സംവിധായകൻ രഞ്ജിത്തിന് ജാമ്യമില്ല; തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു

Apr 4, 2026 - 09:33
 0  5
സംവിധായകൻ രഞ്ജിത്തിന് ജാമ്യമില്ല; തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു

കൊച്ചി: ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് ജാമ്യമില്ല. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രഞ്ജിത്തിന് ജാമ്യം നിഷേധിച്ചു. തിങ്കളാഴ്ച വൈകുന്നേരം നാലുമണിവരെ രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടിരുന്നത്. അതേസമയം രഞ്ജിത്തിൻ്റെ ജാമ്യാപേക്ഷയിന്മേലുള്ള വാദം ചൊവ്വാഴ്ച നടക്കും.

മുതിർന്ന അഭിഭാഷകൻ എസ് രാജീവ് ആണ് രഞ്ജിത്തിന് വേണ്ടി ഹാജരായത്. രഞ്ജിത്തിൻ്റെ അറസ്റ്റിനെ അഭിഭാഷകൻ കോടതിയിൽ ചോദ്യംചെയ്തു. ഏഴുവർഷത്തിൽ താഴെ മാത്രം തടവുശിക്ഷ ലഭിക്കാൻ സാധ്യതയുള്ള വകുപ്പുകൾ ചുമത്തിയിരിക്കുന്ന കേസിലെ അറസ്റ്റ് നടപടി സുപ്രീം കോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങളുടെ ലംഘനാണെന്ന് അഭിഭാഷകൻ വാദിച്ചു. രഞ്ജിത്തിന്റെ ആരോഗ്യസ്ഥിതിയും അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചു.

എന്നാൽ രഞ്ജിത്ത് ചെയ്ത കുറ്റകൃത്യം ഗുരുതര സ്വഭാവമുള്ളതാണെന്നും കസ്റ്റഡിയിൽതന്നെ ചോദ്യംചെയ്ത് തെളിവുകൾ ശേഖരിക്കണമെന്നും പ്രോസിക്യൂട്ടർ വാദിച്ചു. പ്രോസിക്യൂഷൻ്റെ വാദം അംഗീകരിച്ച കോടതി രഞ്ജിത്തിനെ കസ്റ്റഡിയിൽ വിടുകയായിരുന്നു.

ഞ്ജിത്ത് പുതിയതായി സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുന്ന യുവനടിയുടെ പരാതിയിലായിരുന്നു പോലീസിൻ്റെ അപ്രതീക്ഷിത നീക്കം ഉണ്ടായത്. എറണാകുളത്തുനിന്ന് തൊടുപുഴയിലേക്ക് പോകുന്നതിനിടെ മുട്ടത്തുവെച്ച് പോലീസ് കാർ തടഞ്ഞ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് എറണാകുളത്തേക്ക് എത്തിച്ചു വൈദ്യപരിശോധന നടത്തിയ ശേഷം മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കുകയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു.