തുടക്കം മികവോടെ : ജനക്ഷേമത്തിനാവട്ടെ സർക്കാർ മുൻഗണന
മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് ടീം സത്യപ്രതിജ്ഞ ചെയ്ത് കേരള ഭരണം ഏറ്റതിന്റെ ആവേശത്തിലാണ് കേരള സമൂഹം എന്ന് പറയാം . ധാർഷ്ട്യവും അഹങ്കാരവും നിറഞ്ഞ രീതികളിൽ നിന്ന് വ്യത്യസ്തമായി, വോട്ട് നൽകി ജയിപ്പിച്ച ജനങ്ങളെ പരിഗണിക്കുന്ന അവരോട് കരുതലോടെ പെരുമാറുന്ന ഒരു ഭരണാധികാരിയെയാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ ചിരിക്കുന്ന, തങ്ങളെ സാകൂതം കേൾക്കുന്ന ഒരു മുഖ്യമന്ത്രിയെ വടശേരി ദാമോദരമേനോൻ എന്ന വി ഡി സതീശനിൽ കണ്ടെത്തിയതിലുള്ള സന്തോഷം ജനങ്ങൾ പലരും പങ്ക് വെക്കുന്നുമുണ്ട്.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഉത്സവാന്തരീക്ഷത്തിൽ വൻ ജനാവലിയെ സാക്ഷിനിർത്തി നടന്ന സംസ്ഥാന മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് രാഷ്ട്രീയ കേരളം കൈയടിച്ച് പ്രോത്സാഹിപ്പിക്കേണ്ട ഒരു രാഷ്ട്രീയ മാതൃക പങ്കു വച്ചതും ശ്രദ്ധേയമായി. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രിയങ്ക ഗാന്ധിയും പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേരളത്തിലെ യുഡിഎഫ് നേതാക്കളും സംസ്ഥാനത്തെ പ്രതിപക്ഷ നേതൃനിരയിലെ നേതാക്കളും ഒരേപോലെ ഒരേ വേദിയിലിരുന്ന് പങ്കെടുത്ത സത്യപ്രതിജ്ഞാ ചടങ്ങ് രാഷ്ട്രീയ കേരളം അടുത്ത കാലത്ത് കണ്ട ഏറ്റവും മനോഹരമായ കാഴ്ചയായി.
മുൻ സർക്കാരിന്റെ കാലത്ത് അവഗണനകൾ ഏറ്റുവാങ്ങിയ ആശാ വർക്കർമാരെ പരിഗണിച്ചും സ്ത്രീകൾക്കു സൗജന്യയാത്ര ഉറപ്പ് നൽകിയും വയോജനങ്ങളെ പരിഗണിച്ചും യു ഡി എഫ് സർക്കാർ മികച്ച തുടക്കമിട്ടിരിക്കുന്നു.
സംസ്ഥാനത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി അധികാരമേറ്റ സതീശനെയും ഒപ്പം മന്ത്രിമാരായ ഇരുപത് പേരെയും കാത്തിരിക്കുന്നത് പ്രതിസന്ധികളും വെല്ലുവിളികളും തന്നെയാവും എന്നതിൽ സംശയമില്ല . സി.പി.എം നേതൃത്വം നൽകുന്ന ഇടതുമുന്നണിയുടെ എതിർപ്പുകളുടെ മൂർച്ച കൂടുതലാവും എന്നതിൽ സംശയിക്കേണ്ടതില്ല .
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നുപോകുന്നതിനിടെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുകയും ജനക്ഷേമ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുകയും ചെയ്യുക പുതിയ സർക്കാരിനു വലിയൊരു വെല്ലുവിളിയാണ് . ദൈനംദിന ഭരണനടത്തിപ്പിനും വികസന പ്രവർത്തനങ്ങൾക്കും ക്ഷേമ പദ്ധതികൾക്കും തുക കണ്ടെത്തി സാമ്പത്തിക ഭദ്രത കൈവരിക്കാനുള്ള മാർഗങ്ങൾ സർക്കാരിന് കണ്ടെത്തേണ്ടതായുണ്ട്.
ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്ന നവകേരളമാണ് തന്‍റെ ലക്ഷ്യമെന്ന് വി.ഡി. സതീശൻ നേരത്തേ വ്യക്തമാക്കിയ സാഹചര്യത്തിൽ ജനത്തിന് പ്രതീക്ഷകളേറെയാണ് .
വയോജനക്ഷേമത്തിന് വകുപ്പ് രൂപീകരിച്ചതും ആശാ വർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ചതും ആംഗൻവാടി ജീവനക്കാർ, പാചക തൊഴിലാളികൾ, പ്രീ പ്രൈമറി അധ്യാപകർ എന്നിവരുടെ വേതനത്തിൽ വർധന വരുത്തിയതും സ്വാഗതാർഹമാണ്. മുന്നോട്ടും ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തുയർന്ന് മികച്ചൊരു ഭരണം കാഴ്ചവയ്ക്കാൻ യുഡിഎഫ് സർക്കാരിനു കഴിയട്ടെ എന്നാശംസിക്കുന്നു.