പുരോഗമന സാഹിത്യം ദുഃഖസാന്ദ്രമാണ്: കാരൂര്‍ സോമന്‍, (ചാരുംമൂടന്‍) 

Jun 30, 2026 - 15:29
 0  5
പുരോഗമന സാഹിത്യം ദുഃഖസാന്ദ്രമാണ്: കാരൂര്‍ സോമന്‍, (ചാരുംമൂടന്‍) 

ലയാള സാഹിത്യ സംസ്‌കാരത്തെ നിര്‍മ്മത്സരബുദ്ധിയോടെ പരിശോധിച്ചാല്‍ ഇന്ന് നമ്മള്‍ എത്തി നില്‍ക്കുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് സാങ്കേതിക വിദ്യകളിലാണ്. ഏത് രംഗത്തെപോലെ ഭാഷയെയും പരിപോഷിപ്പിക്കുവാന്‍ എല്ലാം സാമഗ്രികളും അവര്‍ പ്രധാനം ചെയ്യുന്നു. ഭാവനാസമ്പന്നരായ പ്രതിഭകള്‍ ആശയപൗഷകല്യം കൊണ്ട്  സംഭാവ്യങ്ങളാക്കുന്ന യഥാര്‍ഥ ജീവിതത്തെ അനശ്വരമാക്കിയ ഭാഷയില്‍ ഇന്ന് കല്ലും പതിരും തിരിച്ചറിയാന്‍ സാധിക്കുന്നില്ല.

ആധുനിക സാങ്കേതിക സാധ്യതകളെ അങ്ങേയറ്റം പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ഇതില്‍ നിന്ന് ഉരുത്തിരിയുന്ന ഒരു ചോദ്യമുണ്ട്. കാളിദാസന്‍ ശകുന്തളക്ക് ജന്മം നല്കിയതുപോലെ വായനക്കാരുടെ പ്രതീക്ഷകള്‍ക്കൊപ്പമുയരാന്‍ യാന്ത്രികമായി ഉല്പാദിപ്പിക്കുന്ന എഴുത്തുകള്‍ക്ക് സര്‍ഗാത്മകമായി എത്രമാത്രം കാവ്യകലയുടെ ചാരുത കണ്ടെത്താന്‍ സാധിക്കും? ആശയപരമായി നിലവാരമില്ലാത്ത അവാര്‍ഡുകള്‍ വാങ്ങുന്നവര്‍ക്ക്  സാധിക്കുന്നുണ്ടോ?

യഥാര്‍ത്ഥ സാഹിത്യ സൃഷ്ടികള്‍ ജീവിത സ്പര്‍ശിയായിരിക്കണമെന്നത് തര്‍ക്കമുള്ള കാര്യമല്ല. യാഥാര്‍ഥ്യങ്ങളെ ആത്മവത്തമാക്കുന്ന മഹത്തരമായ സാഹിത്യ സൃഷ്ടികളെ ആദരിക്കുന്നതും തെറ്റല്ല. ഇന്നത്തെ കമ്പോള സംസ്‌കാരത്തെപറ്റി, എഴുത്തുകാര്‍ അവരുടെ അന്തസ്സ് കെടുത്തുന്നതിനെപ്പറ്റി ധാര്‍മ്മിക രോക്ഷത്തോടെ ശ്രീ.കെ.പി.അപ്പന്‍ പറഞ്ഞത് ഇങ്ങനെയാണ്. ‘എല്ലാം ആഴ്ചയിലും സംഭവിക്കുന്ന ഒരു വിപത്താണ് അവാര്‍ഡ് പ്രഖ്യാപനം. പെരുകുന്ന സ്വകാര്യ അവാര്‍ഡുകള്‍ കുഴപ്പം തന്നെ. കഴുകന്മാര്‍ കൂടു തുറന്നു വിടുന്നതുപോലെയാണ് പലതരം സമിതികള്‍ അവാര്‍ഡുകള്‍ നല്‍കുന്നത്.  കാല്‍നൂറ്റാണ്ടിനി ടയില്‍ നമ്മുടെ എഴുത്തുകാര്‍ നടത്തിയ കാലുമാറ്റങ്ങളുടെ കണക്കെടുത്താല്‍ സദാചാര രാഷ്ട്രീയ ക്കാരില്‍ മാത്രമല്ല എഴുത്തുകാരിലും കാണാം’ (കൃതി. മലയാള സാഹിത്യം സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം).

സാഹിത്യ ഭാഷയും സാധാരണ ഭാഷയും തമ്മിലുള്ള വ്യത്യാസം പോലെ ഒരു സംസ്‌കാരത്തിന് നിരക്കാത്ത അവാര്‍ഡ് മാമാങ്കമാണ് കേരളത്തില്‍ കാണുന്നത്. മഹാകവി പി.കുഞ്ഞു രാമന്‍ നായരുടെ പേരിലും അങ്ങനെ പല സാഹിത്യ സാംസ്‌കാരിക പ്രമുഖരുടെ പേരിലും ആദരവിന് പകരം അനാദരവാണ് കാണുന്നത്. എങ്ങും കച്ചവട താല്പര്യങ്ങള്‍. അതിനൊപ്പം കൂട്ടിവായിക്കേണ്ടത് ഈ സ്വാര്‍ത്ഥ താല്പര്യക്കാരുടെ അവാര്‍ഡ് വിതരണം നടത്താന്‍ പോകുന്നതോ പണകൊതിയുള്ള ചില മുതിര്‍ന്ന എഴുത്തുകാര്‍. കടിഞ്ഞാണില്ലാത്ത കുതിര എതി ലേയും പായും പോലെ സോഷ്യല്‍ മീഡിയയില്‍, കച്ചവട മാധ്യമങ്ങളില്‍ ഈ കൂട്ടര്‍ പാഞ്ഞു കൊണ്ടിരിക്കുന്നത് ഈ പ്രമുഖനറിയില്ല. പത്രത്തില്‍ പടം വരും പണവും കിട്ടും. ഈ കൂട്ടരേ എഴുന്നെള്ളിച്ചുകൊണ്ടുപോകാന്‍ കേരളത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും രാഷ്ട്രീയ വേദികളും സംഘടനകളുമുണ്ട്.

നമ്മുടെ സാഹിത്യാഭിവൃദ്ധിയില്‍ ബൗദ്ധികവും ബോധപൂര്‍വ്വവുമായി ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത് മുക്കിലും മൂലയിലും പ്രമുഖരുടെ പേരില്‍ വിറ്റഴിക്കപ്പെടുന്ന പുരസ്‌കാരങ്ങളാണ്. അവിടെ ജനപ്രതിനിധികളുടെ പങ്കാളിത്വവും കാണാറുണ്ട്. അവരെ സംബന്ധിച്ച് വോട്ടുപെട്ടിയാണ് പ്രധാനം. ഈ സാധനം കിട്ടിയില്ലെങ്കില്‍ കലാസൃഷ്ടി പൂര്‍ണ്ണമാകില്ലെന്നാണ് ഈ അഭിനവസിദ്ധന്മാരുടെ ചിന്തകള്‍. മറ്റൊരു കൂട്ടര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ തോളിലിരുന്ന് ചെവി തിന്നുന്നവരാണ്. ഈ കൂട്ടര്‍ ആധുനിക സാഹിത്യത്തിലെ സൗന്ദര്യ സങ്കല്പത്തെ കാണുന്നത് എങ്ങനെ സ്വാധീനം ചെലുത്തി സര്‍ക്കാര്‍ പുരസ്‌കാരങ്ങള്‍, പദവി വാങ്ങാമെന്നുള്ളതാണ്. അതിനവര്‍ കണ്ടെത്തുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഭരണ നായകനെ വസന്തത്തിന്റെ മധുര ലഹരി നിറച്ചു് വാഴ്ത്തിപ്പാടുക, എഴുതുക. നാല് പുസ്തകമിറക്കിയ ഒരു വിദ്ധ്വാന്‍ അങ്ങനെ പദവിയിലെത്തിയത് എനിക്കറിയാം. 

മറ്റൊരു മാര്‍ഗ്ഗം തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കായി കവല പ്രസംഗം നടത്തുന്നതാണ്. ഇതിന്റെയെല്ലാം പിന്നിലെ രഹസ്യ അജണ്ട പദവി, പുരസ്‌കാരം നേടിയെടുക്കലാണ്. മറ്റ് ഭാഷകളില്‍ നിന്ന് അടിച്ചുമാറ്റി പുസ്തകമിറക്കി സാഹിത്യ അക്കാദമി പുരസ്‌കാരം വാങ്ങിയാലും പാര്‍ട്ടിയുടെ സംരക്ഷണമുണ്ട്. അതിനെ വെള്ളപൂശി പുതപ്പിക്കാന്‍ മാധ്യമങ്ങളും, അസാധാരണമായ പ്രചാരവേല ചെയ്യാന്‍ പാര്‍ട്ടി പത്രങ്ങളും മുന്നിലുണ്ട്. ഇതിനെ സാഹിത്യ അക്കാദമി പുരസ്‌കാരമെന്ന് എങ്ങനെ വിളിക്കും? മുന്‍ കാലങ്ങളില്‍ കൊടുത്തിട്ടുണ്ടുള്ള പുരസ്‌കാരങ്ങളും പ്രമുഖ പ്രസാധകരുടെ ഇടപെടലുകളും പുനഃപരിശോധിക്കേണ്ടതല്ലേ?

യോഗ്യരായ എഴുത്തുകാരുടെ വെറുപ്പ് വാങ്ങി തുന്നിപ്പിടിപ്പിക്കുന്ന സര്‍പ്പങ്ങളുടെ രത്നം ഇവര്‍ക്ക് മുത്തുമണികളാണ്. ഈ കൂട്ടര്‍ക്ക് കാല്‍ച്ചിലങ്ക കെട്ടികൊടുക്കുന്ന സാംസ്‌കാരിക മേധാവികള്‍ മനസ്സിലാക്കേണ്ടത് ഭാഷയ്ക്കായി സിദ്ധിയും സാധനയും മാത്രമല്ല സര്‍വ്വോപരി സമയവും മാറ്റിവെച്ചെഴുതുന്ന എഴുത്തുകാരോട് കാട്ടുന്ന തെമ്മാടി രാഷ്ട്രീയ പ്രഹേളികകളാണ് കേരളത്തില്‍ കുറെ കാലങ്ങളായി കണ്ടുവരുന്നത്. ഇത് മലയാള ഭാഷയുടെ ജീര്‍ണ്ണതയാണ് വെളിപ്പെടുത്തുന്നത്. യാഥാര്‍ഥ്യങ്ങളുടെ നേരെ എത്രനാള്‍ കണ്ണ് ഇറുക്കിയടച്ചിരിക്കും? എഴുത്തുകാര്‍ അവരുടെ നിലപാടുകള്‍ വ്യക്തമാക്കിയാല്‍ രാഷ്ട്രീയ പാര്‍ട്ടികളിലെ ന്യായീകരണ തൊഴിലാളികളെപോലെ അവര്‍ക്കെതിരെ പത്തിവിരിച്ചാടുന്നതും വിശുദ്ധിയുടെ വെള്ളിക്കിണ്ണങ്ങളുമായി രംഗത്ത് വരുന്നതും കാണാം. എഴുത്തുകാര്‍ അപകടകാരികളെന്ന് മനസ്സിലാക്കിയാണ് പദവി, പുരസ്‌കാരം കൊടുത്തു് കുറെ എഴുത്തുകാരെ രാഷ്ട്രീയ പാര്‍ട്ടികള്‍ അടിമകളായി വളര്‍ത്തു ന്നത്.

മലയാള ഭാഷക്കോ സംസ്‌കാരത്തിനോ വേണ്ടുന്ന സംഭാവനകള്‍ ചെയ്യാത്തവര്‍ കൂടുതലും അറിയപ്പെടുന്നത് കച്ചവട അവാര്‍ഡ്, പദവികളിലൂടെയാണ്. സമൂഹത്തിനോട് മുഖം തിരിഞ്ഞുനില്‍ക്കുന്ന ഈ അഭിനവ നടന്മാരെ വളമിട്ടുവളര്‍ത്തുന്നതില്‍ സംഘടനകള്‍ക്കും വലിയൊരു പങ്കുണ്ട്. സമൂഹത്തിന്റെ ചാലകശക്തിയായ സാഹിത്യം സന്ദര്യാത്മകമായി എഴുതി സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്നവരാണ് സാഹിത്യകാരന്മാര്‍, കവികള്‍. അവര്‍ ജീവിതം ചവുട്ടിമെതിക്കുന്ന മതരാഷ്ട്രിയക്കാര്‍ക്കെതിരെ വാളെ ടുക്കുന്നവരാണ്. ഡോ.സുകുമാര്‍ അഴിക്കോടിന് ശേഷം കേരളത്തില്‍ വാളെടുത്തിട്ടുള്ള ഏതെങ്കിലും എഴുത്തുകാരെ കണ്ടിട്ടുണ്ടോ?