കൊച്ചി കോർപറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിന് കുത്തേറ്റു; അക്രമം നടത്തിയത് മകൻ

കൊച്ചി: കോർപ്പറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിനെ മകൻ കുത്തിപരിക്കേൽപ്പിച്ചു. ഇക്കഴിഞ്ഞ രാത്രി എട്ടുമണിയോടെയാണ് സംഭവം. മൂന്നു തവണയാണ് മകൻ ഗ്രേസിയെ കുത്തിയത്. ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നാലെ ഗ്രേസിയുടെ മകൻ രക്ഷപെട്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
കലൂരിൽ ഗ്രേസിക്ക് ഒരു കടയുണ്ട്. ഇവിടെ വെച്ചാണ് ഇവർ ആക്രമിക്കപ്പെട്ടത്. മകനും ഗ്രേസിയുമായി വാക്കുതർക്കമുണ്ടായെന്നും തർക്കത്തിനൊടുവിൽ കത്തി കൊണ്ട് ഗ്രേസിയെ കുത്തുകയായിരുന്നു എന്നുമാണ് റിപ്പോർട്ട്. സംഭവത്തിൽ എറണാകുളം ടൗൺ നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഗ്രേസിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 2015-2020 കാലഘട്ടത്തിൽ കതൃക്കടവ് ഡിവിഷനിൽ നിന്നുള്ള കോൺഗ്രസ് കൗൺസിലറായിരുന്നു ഗ്രേസി ജോസഫ്.