ട്രംപിന് സുപ്രീം കോടതിയിൽ തിരിച്ചടി; ജന്മാവകാശ പൗരത്വം പരിമിതപ്പെടുത്താനുള്ള നീക്കം തള്ളി
പ്രസാദ് തീയാടിക്കൽ
വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ജന്മാവകാശ പൗരത്വം (Birthright Citizenship) പരിമിതപ്പെടുത്താനുള്ള എക്സിക്യൂട്ടീവ് ഉത്തരവ് അമേരിക്കൻ സുപ്രീം കോടതി തള്ളി. 6–3 ഭൂരിപക്ഷ വിധിയിലൂടെ ഭരണഘടനയുടെ 14-ാം ഭേദഗതി ഉറപ്പുനൽകുന്ന ജന്മാവകാശ പൗരത്വം കോടതി വീണ്ടും ശരിവച്ചു.
അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക് മാതാപിതാക്കളുടെ കുടിയേറ്റ പദവി എന്തുതന്നെയായാലും അമേരിക്കൻ പൗരത്വം ലഭിക്കുമെന്ന ദീർഘകാല ഭരണഘടനാ വ്യവസ്ഥ തുടരുന്നതാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. അനധികൃത കുടിയേറ്റക്കാരുടെയോ താൽക്കാലിക വിസയിലുള്ളവരുടെയോ കുട്ടികൾക്ക് പൗരത്വം നിഷേധിക്കാനായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ ശ്രമം.
ഈ വിധി ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങൾക്ക് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കൻ ഭരണഘടനയുടെ 14-ാം ഭേദഗതിയും 1898-ലെ ചരിത്രപ്രധാനമായ സുപ്രീം കോടതി വിധിയും വീണ്ടും ശക്തമായി സ്ഥിരീകരിച്ചിരിക്കുകയാണ് കോടതി.