ക്ലിഫ് ഹൗസിലേക്ക് തീപ്പന്തമെറിഞ്ഞു: യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്
 
                                തിരുവനന്തപുരം; മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് പ്രതിഷേധത്തിനിടെ തീപ്പന്തമെറിഞ്ഞ സംഭവത്തിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്കെതിരെ വധശ്രമം അടക്കം ചുമത്തി കേസ്. ഇന്നലെ രാത്രി പ്രതിഷേധവുമായെത്തിയ 28 പേർക്കെതിരെയാണ് തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തത്.
ഷാഫി പറമ്പിൽ എം പിയെ വടകരയിൽ ഡി വൈ എഫ് ഐ പ്രവർത്തകർ തടഞ്ഞതിൽ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോൺഗ്രസ്സ് രാത്രി മാർച്ച്. മാർച്ചിൽ ബാരിക്കേഡിന് മുകളിലൂടെ പ്രവർത്തകർ തീപ്പന്തം എറിഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് വധശ്രമത്തിന് കേസെടുത്തത്. പ്രവർത്തകർ തീപ്പന്തം എറിഞ്ഞുവെന്നും കൈകൊണ്ട് തടഞ്ഞില്ലായിരുന്നുവെങ്കിൽ മരണം വരെ സംഭവിക്കുമായിരുന്നുവെന്നും എഫ് ഐ ആറിൽ പറയുന്നു.
മാർച്ചിൽ പ്രവർത്തകരും പോലീസും ഏറ്റമുട്ടിയതോടെ വൻ സംഘർഷമാണുണ്ടായത്. പിന്നാലെ പോലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. സ്ത്രീകളടക്കം നിരവധി പേർക്കാണ് പരുക്കേറ്റത്. തുടർന്ന് പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് മാറ്റി.
ഡി സി സി ജനറൽ സെക്രട്ടറി ശ്രീകല, മഹിളാ കോൺഗ്രസ്സ് നേതാക്കളായ വീണാ നായർ, ലീന എന്നിവരടക്കമുള്ളവർക്കെതിരെ കേസുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                            