ഏതോ മരുന്ന് കഴിക്കാന്‍ മറന്നുപോകുന്നുണ്ട്; മുഖ്യമന്ത്രിക്കൊപ്പമുള്ളവര്‍ അത് ശ്രദ്ധിക്കണം; സതീശന്‍

ഏതോ മരുന്ന് കഴിക്കാന്‍ മറന്നുപോകുന്നുണ്ട്; മുഖ്യമന്ത്രിക്കൊപ്പമുള്ളവര്‍ അത് ശ്രദ്ധിക്കണം;  സതീശന്‍

കോഴിക്കോട്: കേരളത്തിലെ  ജനങ്ങളാല്‍ ആട്ടിയോടിക്കപ്പെടുന്ന മുഖ്യമന്ത്രിയായി കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട മുഖ്യമന്ത്രിയായി, പിണറായി വിജയന് പടിയിറങ്ങേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുകയാണ്. കേരളീയര്‍ ഏറ്റവും ശത്രുവായി കാണുന്നത് ഈ മുഖ്യമന്ത്രിയെയാണ്. നാട്ടുകാരുടെ പണം കൊണ്ട് നവകേരള സദസ് നടത്തി രാഷ്ട്രീയം പറയുന്ന വ്യക്തിയെ ജനം വെറുക്കുകയാണ്. ഇയാളുടെ അവസാനത്തിന്റെ ആരംഭമാണ് ഈ സംഭവങ്ങളിലൂടെ കാണുന്നതെന്നും പ്രതിപക്ഷ നേതാവ് വടകരയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

വഴിയരികില്‍ സമാധാനപരമായി കരിങ്കൊടി കാണിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാനും സഫാരി സൂട്ടിട്ട പൊലീസ് ക്രിമിനലുകളും ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനിലും തിരുവനന്തപുരം സ്വദേശി സന്ദീപും ഇവരെ മര്‍ദിച്ചത്. മുഖ്യമന്ത്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ജീവന്‍ രക്ഷാപ്രവര്‍ത്തനം കോണ്‍ഗ്രസും ആരംഭിക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ കൊണ്ടുപോകുന്നത്. അക്രമം നടത്തിയ ഇവരെ പരസ്യമായി സംരക്ഷിക്കുകയാണ്. ഗവര്‍ണറുടെ വാഹനത്തിന് കേടുപാടുണ്ടാക്കിയതുപോലെ ഈ കുട്ടികള്‍ എന്തെങ്കിലും ചെയ്‌തോയെന്നും സതീശന്‍ ചോദിച്ചു.

തങ്ങള്‍ വിചാരിച്ചാല്‍ അവനൊന്നും അവന്റെ വീട്ടില്‍ നിന്ന് ഇറങ്ങില്ല. അതിനൊക്കെയുള്ള കോണ്‍ഗ്രസുകാര്‍ ഈ നാട്ടിലുണ്ട്. ഇത് സംഘര്‍ഷഭരിതമാകരുതെന്ന് കരുതി തങ്ങളാണ് സംയമനം പാലിച്ചത്. എല്ലാ മര്യാദയുടെയും അതിര്‍വരമ്ബുകള്‍ ലംഘിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ജനങ്ങളുടെ നെഞ്ചത്തുകൂടിയുള്ള തേരോട്ടം നടക്കുന്നത്. ഇയാളുടെ ധാരണ മഹാരാജാവാണെന്നാണ്. മഹാരാജാവ് എഴുന്നള്ളുമ്ബോള്‍ ഒരു പ്രതിഷേധവും പാടില്ല. രാഷ്ട്രീയനേതാക്കള്‍ക്കെതിരെയും മുഖ്യമന്ത്രിമാര്‍ക്കെതിരെയും നമ്മുടെ നാട്ടില്‍ പ്രതിഷേധം ഉണ്ടായിട്ടില്ലേ?. സമാധാനപരമായി റോഡരികില്‍ നിന്ന് കരിങ്കൊടി കാണിച്ചാല്‍ ഈ മുഖ്യമന്ത്രിക്ക് എന്താണെന്നും സതീശന്‍ ചോദിച്ചു.

ക്രിമിനല്‍ മനസുള്ള സാഡിസ്റ്റാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. അധികാരത്തിന്റെ ദാര്‍ഷ്ട്യവും അഹങ്കാരവും തലയ്ക്ക് പിടിച്ച്‌ മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുകയാണ്. എട്ടാമത്തെ പ്രാവശ്യമാണ് പ്രതിപക്ഷ നേതാവിന്റെ സമനില തെറ്റിയെന്ന് മുഖ്യമന്ത്രി പറയുന്നത്. നാട്ടുകാരുടെ ചെലവില്‍ സ്റ്റേജ് കെട്ടി നവകേരള സദസില്‍ ഇരുന്ന് ആദ്യം പറയുന്നത് ഇതാണ്. താന്‍ എവിടെ വേണമെങ്കിലും പോയി ചികിത്സിക്കാന്‍ തയ്യാറാണ്. മുഖ്യമന്ത്രിയുടെ ഒപ്പമുള്ള മന്ത്രിമാരോട് തനിക്ക് പറയാനുള്ളത് വീട്ടുകാര്‍ ആരും അടുത്ത ഇല്ലാത്തതാണ്. മരുന്ന് എടുത്തുകൊടുക്കാന്‍ മറക്കരുത്. ഏതോ മരുന്ന് കഴിക്കാന്‍ അദ്ദേഹം മറന്നുപോകുന്നുണ്ട്. അതുകൊണ്ടാണ് ഇങ്ങനെ തോന്ന്യാസം പറയുന്നത്,  സതീശന്‍ പറഞ്ഞു