്ഷേത്രത്തിൽ വന്നൊന്ന് തൊഴുത്
പോകൂ മോളേ . എല്ലാത്തിനുമൊരു പരിഹാരമുണ്ടാകും . ക്ഷേത്രത്തിലെ പൂജാരി
നല്ലൊരു ജോത്സ്യനുമാണ്. ഫലം പറഞ്ഞാൽ പറയുന്നതെല്ലാം അച്ചട്ടാണ് " കുഞ്ഞമ്മയുടെ ഉപദേശമനുസരിച്ചാണ് ബാംഗ്ലൂർ മാന്യത പാർക്കിലെ ഓഫീസിൽ നിന്ന് രണ്ടു ദിവസത്തെ ലീവെടുത്ത് അമ്മയുടെ നാട്ടിലെത്തിയത്.
അമ്മയുടെ പേരിൽ കുടുംബക്ഷേത്രത്തിൽ പ്രത്യേക പൂജ ഏർപ്പാട് ചെയ്തതും
കുഞ്ഞമ്മയാണ്.
പൂജ കഴിഞ്ഞപ്പോൾ പൂജാരി അവളെ വിളിച്ചു.
" മോളെ , നിൻ്റെ അമ്മയുടെ ആത്മാവിന് എന്തോ ആഗ്രഹം പൂർത്തിയാക്കാനുണ്ട്. അത് സാധിച്ചാലേ നൂൽപ്പാലത്തിൽ കുടുങ്ങിക്കിടക്കുന്ന ജീവന് മോചനം നേടാൻ കഴിയൂ."
മാളവിക അമ്പരന്നു പോയി.
"എന്തായിരിക്കും തിരുമേനി "
അദ്ദേഹം ഒരു നിമിഷം കണ്ണടച്ചു.
" അവരുടെ മനസ്സ് എന്തോ കാത്തിരിക്കുന്നുണ്ട് അത് കിട്ടാത്തതിനാൽ ആത്മാവ് ഭൂമി വിടാൻ മടിക്കുകയാണ് "
അവൾ ഒന്നും മിണ്ടിയില്ല.
കണ്ണുനീരിനൊപ്പം ആ വാക്കുകൾ മാളവികയുടെ മനസ്സിൽ പടർന്നിറങ്ങി .
അധ്യായം 2
ബാംഗ്ലൂരിൽ തിരിച്ചെത്തിയ ശേഷം മാളവിക അമ്മയുടെ അലമാര തുറന്നു. താഴിട്ട് ഭദ്രമായി
പൂട്ടി വച്ചിരുന്ന ഒരു മരപ്പെട്ടി പലപ്പോഴും കണ്ടിട്ടിട്ടുണ്ട്. " ഇതിലെന്താ നിധിയാണോ " ചോദിക്കുമ്പോഴൊക്കെ അമ്മ പുഞ്ചിരിക്കുമായിരുന്നു. അവൾ അതെടുത്ത് പാടുപെട്ടു തുറന്നു.
അതിനുള്ളിൽ പഴക്കം ചെന്ന കുറെ ഡയറികൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
ഏറ്റവും മുകളിലുള്ള ഡയറിയുടെ ആദ്യ പേജ് തുറന്നപ്പോൾ ഉണങ്ങിയ ഒരു റോസാപ്പൂ താഴെ വീണു.
അതിൽ എഴുതിയിരുന്നു
" എൻ്റെ അനിലിന് "
മാളവികയുടെ ഹൃദയം ഒന്നു പിടഞ്ഞു.
അമ്മയുടെ ജീവിതത്തിൽ അവൾ ഒരിക്കലും കേൾക്കാത്ത പേര്. അവൾ ബാൽക്കണിയിലെ ചാരുകസേരയിൽ
ചെന്നിരുന്നു ഡയറിയുടെ താളുകൾ മറിച്ചു.
"ഇന്ന് ക്ലിനിക്കൽ മെഡിസിൻ ഡിപ്പാർട്ട്മെൻ്റിന് മുൻപിലുള്ള ചെമ്പകമരച്ചുവട്ടിൽ നിന്ന്
ഞാനും അനിലും ഏറെ നേരം സംസാരിച്ചു. അവൻ്റെ മിഴികളിൽ നിറയെ എന്നോടുള്ള സ്‌നേഹത്തിൻ്റെ തിളക്കമായിരുന്നു . മഴ ചെറുതായി ചാറുന്നുണ്ടായിരുന്നു. ഒരു കുടക്കീഴിൽ ഞങ്ങൾ ഒരുമിച്ച് നടന്നു . അവനോടൊപ്പം നടക്കുമ്പോൾ മഴയ്ക്ക് പ്രത്യേക ഭംഗിയാണ് .പ്രണയത്തൂവൽ കൊണ്ട് തലോടുന്ന പോലെ "
" ഇന്ന് ഞങ്ങളുടെ ഫൈനൽ എക്സാം ആയിരുന്നു .
രണ്ടു പേരും ഡോക്‌ടർമാരായ ശേഷം കൊല്ലങ്കോടുള്ള അനിലിൻ്റെ കൊച്ചു ഗ്രാമത്തിൽ ഒരു ആശുപത്രി തുടങ്ങണമെന്ന്
അനിൽ പറയുന്നു. ആശുപത്രിയുടെ മുറ്റത്ത് മാവും , ചെമ്പകവും , കണിക്കൊന്നയുമൊക്കെ
നട്ടു പിടിപ്പിക്കാമെന്ന് "
പക്ഷേ പിന്നീടുള്ള താളുകൾ വേദന നിറഞ്ഞതായിരുന്നു .
അവളാ വരികളിലൂടെ കാലങ്ങൾക്കപ്പുറത്തേക്ക് സഞ്ചരിക്കുകയായിരുന്നു.
"അച്ഛൻ അറിഞ്ഞു . താഴ്ന്ന ജാതിക്കാരനെ സ്‌നേഹിച്ചതിന് എന്നെ ഒരു പാട് അടിച്ചു. പഠിക്കാൻ വിട്ടത് തന്നെ അബദ്ധമായെന്ന് . കോളേജിൽ വിടാതെ ഒരാഴ്ച വീട്ടിൽ പൂട്ടിയിട്ടു "
" ആരെതിർത്താലും അനിലില്ലാതെ എനിക്ക് ജീവിക്കാനാകില്ല . ഞാൻ പോകുകയാണ് . പാലക്കാട് സ്‌റ്റേഷനിൽ അനിൽ കാത്തു നിൽക്കാമെന്ന് പറഞ്ഞിട്ടുണ്ട്. എന്നോട്
ക്ഷമിക്കൂ അച്ഛാ . "
ശബ്‌ദമില്ലാത്തൊരു നിലവിളി തൊണ്ടയിൽ കുരുങ്ങുന്നതും കണ്ണുകളറിയാതെ നിറയുന്നതും മാളവിക അറിയുന്നുണ്ടായിരുന്നില്ല.
"കത്തെഴുതി വയ്ക്കണ്ടായിരുന്നു . റയിൽവേ സ്‌റ്റേഷനിൽ എത്തി അമ്മാവനും ചിറ്റപ്പനുമായി ചേർന്ന് അച്‌ഛൻ
എന്നെ ബലമായി വീട്ടിലേക്ക് തിരികെ കൊണ്ടു വന്നു "
" അമ്മാവൻ്റെ മകൻ രാജീവേട്ടനുമായി എൻ്റെ വിവാഹം നിശ്ചയിച്ചു "
" ഞാൻ തോറ്റു "
താളുകളിൽ കണ്ണുനീർ വീണ് മഷി പടർന്ന പാടുകളുണ്ടായിരുന്നു.
മാളവിക തേങ്ങിപ്പോയി.
ട്രെയിനിൽ നിന്ന് ഒരു പാവം പെൺകുട്ടിയെ അപ്പൂപ്പൻ്റെ ആളുകൾ ബലമായി പിടിച്ചു കൊണ്ടു
പോകുന്നതിൻ്റെ ദൃശ്യങ്ങൾ അവളുടെ മനസ്സിൽ തെളിഞ്ഞു .
അമ്മ ഇത്ര വലിയ മുറിവുകളുമായാണോ ഇത്രയും കാലം ജീവിച്ചത്. പ്രിയപ്പെട്ടവനോടൊപ്പം ജീവിക്കാൻ ആശിച്ചത് തെറ്റാണോ .
വാക്കുകൾ കൊണ്ട് പോലും അമ്മ ആരെയും
നോവിക്കുന്നത് കണ്ടിട്ടില്ല . ആപുഞ്ചിരിക്കുള്ളിലും
സങ്കടം പൊതിഞ്ഞു വച്ചിരുന്നു . ഇത്രയും കാലം ഇതൊന്നും താനതറിയാതെ പോയല്ലോ..
അധ്യായം 3
തറവാടിൻ്റെ അന്തസ്സിന് ചേരും വിധം വലിയ ആഘോഷമായി തന്നെ ശാന്തിയുടെ വിവാഹം
അച്ഛൻ നടത്തി.
മാളവിക വായന തുടർന്നു.
" നിൻ്റെ പഴയ പ്രണയക്കൂത്തുകളൊക്കെ മനസ്സിൽ നിന്ന് ദൂരെക്കളഞ്ഞിട്ട് ഇങ്ങോട്ട് കാലെടുത്ത് വച്ചാൽ മതി . കണ്ടവൻ്റെ
എച്ചിലു തിന്നാനാ എനിക്കു പറഞ്ഞിട്ടുള്ളത്
ആദ്യ രാത്രിയിൽ മുറിയിലേക്ക് കാലെടുത്തു വയ്ക്കുമ്പോൾ രാജീവേട്ടൻ്റെ കൽപ്പന കേട്ട്
എൻ്റെ ഹൃദയത്തിൽ മുള്ളുകൾ വന്ന് തറഞ്ഞു "
"പുറമേ നിന്ന് കാണുന്നവർക്ക് സ്വപ്‌ന ജീവിതം നയിക്കുന്ന സൗഭാഗ്യവതി . അപമാനങ്ങളും സ്‌നേഹശൂന്യതയും നിറഞ്ഞതായിരുന്നു രാജീവേട്ടനോടൊപ്പമുള്ള ജീവിതം .
അദ്ദേഹത്തിന് എൻ്റെ വിജയങ്ങളും പ്രശസ്‌തിയുമൊന്നും ഇഷ്‌ടമല്ലായിരുന്നു.
" വലിയ ഡോക്‌ടറാണെന്നൊന്നു കരുതണ്ട ഒളിച്ചോടിപ്പോയവളേ . ഈ വീട്ടിൽ
അവസാന വാക്ക് എൻ്റെയാണ് " കുത്തി നോവിക്കുന്നത് രാജീവേട്ടന് എപ്പോഴും ഹരമായിരുന്നു.
അപ്പോഴൊക്കെ എൻ്റെ അനിലിൻ്റെ മുഖം മനസ്സിൽ തെളിയും . സ്‌നേഹത്തോടെ ചേർത്ത്
പിടിച്ച് കാതിൽ പറയും " പോട്ടെടോ . ആ ചിന്ത തരുന്ന ആശ്വാസം മാത്രമാണ് എന്നെ ജീവിപ്പിക്കുന്നത് .
കുടുംബം തകരാതിരിക്കാനായി എല്ലാം സഹിക്കുകയാണ് . എൻ്റെ പൊന്നുമോൾ
മാളവികയ്ക്കു വേണ്ടി.
രാത്രികളിൽ എന്നും എനിക്ക് അനിലിനെ ഓർമ്മ വരും . ലണ്ടനിൽ ഉപരിപഠനത്തിന് പോയെന്ന് കേട്ടിരുന്നു . കൂട്ടുകാർക്ക് പോലും എന്നോട് ദേഷ്യമാണ്. അനിലിനെ കുറിച്ച് ചോദിച്ചാൽ ആരുമൊന്നും പറയില്ല . ഇപ്പോഴെവിടെയാണോ . എന്നെ വെറുക്കുന്നുണ്ടാകുമോ . മരിക്കുന്നതിന് മുൻപ് ഒരിക്കലെങ്കിലും ഒന്നു കൂടി കാണാൻ സാധിച്ചാൽ മതിയായിരുന്നു.
പുറത്ത് നല്ല മഴ പെയ്യുന്നുണ്ട് . ജനാലക്കപ്പുറമുള്ള കണിക്കൊന്നയിൽ കാറ്റ് മഴത്തുള്ളികളെ ഓർമ്മകളായി മുറിയിലേക്ക്
കൂട്ടി കൊണ്ട് വരുന്നു. രാജീവേട്ടൻ നല്ല ഉറക്കമാണ് . ഉണർന്നാൽ ചീത്ത വിളിക്കാൻ
തുടങ്ങും . ആരേ ഓർത്ത് നിൽക്കുകയാണെന്ന്ചോദിച്ചലറും. മോളുണർന്ന് കരയും. "
മകൾക്കു വേണ്ടി മാത്രം പിന്നീട് ജീവിച്ച അമ്മ.
കൂടുതൽ വായിക്കാനാകാതെ മാളവിക ഡയറി അടച്ചു വച്ചു.
മെഡിക്കൽ കോളേജ് അലംനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഏറെ ക്ലേശിച്ചാണ് മാളവിക
ഡോക്ടർ അനിൽ ദിവാകരൻ്റെ അഡ്രസ്സ് കണ്ടെത്തിയത് . അദ്ദേഹം ബാംഗ്ലൂരിൽ തന്നെയുണ്ടായിരുന്നു . കയ്യെത്തും ദൂരത്ത്. തൻ്റെ ജീവനായിരുന്ന ശാന്തിയുടെ സ്ഥാനത്ത് മറ്റൊരാളെ കാണാൻ കഴിയാത്തതിനാലാവാം അവിവാഹിതനാണ്.
അച്‌ഛൻ്റെ മരണശേഷം തീരെ വയ്യാതായ ശേഷമാണ് അമ്മ നാട്ടിൽ നിന്നും ബാംഗ്ലൂരെത്തുന്നത് . അല്ലെങ്കിൽ ഒരു പക്ഷേ
വളരെ മുൻപേ തന്നെ അവർക്ക് തമ്മിൽ കണ്ടു മുട്ടാൻ സാധിച്ചേനെ .
അധ്യായം 4
ഉച്ച തിരിഞ്ഞ സമയത്താണ് മാളവിക ബെലന്തൂരിലെത്തുന്നത്. പ്രസ്‌റ്റീജ് ഹോംസിൻ്റെ രണ്ടാമത്തെ നിലയിലുള്ള ഫ്ലാറ്റിൻ്റെ വാതിൽ
തുറന്നത് വെളുത്ത മുടിയുള്ള വൃദ്ധനായിരുന്നു.
" ഡോക്ടർ ശ്രീനിവാസിൻ്റെ മകൾ വിളിച്ചു പറഞ്ഞ മാളവിക " പരിചിതമായ രൂപം പെട്ടെന്ന്
മുൻപിൽ കാണുമ്പോൾ തെളിയുന്ന ആശ്ചര്യഭാവം ആ മുഖത്തുണ്ട്. ഓരോ ചലനത്തിലും സൗമ്യതയും കരുതലും നിറഞ്ഞു നിൽക്കുന്നു . അമ്മയെ എപ്പോഴും പരിഹസിക്കുകയും കുറ്റം പറയുകയും മാത്രം ചെയ്യുന്ന അച്ഛൻ്റെ രൂപം അവളുടെ മനസ്സിലേക്കിറങ്ങി വന്നു.
"ഞാൻ ശാന്തിയുടെ മകളാണ് " മാളവിക പെട്ടെന്ന് പറഞ്ഞു.
അനിൽ കുറെ നേരം ഒന്നും മിണ്ടിയില്ല.
പിന്നെ വിറയ്ക്കുന്ന കൈകളാൽ വാത്സല്യപൂർവ്വംഅവളുടെ
മുഖം ചേർത്ത് പിടിച്ചു.
" എൻ്റെ മോളേ "
അദ്ദേഹത്തിൻ്റെ മിഴികൾ നിറഞ്ഞു
" നിനക്ക് ശാന്തിയുടെ അതേ കണ്ണുകളാണ് "
അധ്യായം 5
പിറ്റേ ദിവസം രാവിലെ കെയർ ഹോമിൻ്റെ6 നാലാം നിലയിലെ നാനൂറ്റിപതിനേഴാം മുറിയിലേക്ക് സഹായിയെയും കൂട്ടി
അദ്‌ദേഹം എത്തി .വന്നത് ഡോക്‌ടർ അനിലായല്ല . ശാന്തിയുടെ ഹൃദയം
തേടിയിരുന്ന പ്രിയപ്പെട്ടവനായിട്ടായിരുന്നു.
പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു.
ജനലിന് പുറത്തുള്ള ഗുൽമോഹർ മരത്തിൽ നിന്ന് പൂക്കൾ മഴയിൽ നനഞ്ഞ് ഒന്നൊന്നായി താഴേക്ക് പൊഴിയുന്നുണ്ടായിരുന്നു.
മുറിക്കുള്ളിൽ ജീവൻ പിടിച്ചു നിർത്തുന്ന
യന്ത്രങ്ങളുടെ നേർത്ത ശബ്‌ദം മാത്രം.
ശാന്തി നിശ്ചലയായി കിടക്കുന്നു.
മാസങ്ങളായി അവർ ആരേയും തിരിച്ചറിയുന്നുണ്ടായിരുന്നില്ല. മകൾ മാളവികയെ
പോലും.
.
അനിൽ ശാന്തിയുടെ അടുത്തുള്ള കസേരയിലിരുന്നു .
പതുക്കെ അവളുടെ കൈകളിൽ
സ്പർശിച്ചു. വർഷങ്ങളുടെ വിരഹവും കാത്തിരിപ്പും വിറക്കുന്ന കൈകളിലുണ്ടായിരുന്നു.
" ശാന്തി " അദ്ദേഹത്തിൻ്റെ ശബ്‌ദം ഇടറി. "ഞാനാ ..._ നിൻ്റെ അനിൽ "
ഒരു നിമിഷം
അടുത്ത നിമിഷം
പെട്ടെന്ന് ശാന്തിയുടെ വിരലുകൾ ചെറുതായി അനങ്ങി.
മാളവിക അത്‌ഭുതത്തോടെ നോക്കി നിന്നു . അവളുടെ ഹൃദയത്തിൽ ഒരു കുഞ്ഞുമഴ പെയ്തിറങ്ങി.
ശാന്തിയുടെ അടഞ്ഞു കിടന്ന ഇമകളിൽ നേരിയ ചലനമുണ്ടായി.
മങ്ങിയ കാഴ്ചയിൽ അവർ അനിലിൻ്റെ മുഖം കണ്ടു.
ആ നിമിഷം അവർ വീണ്ടും ഇരുപത്കാരിയായി.
മെഡിക്കൽ കോളേജ് കാമ്പസിലെ ഇടനാഴികളിലൂടെ ...ചെമ്പകപ്പൂക്കളുതിർന്ന് വീണു കിടക്കുന്ന
വഴിയിലൂടെ അനിലിനൊപ്പം മടങ്ങിപ്പോയത് പോലെ.
പൂർത്തിയാകാത്ത സ്വപ്‌നങ്ങളിലേക്ക്
അവരുടെ കണ്ണുകളിൽ ഒരു പ്രകാശം മിന്നിത്തെളിഞ്ഞു. രണ്ടു തുള്ളി കണ്ണുനീർ
മെല്ലെ ഒഴുകിയിറങ്ങി. ചുണ്ടുകൾ വിറച്ചു . പക്ഷേ ശബ്‌ദം പുറത്തേക്ക് വന്നില്ല . എന്നാൽ കണ്ണുകൾ സംസാരിക്കുന്നുണ്ടായിരുന്നു.
അനിൽ .... നീ .. വന്നല്ലോ .
അനിലിൻ്റെ കണ്ണുകളും നിറഞ്ഞു
" ഞാൻ .... ഞാൻ .. വന്നു ശാന്തി "
ഒരു നിമിഷം ...ശാന്തിയുടെ വിരലുകൾ അദ്ദേഹത്തിൻ്റെ
കൈകളിൽ മുറുകെ പിടിച്ചു.
പിന്നെ പതുക്കെ പിടി അയഞ്ഞു.
മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.
ഡോക്ടർ ശാന്തി മേനോൻ യാത്രയായി.
ഹൃദയം പൊട്ടുന്ന വേദനയിൽ മാളവിക പൊട്ടിക്കരഞ്ഞു പോയി.
അനിൽ അവരുടെ നെറ്റിയിൽ ചുംബിച്ചു.
" ഇനി ആരും നമ്മളെ വേർപെടുത്തുകയില്ല ശാന്തി. അടുത്ത ജന്മമെങ്കിലും നമുക്ക് ഒരുമിച്ച് ജീവിക്കണം "പറഞ്ഞു കഴിഞ്ഞതും നെഞ്ചിൽ
കൈ വച്ച് അദ്ദേഹം കുഴഞ്ഞ് താഴേക്ക് വീണു .
കാർഡിയാക് വാർഡിൽ ഉടനെ എത്തിച്ചെങ്കിലും അദ്ദേഹം യാത്രയായിരുന്നു . പ്രിയപ്പെട്ട ശാന്തിയുടെ കൂടെ . ജാതിയുടെ വിലപേശലുകളിൽ ആർക്കും
വേർപിരിക്കാനാവാത്ത ലോകത്തേക്ക് .
മഴ തോർന്ന ആകാശത്ത് ഒരു മഴവില്ല് തെളിഞ്ഞ് നിന്നിരുന്നു.
ജീവിച്ചിരിക്കുമ്പോൾ ജാതിയുടെ വേലിക്കെട്ടുകൾ അവരെ വേർപെടുത്തി.
മരണം അവരുടെ പേരോ ജാതിയോ ചോദിച്ചില്ല .
ചില പ്രണയങ്ങൾ പൂർത്തിയാകുന്നത് മരണത്തിനപ്പുറത്താണ്.