ഏഷ്യയിലെ പ്രായം കൂടിയ ആന ‘വത്സല’ ചരിഞ്ഞു

പാട്‌ന: ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ആന എന്നറിയപ്പെട്ടിരുന്ന ‘വത്സല’ ചരിഞ്ഞു. നൂറ് വയസിലധികം പ്രായമുള്ള വത്സല ഇന്നലെയാണ് മധ്യപ്രദേശിലെ പന്ന കടുവ സങ്കേതത്തില്‍ വെച്ച് ചരിഞ്ഞത്. മുന്‍കാലുകളിലെ നഖങ്ങള്‍ക്കേറ്റ ക്ഷതം കാരണം ഹിനൗത മേഖലയിലെ ഖിരിയാന്‍ ഡ്രെയിനിന് സമീപം വത്സല ഇരുന്ന് പോയിരുന്നു. ആനയെ ഉയര്‍ത്താന്‍ വേണ്ടി വനപാലകര്‍ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ഉച്ചയോടെ ആന ചരിയുകയായിരുന്നു. പ്രായാധിക്യം കാരണം നടക്കുന്നതിന് ബുദ്ധിമുട്ട് നേരിടുകയും കാഴ്ച്ച ശക്തി നഷ്ടപ്പെടുകയും ചെയ്തിരുന്നു.
പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിട്ട വത്സല ഹിനൗതയിലെ ആനത്താവളത്തില്‍ സംരക്ഷണത്തിലായിരുന്നു. അവിടെ നിന്ന് ദിവസവും ഖിരിയാന്‍ ഡ്രെയിനില്‍ കുളുപ്പിക്കാന്‍ കൊണ്ട് പോവുകയും ചെയ്തിരുന്നു. കടുവ സങ്കേതത്തിലെ വന്യജീവി വിദഗ്ധരും മൃഗഡോക്ടര്‍മാരും വത്സലയുടെ ആരോഗ്യം സ്ഥിരമായി നിരീക്ഷിച്ച് വരികയായിരുന്നു. കൃത്യമായ പരിചരണം ലഭിച്ചത് കൊണ്ടാണ് പന്ന വനമേഖലയിലെ വരണ്ട കാലാവസ്ഥയെയും തരണം ചെയ്ത് ഇത്രയും കാലം ജീവിക്കാന്‍ വത്സലക്ക് കഴിഞ്ഞതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് ആനക്ക് അന്ത്യോപചാരം അർപ്പിച്ചു.
കേരളത്തില്‍ നിന്നാണ് വത്സല എന്ന പെണ്‍ ആനയെ മധ്യപ്രദേശിലേക്ക് എത്തിച്ചത്. വര്‍ഷങ്ങളായി വത്സല വിനോദ സഞ്ചാരികളുടെ ആകര്‍ഷണങ്ങളിലൊന്നായിരുന്നു