കൈസർ: കഥ, പെരുങ്കടവിള വിൻസൻ്റ്

ഒരു പത്രവാർത്ത: ഭാര്യയ്ക്ക് കാൻസർ ആണെന്ന് തിരിച്ചറിഞ്ഞ ഭർത്താവ് ആശുപത്രിയിൽ നിന്നും മുങ്ങി.
ആറ്റുനത്ത മണലിൽ കോറിയ വരയിലൂടെ മനുവിൻ്റെ കണ്ണുകൾ സഞ്ചരിച്ചു. അത് നെയ്യാറിൻ്റെ അഴുക്കടിഞ്ഞ പച്ചനിറമുള്ള വെള്ളത്തിൽ അവസാനിച്ചു. മീനവെയിൽ പുഴക്കരയിലെ മരച്ചീനിയിലകളെ നോവിക്കാൻ തുടങ്ങിയിരുന്നു. മണലെടുത്ത കുഴിയിൽ ഒഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ പശുവിനെ കുളിപ്പിച്ച ശേഷം തിരികെ പോകുന്ന രാമൻ മനുവിനെ നോക്കി ചിരിച്ചു. മനുവും ചിരിച്ചു.
'കൈസറിനെ ഇവിടെയെങ്ങാനും കണ്ടോ ?' മനു രാമനോട് ചോദിച്ചു.
'ഇല്ലല്ലോ ' രാമൻ പറഞ്ഞു.
'കൈസറെന്തിനാ ഇവിടെ വരുന്നത് ?'രാമൻ ചോദിച്ചു: 'വീട്ടിലില്ലേ'
'ഇല്ല. അച്ഛൻ മരിച്ചേപ്പിന്നെ കൈസറിനെ ആരും കണ്ടിട്ടില്ല. എവിടെയോ പോയി.'
രാമൻ നിന്നു. പശുവിൻ്റെ കയർ അയഞ്ഞു. പശു കയറിൻ്റെ അറ്റത്തെ കെട്ട് തൂലികയാക്കി മണൽ പരന്നു കിടന്ന ഇടവഴിയിൽ വളഞ്ഞുപുളഞ്ഞു നീണ്ടുപോകുന്ന വര വരച്ചുകൊണ്ടു് വീട്ടിലേക്ക് നടന്നു.
'മോൻ വീട്ടിപ്പോ. അതങ്ങ് വരും. ഈ പൊരിവെയിലത്ത് നില്ക്കണ്ട.' രാമൻ പറഞ്ഞു.
'ങും' മനു തലയാട്ടി. എങ്കിലും കൈസറിനെ കാണാത്ത സങ്കടഭാരത്താൽ അവൻ്റെ തല കുനിഞ്ഞു. കണ്ണുനീർ വറ്റിയുണ്ടായ എണ്ണമയപ്പാട കണ്ണുകൾക്കു താഴെ നിഴൽ പോലെ പടർന്നിരുന്നു.
വെയിലിൻ്റെ ചൂരൽച്ചൂട് ഗൗനിക്കാതെ അവൻ പിന്നെയും ആറ്റുമണലിൽ നടന്നു.
ഏതോ മൃഗത്തിൻ്റെ ശവശരീരം ചീഞ്ഞ മണം അവൻ്റെ മൂക്കിൽ തൊട്ടു.ഗന്ധം വന്ന ഭാഗത്തേയ്ക്ക് അവൻ നോക്കി. അവന് വിശ്വസിക്കാൻ കഴിഞ്ഞില്ല. വെള്ളം മണൽക്കരയെ തൊടുന്നിടത്ത് കൈസർ വശം ചരിഞ്ഞ് കിടക്കുന്നു. കറുത്ത നിറമുള്ള കൈസറിൻ്റെ വയർ ഭാഗത്തെ വെളുപ്പ് നിറം നന്നായി കാണാം. പിൻ കാലുകളുടെ അറ്റം വെള്ളത്തിൽ മുട്ടിയിരുന്നു. വീട്ടിൽ വരാന്തയിലെ മടക്കിയിട്ടചണച്ചാക്കിൽ കിടന്നുറങ്ങുമ്പോൾ എങ്ങനെയാണോ അതുപോലെ ശാന്തമായിരുന്നു അവൻ്റെ മുഖം. എന്നാൽ ഉറങ്ങുമ്പോൾ കാലുകൾ മുന്നോട്ട് മടക്കി വച്ച്, കണ്ടാൽ ഒരു വലിയ ചെമ്മീൻ എന്ന് തോന്നുംവിധമായിരുന്നു അവൻ്റെ കിടപ്പ്. എങ്കിൽ ഇപ്പോഴാകട്ടെ കാലുകളോ തലയോ വളയ്ക്കാതെയാണ് കിടപ്പ്. മൃഗങ്ങൾ ജീവിച്ചിരിക്കുമ്പോൾ വി ധേയരും ചത്തുകഴിഞ്ഞാൽ യജമാനന്മാരുമാണോ ? ആവോ ! ആർക്കറിയാം ? കൈസറിൻ്റെ കിടപ്പു കണ്ടാൽ അങ്ങനെ തോന്നും.
കൈസറിനോട് ചേർന്ന് മണലിൽ, വിത്തു മുളപൊട്ടി വരുമ്പോളെന്നപോലെ മണൽത്തരികൾ പൊങ്ങി നിന്നിരുന്നു. അവിടെ നിന്നും ഉറുമ്പുകൾ കൈസറിൻ്റെ വിറങ്ങലിച്ച ഉടലിലേക്ക് കയറിപ്പോകുന്നുണ്ടായിരുന്നു. മണിയ നീച്ചകൾ, ഉറുമ്പിഴയുന്ന അടഞ്ഞ കണ്ണുകൾക്കരികിൽ ഇരുന്നും പറന്നും ഭൂമിയിൽ ജീവൻ്റെ അർത്ഥശൂന്യതയുടെ വിലാപകാവ്യം ചൊല്ലി. മനു ആ നിശ്ചല ശരീരം നോക്കി നിന്നു.
ഒരു വർഷം മുമ്പാണ് മനു കൈസറിനെ ആദ്യമായി കാണുന്നത്. സ്ക്കൂളിൽ ഉച്ചയ്ക്ക് പൈപ്പിൽ പാത്രം കഴുകുമ്പോൾ എച്ചിൽ തിന്നാനെത്തിയതായിരുന്നു ആ കുഞ്ഞു പട്ടി. പാത്രത്തിൽ ഒട്ടിപ്പിടിച്ചിരുന്ന ചോറും, അയല മീനിൻ്റെ മുള്ളുകളും മനു അടുത്തു കിടന്ന തേക്കിലയിൽ വച്ചു കൊടുത്തു. അനുവാദത്തിനെന്നവണ്ണം ഒന്ന് നോക്കിയ ശേഷം അത് ആർത്തിയോടെ എച്ചിൽ തിന്നു. പിന്നെ അതൊരു പതിവായി. എവിടെ നിന്നാണെന്നറിയില്ല ഉച്ചയ്ക്ക് പാത്രം കഴുകാനെത്തുമ്പോൾ അവനുമെത്തും. മനുവിനെയും, പാത്രത്തേയും, എച്ചിൽ ഇടുന്ന സ്ഥലത്തേയും അവൻ മാറിമാറി നോക്കുന്നതു കണ്ടാൽ ചിരി വരും. മനുവാകട്ടെ തീർത്തു തിന്നാതെ ഒരല്പം കരുതി വയ്ക്കും.
പരീക്ഷക്കാലത്ത് പെട്ടന്ന് പെയ്തൊരു മഴക്കുശേഷം സ്ക്കൂളിൽ നിന്നും വീട്ടിലേക്ക് നടക്കുമ്പോൾ രണ്ട് തെരുവുപട്ടികൾ മനുവിന് പിന്നാലെ ചെന്നു. പുസ്തകസഞ്ചി കൊണ്ട് ആട്ടിയിട്ടും, കല്ലെടുത്തെറിഞ്ഞിട്ടും പോകാതെ അവ ആക്രമണത്തിന് കോപ്പുകൂട്ടി. പേടിച്ച് ഓടാൻ തുടങ്ങുമ്പോഴാണ് മൂന്നാമതൊരു പട്ടിയുടെ കുരകൂടി കേട്ടത്. പ്രാണഭീതിയോടെ പുതിയ അവതാരത്തെ നോക്കിയപ്പോൾ മനസ്സ് തണുത്തു. അത് ഉച്ചയ്ക്ക് വരുന്ന പട്ടിയായിരുന്നു. അത് തെരുവു പട്ടികളെ കുരച്ചോടിച്ചു. അത് വാലാട്ടിക്കൊണ്ട് മനുവിന് പിന്നാലെ നടന്നു, അകമ്പടി പോലെ.
മനു വീട്ടിൽ കയറി. പുസ്തകക്കെട്ട് മേശമേലിട്ടു. പഴയൊരു അലൂമിനിയം പാത്രത്തിൽ ചോറും മീനും നിറച്ച് പട്ടിക്ക് കൊടുത്തു.
സാധാരണയായി 'എനിക്കു വിശക്കുന്നമ്മേ' എന്ന് ചിണുങ്ങിക്കൊണ്ട് വരാറുള്ള മനു അടുക്കളയിൽ നിന്നും പുറത്തേയ്ക്കിറങ്ങുന്നത് കണ്ട് ഓടി വന്ന ശാരദ കണ്ടത് മുറ്റത്ത് നിന്ന് ചോറു തിന്നുന്ന പുതിയ അതിഥിയേയും ,അത് നോക്കി നില്ക്കുന്ന മനുവിനേയുമായിരുന്നു.
'എവിടുന്നാ ?' ശാരദ മനുവിനോട് തിരക്കി.
ശാരദ വടക്കുവശത്ത് വിറകു ചുള്ളികൾഅടുക്കുകയായിരുന്നു. അവിടുന്ന് ഓടിവന്നതു കാരണം താഴെയി ടാൻ മറന്നു പോയ ഒരു വിറകുചുള്ളി കൈയ്യിൽ ഉണ്ടായിരുന്നു.
അത് കണ്ട് പട്ടി ഒന്നു കുരച്ചു.
'ദേഷ്യക്കാരനാണല്ലേ ?' അവർ വടി ദൂരെയിട്ടു.
മൃഗങ്ങൾക്ക് മനുഷ്യൻ്റെ ബ്രയിൻ മാപ്പിംഗ് വശമുണ്ടോ എന്തോ .എന്തായാലും അത് കുര നിർത്തി വാലാട്ടാൻ തുടങ്ങി, ഇതൊക്കെ ഒരു നമ്പരല്ലേ എന്ന അർത്ഥത്തിൽ.
തെങ്ങുകയറ്റം കഴിഞ്ഞ് പപ്പൻ വന്നപ്പോഴാകട്ടെ പട്ടിയ്ക്ക് കുരയോ, ജാടയോ ഒന്നും ഉണ്ടായിരുന്നില്ല. മനുവിരിച്ചു കൊടുത്ത ചാക്കിൽ നിന്നും എണീറ്റ് വന്ന് അത് വാലാട്ടിക്കൊണ്ട് പപ്പനു ചുറ്റും കറങ്ങി. പപ്പൻ അതിൻ്റെ നെറ്റിയിൽ തലോടി. തലോടലിനായി അത് തല കുനിച്ച് വിധേയപ്പെട്ടു. പപ്പൻ അതിനു പേരിട്ടു; കൈസർ.
വളരെവേഗം കൈസർ വീടിൻ്റെ സംരക്ഷണച്ചുമതല സ്വയം ഏറ്റെടുത്തു. വീട്ടുവളപ്പിലേയ്ക്ക് അന്യരെ, മനുഷ്യനായാലും, മൃഗമായാലും, കയറ്റാതായി. കൈസറിനെ പേടിച്ച് ആരും അതുവഴി വരാതായി എന്നു പറഞ്ഞാൽ മതിയല്ലോ. ഏതാനും നാൾ രാവിലെയും വൈകുന്നേരവും കൈസർ മനുവിൻ്റെ സ്ക്കൂൾ യാത്രകളിൽ കൂട്ടായി. പട്ടിശല്യം പിന്നീട് ഉണ്ടാകാത്തതു കൊണ്ടാകാം കൈസർ അകമ്പടിസേവ നിർത്തി പപ്പനൊപ്പം കൂടി; പകൽ മുഴുവനും.
കുളക്കരയിലെ ചായക്കടയിൽ വച്ചോ, പണി കഴിഞ്ഞ് വൈകുന്നേരം നെയ്യാറ്റിൽ കുളിക്കാൻ പോകുമ്പോഴോ മറ്റോ പപ്പനോട് ആരെങ്കിലും ഉറക്കെ സംസാരിക്കുന്നത് കണ്ടാൽ കൈസർ കുരയ്ക്കും.
ചായക്കടയിൽ വച്ച് ആരെങ്കിലും എന്തെങ്കിലും ഇട്ടു കൊടുത്താൽ കൈസർ കഴിക്കുമായിരുന്നു. ഒരിക്കൽ ദോശ തിന്നുകൊണ്ടിരുന്ന പണിക്കാരൻ 'വായി നോക്കി നില്ക്കാതെ ഇതാ തിന്നോ' എന്നു പറഞ്ഞു കൊണ്ട് ഒരു കഷ്ണം ദോശ കൈസറിന് ഇട്ടു കൊടുത്തു. കൈസർ അതു തിന്നാതെ , പപ്പനെയും ഉപേക്ഷിച്ച് വീട്ടിൽച്ചെന്ന് ചാക്കിൽക്കിടന്ന് ഗാന്ധിസമരം തുടങ്ങി. ഒരുപാടു പെട്ടാണ് കൈസർ ഉണ്ണാപ്രതം അവസാനിപ്പിച്ചത്.
കാലം ചെല്ലുന്തോറും കൈസറിൻ്റെ കാര്യപ്രാപ്തിയും വർധിച്ചു പോന്നു. പപ്പൻ നെയ്യാറിൽ നിന്നും ചൂണ്ടയിട്ടു പിടിക്കുന്ന മീൻ ഏതെങ്കിലും നാരിൽ കൊരുത്ത് കൈസറെ ഏല്പിച്ചാൽമതി, ഒറ്റ ഓട്ടത്തിന് മീൻ വീട്ടിലെത്തിക്കും. മീൻ വെട്ടുമ്പോൾ വാലും, തലയും കുടൽ മാലയും അവനുള്ളതാണ്.
ഇരുപത്കോലെട്ട് എന്ന് പഴയൊരു തച്ചുശാസ്ത്രക്കണക്കൊപ്പിച്ച ആ വീടിന് വരാന്തയും, കൈവരിയും ചെറുവരാന്തയും ഉണ്ടായിരുന്നു. ചെറുവരാന്തയിലായിരുന്നു കൈസറിൻ്റെ കട്ടിൽ .( മടക്കിയ ചണചാക്ക്) ചാക്ക് രാത്രി വരാന്തയിലേക്ക് മാറ്റിയിട്ടുകൊടുക്കും. വീട്ടുകാർ മറന്നു പോയാൽ കൈസർ ചിണുങ്ങി ഓർമ്മപ്പെടുത്തും. ആരും ചെന്നില്ലെങ്കിൽ ചാക്ക് കടിച്ചെടുത്ത് വരാന്തയിൽ ഇട്ടോളും.
ഒരു മാമ്പഴക്കാലം. വെളുപ്പിനെ കൈവരിയിൽ രണ്ട് മാങ്ങാപ്പഴം. പപ്പൻ എടുത്തു വച്ചതാണെന്നാണ് ശാരദ കരുതിയത്. എന്നാൽ മുറ്റത്തെ മാവിൽ നിന്നും വീണ മൈലാപ്പൂവരിക്കമാങ്ങ , തൊലിയിൽ പല്ലിൻ്റെ ഒരടയാളം പോലും എല്ക്കാതെ വരാന്തയിൽ കൊണ്ടു വച്ചത് കൈസറായിരുന്നു. തർക്കം മൂത്തപ്പോൾ ഉറക്കമിളച്ചാണ് ആ രഹസ്യം കണ്ടുപിടിച്ചത്.
'രാമൻ മാമാ' മനു വിളിച്ചു. കൈവിട്ടുപോയ ,പശുവിൻ്റെ കയറിനു പിന്നാലെ ഓടുകയായിരുന്ന രാമൻനിന്നു. പശുവിനെ അടുത്തുള്ള കാഞ്ഞിരമരക്കുറ്റിയിൽ കെട്ടിയിട്ട് രാമൻ വന്നു.
'നീ ഇവിടെ നില്ക്ക്. ഞാൻ വീട്ടിൽപ്പോയി ആളെ കൂട്ടി വരാം.
പപ്പൻ്റെ ചിതക്കരികിൽ തന്നെ കൈസറിൻ്റെ സംസ്ക്കാരവും നടന്നു.
കൈസറിൻ്റെ യജമാന സ്നേഹം ഗ്രാമത്തിൽ പാട്ടായി. മുമ്പത്തി അഞ്ചാം വയസിൽ ഭാര്യ ശാരദയേയും, മകൻ മനുവിനേയും തനിച്ചാക്കി ന്യുമോണിയ ബാധിച്ചു മരിച്ച പപ്പൻ്റെ കാര്യം എല്ലാവരും മറന്നു. എന്നാൽ അന്നം നല്കിയതിന് അഥവാ തിന്ന അന്നത്തിന് ആജന്മം സേവനം ചെയ്ത് യജമാനനോടൊപ്പം ജീവൻ വെടിഞ്ഞ കൈസറിൻ്റെ കഥ തലമുറ കൈമാറി വരുന്നു.
......