തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് വൻ തിരിച്ചടി; കൗൺസിലർ ആർ.ശ്രീലേഖ രാജിവെച്ചു
തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം വാർഡ് കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിയുന്നതെന്നാണ് ശ്രീലേഖയുടെ ഔദ്യോഗിക വിശദീകരണം. എന്നാൽ, രാജിക്ക് പിന്നിൽ ബിജെപിയിലെ ആഭ്യന്തര പ്രശ്നങ്ങളാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മേയർ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ശ്രീലേഖയെ അവസാനഘട്ടത്തിൽ ഒഴിവാക്കിയതിൽ അതൃപ്തിയുണ്ടായിരുന്നുവെന്നാണ് സൂചന.
കഴിഞ്ഞ ഏതാനും മാസങ്ങളായി വാർഡിൽ കൗൺസിലറുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ പ്രവർത്തനങ്ങൾ ഉണ്ടായില്ലെന്ന പരാതികൾ ഉയർന്നിരുന്നതായി കവടിയാർ വാർഡ് കൗൺസിലർ കെ.എസ്. ശബരിനാഥൻ പ്രതികരിച്ചു. പല ആവശ്യങ്ങൾക്കുമായി ശാസ്തമംഗലം വാർഡിലെ ജനങ്ങൾ തന്നെ സമീപിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. രാജിക്ക് പിന്നിൽ ബിജെപിയിലെ ആഭ്യന്തര വിഷയങ്ങളാകാമെന്നും ഇതിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും ശബരിനാഥൻ വ്യക്തമാക്കി.
ശ്രീലേഖയുടെ രാജി ജനങ്ങളുടെ വിശ്വാസത്തിനേറ്റ തിരിച്ചടിയാണെന്നും വലിയ ഭൂരിപക്ഷത്തോടെയും പ്രതീക്ഷയോടെയുമാണ് ജനങ്ങൾ അവരെ വിജയിപ്പിച്ചതെന്നും ശബരിനാഥൻ ആരോപിച്ചു. തിരുവനന്തപുരം ബിജെപിയിൽ വലിയ പ്രശ്നങ്ങൾ നിലനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മേയർ സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതിലുള്ള അതൃപ്തി ശ്രീലേഖ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. പാർട്ടി നേതൃത്വം മേയർ പദവി വാഗ്ദാനം ചെയ്തിരുന്നുവെന്ന ശ്രീലേഖയുടെ വെളിപ്പെടുത്തലും അന്ന് ശ്രദ്ധ നേടിയിരുന്നു.