‘മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ചു പറയരുത്’; എംവി ഗോവിന്ദന് മുഖ്യമന്ത്രിയുടെ വിമര്‍ശനം

Jun 22, 2025 - 19:21
Jun 22, 2025 - 19:21
 0  7
‘മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ചു പറയരുത്’; എംവി ഗോവിന്ദന് മുഖ്യമന്ത്രിയുടെ  വിമര്‍ശനം

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ തലേദിവസം ഗോവിന്ദന്‍ നടത്തിയ ആര്‍എസ്എസ് പരാമര്‍ശത്തിലാണ് മുഖ്യമന്ത്രിയുടെ താക്കീത് നിറഞ്ഞ വിമര്‍ശനം. മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ചും പറയുന്ന രീതി നല്ലതല്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. അത്തരത്തിലുള്ള രീതി അവസാനിപ്പിക്കുന്നതാണ് നല്ലത്. ജയമോ തോല്‍വിയോ പ്രശ്‌നമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എകെജി സെന്ററില്‍ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ മുതല്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ വരെ പങ്കെടുത്ത ശില്‍പശാലയില്‍ ആയിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

നിലമ്പൂരില്‍ വോട്ടെടുപ്പിനു തൊട്ടുമുന്‍പായിരുന്നു സിപിഎമ്മിനെ പ്രതിരോധത്തിലാക്കി എം.വി. ഗോവിന്ദന്റെ പ്രതികരണം. അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോള്‍ ആര്‍എസ്എസുമായി ചേര്‍ന്നു എന്നായിരുന്നു പ്രതികരണം. ഇത് വിവാദമായ പശ്ചാത്തലത്തില്‍ പറഞ്ഞതില്‍ വ്യക്തത വരുത്തി എം.വി.ഗോവിന്ദന്‍ രംഗത്തെത്തിയിരുന്നു. സിപിഎമ്മിന് ആര്‍എസ്എസ് കൂട്ടുകെട്ട് അന്നും ഇന്നുമില്ലെന്നും താന്‍ പറഞ്ഞത് അന്‍പത് കൊല്ലം മുന്‍പത്തെ കാര്യമാണെന്നുമായിരുന്നു ഗോവിന്ദന്‍ വിശദീകരിച്ചത്. ഗോവിന്ദനെ തിരുത്തി മുഖ്യമന്ത്രിയും വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.