തിരുവനന്തപുരം വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗി ചികിത്സ കിട്ടാതെ മരിച്ചതായി പരാതി

Jan 25, 2026 - 12:05
 0  4
തിരുവനന്തപുരം വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗി ചികിത്സ കിട്ടാതെ മരിച്ചതായി പരാതി

തിരുവനന്തപുരം: വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രിയില്‍ മതിയായ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി. കൊല്ലംകോണം സ്വദേശി ബിസ്മിന്‍ ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ശാരീരിക ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിച്ച് യുവാവ് ചികിത്സയ്ക്കായി കാത്തുനില്‍ക്കുന്ന ആശുപത്രിയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വിളപ്പില്‍ശാല കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഗുരുതര സാഹചര്യത്തിലെത്തിച്ച രോഗിക്ക് ചികിത്സ കിട്ടിയില്ലെന്നാണ് കുടുംബത്തിന്റെ പരാതി.

ബിസ്മിനെ കടുത്ത ശ്വാസംമുട്ടലിനെ തുടര്‍ന്നാണ് വിളപ്പില്‍ശാലയിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. ഭാര്യ ജാസ്മിനാണ് ബിസ്മിനെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ വാതിലുകളെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. നിരവധി തവണ വിളിച്ചതിനും കോളിങ് ബെല്‍ അടിച്ചതിനും ശേഷമാണ് ഡോക്ടര്‍ പുറത്തേക്ക് വന്നതെന്നും പരാതിയില്‍ പറയുന്നു. എന്നിട്ടും പ്രാഥമിക ചികിത്സ പോലും നല്‍കിയില്ലെന്നാണ് ബിസ്മിന്റെ ഭാര്യ ജാസ്മിന്‍ ആരോപിക്കുന്നത്. ഇതിന് പുറമേ കുടുംബാരോഗ്യകേന്ദ്രത്തില്‍ നിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. എന്നാല്‍ ആശുപത്രിയിലെത്തിക്കും മുന്‍പ് ബിസ്മിന് മരണം സംഭവിച്ചു.