എന്റെ ആത്മസുഹൃത്ത്‌: ലേഖനം ; ഓമന ജോൺ 

എന്റെ ആത്മസുഹൃത്ത്‌: ലേഖനം ; ഓമന ജോൺ 

നിക്ക് വളരെ അടുത്ത ഒരു സുഹൃത്തുണ്ട്. എന്റെ ജീവിതത്തിൽ ഏറ്റവും വലിയ സ്ഥാനവും ഈ മഹനീയ വ്യക്തിക്കാണ്. അദ്ദേഹം എനിക്കജ്ഞാതനാണ്. കാരണം, ഞങ്ങൾ നേരിൽ കണ്ടിട്ടില്ല. മനസ്സുകൊണ്ട് ഞാൻ മിക്ക സമയവും അദ്ദേഹത്തോട് സംസാരിക്കാറുണ്ട്. എല്ലാ പ്രശ്നങ്ങളും ഞങ്ങൾ ചർച്ച ചെയ്യാറുണ്ട്. അദ്ദേഹത്തിന്റെ ഉപദേശം തേടാറുണ്ട്. പ്രശ്നപരിഹാരങ്ങൾക്കായി യാചിക്കാറുണ്ട്. ഇങ്ങനെയൊരു സുഹൃത്തെന്റെ ജീവിതത്തിൽ ഉള്ളതുകൊണ്ട് ഞാൻ വളരെ ഭാഗ്യവതിയാണെന്നു വിശ്വസിക്കുന്നു. 

അദ്ദേഹത്തിന്റെ അതിമനോഹരവും, അതിവിശാലവുമായ ഭവനത്തിന്റെ വാതിലുകൾ എനിക്കായി തുറന്നിട്ടിരിക്കുന്നു. അവിടേക്കു കയറിചെല്ലാൻ മുൻ‌കൂർ അനുവാദം നേടേണ്ടതില്ല. ക്ഷണത്തിനായി കാത്തിരിക്കേണ്ടതില്ല. ചെലവഴിക്കേണ്ട സമയത്തിന് പരിമിതികളില്ല. അവിടെ ഞാൻ പരിപൂർണ്ണ സ്വതന്ത്രയാണ്.

എന്റെ സന്തോഷങ്ങളിലും, ദുഃഖങ്ങളിലും അദ്ദേഹം പങ്കുചേരാറുണ്ട്. ജീവിതത്തിൽ ഒറ്റപ്പെടുന്ന വേളകളിൽ എനിക്ക് ശക്തിയായി അദ്ദേഹം കൂട്ടിനുണ്ട്. ഞാൻ സഹായം ആവശ്യപ്പെടുമ്പോൾ, ശത്രുക്കളെന്നെ പിടികൂടാൻ ശ്രമിക്കുമ്പോൾ, വളരെ അത്ഭുതകരമായി അദ്ദേഹമെന്നെ രക്ഷപ്പെടുത്താറുണ്ട്. ആ ഉള്ളംകൈകളിൽ ഞാനെന്നും സുരക്ഷിതയാണെന്ന വിശ്വാസം എന്റെ ജീവിതത്തിനു പ്രത്യാശ നൽകുന്നു. 

എന്റെ ജീവിതത്തിൽ ഞാനേറ്റവും വിശ്വസിക്കുന്നത് എന്റെയീ സുഹൃത്തിനെയാണ്. അദ്ദേഹമെന്നെ തള്ളിക്കളയുകയോ, തള്ളിപ്പറയുകയോ ചെയ്യില്ല. അത്രയേറെ നന്മകൾ എനിക്കു ചെയ്യുന്ന, മറഞ്ഞിരുന്നുകൊണ്ട് എന്റെ എല്ലാ ചലനങ്ങളും നിരീക്ഷിക്കുന്ന, എന്റെയീ നല്ല സുഹൃത്തിനെപ്പറ്റി രണ്ടു വരികൾ എഴുതിയില്ലെങ്കിൽ, അതൊരു നന്ദികേടാണെന്നു എന്റെ മനസ്സാക്ഷി പറയുന്നു. 

എനിക്കേറ്റവും പ്രിയങ്കരനായ ഈ സുഹൃത്തിനെ നിങ്ങൾക്കും അറിയാം. ഞങ്ങൾ തമ്മിലുള്ള ബന്ധത്തിന് വർഷങ്ങളുടെ ദൈർഘ്യമുണ്ട്. പക്ഷെ, ചില സമയങ്ങളിലൊക്കെ ഞാനദ്ദേഹത്തിൽ നിന്നും അകന്നു മാറിയിട്ടുണ്ട്. മനഃപൂർവ്വമല്ല, സാഹചര്യങ്ങളാണു കാരണമെന്നു വേണമെങ്കിൽ പറയാം. പക്ഷെ, സത്യം അതല്ലല്ലോ!

ലോകത്തിലെ മറ്റു ബന്ധങ്ങളെ കൂടുതൽ സ്നേഹിക്കാനും, സേവിക്കാനും പോയപ്പോൾ എന്റെ സുഹൃത്തിനുവേണ്ടി മാറ്റിവയ്ക്കാൻ സമയം കണ്ടെത്താനായില്ല. അതെനിക്കു പറ്റിയ ഒരു തെറ്റായിരുന്നുവെന്ന് ഞാൻ സമ്മതിക്കുന്നു. പക്ഷെ എന്നെ നഷ്ടപ്പെടാൻ എന്റെ സുഹൃത്ത്‌ ഒരുക്കമായിരുന്നില്ല. ജീവിതയാഥാർഥ്യങ്ങൾ പല അനുഭവങ്ങളിലൂടെ, പല സമയങ്ങളിലായി, അദ്ദേഹമെന്റെ മുന്നിൽ കാട്ടിത്തന്നു. അദ്ദേഹമെന്നെ പഠിപ്പിക്കുകയായിരുന്നു. എന്റെ നന്മക്കായി..... എന്റെ ഉയർച്ചക്കായി. 

ഈ ലോകത്തിലെ വ്യക്തിബന്ധങ്ങളൊക്കെ പൊള്ളയാണെന്നും, അനശ്വരമായും സ്ഥിരമായ സന്തോഷം തരാൻ കഴിവുള്ളതുമായി യാതൊന്നുമില്ലെന്നും ആർക്കാണ് അറിയാത്തത് ? ജന്മം തരുന്ന മാതാപിതാക്കൾ പോലും അന്യരായിത്തീരുന്നു. മരിക്കുവോളം വേർപിരിയില്ലെന്നും, ഒരേ മനസ്സോടെ ജീവിതത്തിലെ സുഖദുഃഖങ്ങൾ പങ്കുവെച്ച് ജീവിച്ചുകൊള്ളാമെന്നും ദൈവതിരുമുമ്പാകെ സത്യം ചെയ്ത് ഒന്നിച്ചു ചേരുന്ന ദമ്പതികൾ ശത്രുക്കളെപ്പോലെ പിരിയുന്നു. നല്ലവരായ മാതാപിതാക്കളെ വേദനിപ്പിച്ചുകൊണ്ട് മക്കൾ അകന്നുപോകുന്നു.

സഹോദരങ്ങൾ രക്തബന്ധം മറന്ന് വഞ്ചകരും സ്വാർത്ഥരുമായി ശത്രുക്കളായി തീരുന്നു. എന്നും കൂടെ കാണുമെന്നു വിശ്വസിക്കുന്ന കൂട്ടുകാർ, അന്യരെപ്പോലെ കടന്നുപോകുന്നു. അപ്പോൾ പിന്നെ ഈ ലോകത്തിൽ ഏതു ബന്ധത്തിനാണു പ്രസക്തി? പ്രതിസന്ധികളും ദുഃഖങ്ങളും വന്നുചേരുമ്പോൾ ഏതു ചുമലിലാണ് നമ്മുടെ ഹൃദയഭാരം ഇറക്കിവയ്‌ക്കേണ്ടത്? സ്വപ്നങ്ങളൊക്കെയും വ്യർത്ഥമാകുമ്പോൾ, അവകാശങ്ങൾക്ക് അർത്ഥമില്ലാതാകുമ്പോൾ, മുന്നോട്ടു പോകാനാവാത്തവിധം പാദങ്ങൾ ഇടറുമ്പോൾ, എവിടെയാണ് മനുഷ്യന്റെ ആശ്വാസം? ഞാനീ കാര്യങ്ങളെപ്പറ്റി വളരെയധികം ചിന്തിച്ചിട്ടുണ്ട്. എനിക്ക് സംതൃപ്തി നൽകുന്ന ഒരു ഉത്തരം കണ്ടെത്താനായി ഞാൻ വളരെ ശ്രമിച്ചു. അവസാനം ഞാനെത്തിച്ചേർന്നത്, എന്റെയീ നല്ല സുഹൃത്തിന്റെ അരികിലേക്കാണ്.

ഏകാന്തതയുടെ നിമിഷങ്ങളിൽ, കഷ്ടതയുടെയും നഷ്ടങ്ങളുടെയും നാളുകളിൽ, എന്റെ മനസ്സിനു ശക്തി പകർന്നുകൊണ്ട് എവിടെനിന്നോ അജ്ഞാതമായൊരു സ്വരം എന്റെ കാതുകളിൽ മന്ത്രിക്കാറുണ്ട്,  "ഭയപ്പെടേണ്ട, ഞാൻ നിന്റെ കൂടെയുണ്ട്." ശരിയാണ്. അതിശക്തിമാനായ ഒരു സംരക്ഷകൻ എന്റെ കൂടെയുള്ളപ്പോൾ ഞാനാരെ ഭയപ്പെടണം? എന്തിനെ ഭയപ്പെടണം? കഷ്ടങ്ങളും നഷ്ടങ്ങളും എനിക്കായി എന്റെ പ്രിയസുഹൃത്ത്‌ ഒരുക്കിയിരിക്കുന്ന നേട്ടങ്ങളുടെയും വിജയത്തിന്റെയും ഒരു മുന്നോടി മാത്രം. കൂടുതൽ കരുത്തു നേടാൻ എനിക്കായി ഒരുക്കിയിരിക്കുന്ന ഒരു പരിശീലനകാലം.   അത്രമാത്രം. 

ഞാനിതാ മുന്നേറുകയാണ്.   എന്റെയീ പ്രിയ സുഹൃത്തിന്റെ വിരൽത്തുമ്പിൽ പിടിച്ചുകൊണ്ട്.   പ്രത്യാശയുടെയും, സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും വഴികൾ തേടി..... ഒരു നല്ല നാളേക്കായി.... 

 

- ഓമന ജോൺ