ഗൾഫ് എയർ സർവീസുകൾ വർധിപ്പിച്ചു: തിരുവനന്തപുരത്ത് നിന്ന് ബഹ്റിനിലേക്ക് ആഴ്ചയിൽ ഏഴ് വിമാനങ്ങൾ
തിരുവനന്തപുരം: കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഗൾഫ് പ്രവാസികളുടെ യാത്രാ ആവശ്യങ്ങൾ കണക്കിലെടുത്ത് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബഹ്‌റൈനിലേക്കുള്ള ഗൾഫ് എയർ വിമാന സർവീസുകളുടെ എണ്ണം വർധിപ്പിച്ചു. നിലവിലുണ്ടായിരുന്ന ആഴ്ചയിലെ നാല് സർവീസുകൾ നവംബർ 23 മുതൽ ഏഴായി ഉയർത്തി. ഇതോടെ, ആഴ്ചയിൽ എല്ലാ ദിവസവും തലസ്ഥാനത്ത് നിന്ന് ബഹ്‌റൈനിലേക്ക് നേരിട്ട് വിമാന സർവീസ് ലഭ്യമാകും.
വിമാനത്താവള അധികൃതർ ഔദ്യോഗിക സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ വഴിയാണ് ഈ സുപ്രധാന വിവരം യാത്രക്കാരെ അറിയിച്ചത്.
വർധിപ്പിച്ച സർവീസുകൾ അനുസരിച്ച്, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രണ്ട് സർവീസുകൾ വീതമാണ് ഉണ്ടായിരിക്കുക. ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും മറ്റ് സർവീസുകൾ. ഈ നടപടി ഗൾഫ് രാജ്യങ്ങളിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക്, പ്രത്യേകിച്ച് ബഹ്‌റൈൻ പ്രവാസികൾക്ക്, വലിയ ആശ്വാസമാകും.