എ.വി. ഗോപിനാഥ് ​ഗുരുവായൂർ ദേവസ്വം ചെയർ‌മാൻ

Mar 8, 2026 - 16:33
 0  4
എ.വി. ഗോപിനാഥ് ​ഗുരുവായൂർ ദേവസ്വം ചെയർ‌മാൻ

ഗുരുവായൂർ: ദേവസ്വത്തിന്‍റെ 16-ാമത് ചെയർമാനായി പാലക്കാട് പെരിങ്ങോട്ടുക്കുറിശി സ്വദേശിയും  മുൻ കോൺഗ്രസ്   എംഎൽഎയുമായ എ.വി. ഗോപിനാഥ് ചുമതലയേറ്റു. ഡോ. വി.കെ. വിജയൻ, വി.ജി. രവീന്ദ്രൻ എന്നിവർ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നുണ്ടായ ഒഴിവിൽ എ.വി. ഗോപിനാഥ്, എം.യു. ഷിനിജ എന്നിവരെ ദേവസ്വം ഭരണസമിതി അംഗങ്ങളായി സർക്കാർ കഴിഞ്ഞദിവസം നാമനിർദേശം ചെയ്തിരുന്നു. ഏകദേശം 48 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഗുരുവായൂര്‍ ദേവസ്വം ഭരണസമതിയിലേക്ക് ഒരു വനിത അംഗം എത്തുന്നത്  . കൊടുങ്ങല്ലൂര്‍ നഗരസഭ മുന്‍ ചെയര്‍പേഴ്സണ്‍ എം.യു. ഷിനിജയാണ് ഭരണസമിതിയില്‍ എത്തിയ വനിത ഷിനിജ. 

തെക്കേ നടയിലെ വൈഷ്ണവം ഓഡിറ്റോറിയത്തിൽ ഇരുവരുടെയും സത്യപ്രതിജ്ഞ ഞായറാഴ്ച രാവിലെ നടന്നു. റവന്യൂ ദേവസ്വം സെക്രട്ടറിയും ഗുരുവായൂർ ദേവസ്വം കമ്മിഷണറുമായ എം.ജി. രാജമാണിക്യം അധ്യക്ഷനായി. ഗുരുവായൂർ ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ദേവസ്വം കമ്മിഷണർ പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ദേവസ്വം കോൺഫറൻസ് ഹാളിൽ കമ്മിഷണറുടെ സാന്നിധ്യത്തിൽ ദേവസ്വം ഭരണസമിതി യോഗം ചേർന്നു.

ദേവസ്വം ചെയർമാനായി എ.വി. ഗോപിനാഥിന്‍റെ പേര് ഭരണസമിതി അംഗം സി. മനോജ് നിർദേശിച്ചു. ഭരണസമിതി അംഗമായ കെ.എസ്. ബാലഗോപാൽ പിന്താങ്ങി. തുടർന്ന് രേഖകളിൽ ഒപ്പുവച്ചു ചെയർമാനായി എ.വി. ഗോപിനാഥ് ചുമതലയേറ്റു.

നിയമനത്തിൽ അതീവ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് വിളിച്ച് സംസാരിച്ചുവെന്നും എ.വി. ഗോപിനാഥ് പ്രതികരിച്ചു. മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാൻ തയ്യാറാണെന്നും താൻ ഗുരുവായൂരപ്പന്റെ ഭക്തനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനി എന്നും സി.പി.എമ്മിനൊപ്പമായിരിക്കും തന്റെ പ്രവർത്തനമെന്നും അദ്ദേഹം വ്യക്തമാക്കി.
പാലക്കാട്ടെ പ്രാദേശിക സി.പി.എം നേതൃത്വവുമായി തർക്കം നിലനിൽക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിലൂടെ ഗോപിനാഥിനെ ഈ പദവിയിലേക്ക് നിയോഗിക്കുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പെരിങ്ങോട്ടുകുറിശ്ശിയിൽ എൽ.ഡി.എഫ് സഖ്യത്തിൽ സ്വതന്ത്ര ജനാധിപത്യ മുന്നണി (IDF) സ്ഥാനാർത്ഥിയായി മത്സരിച്ച അദ്ദേഹം പരാജയപ്പെട്ടിരുന്നു