തദ്ദേശ തെരഞ്ഞെടുപ്പ്: ജയിച്ചവരുടെ സത്യപ്രതിജ്ഞ ഞായറാഴ്ച

Dec 11, 2025 - 10:20
 0  5
തദ്ദേശ തെരഞ്ഞെടുപ്പ്: ജയിച്ചവരുടെ സത്യപ്രതിജ്ഞ ഞായറാഴ്ച

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഈ മാസം 21ന് നടക്കും. അന്ന് തന്നെ പുതിയ ഭരണസമിതികള്‍ നിലവില്‍ വരും. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. നിലവിലെ ഭരണസമിതികളുടെ കാലാവധി ഡിസംബര്‍ 20ന് അവസാനിക്കുന്ന സാഹചര്യത്തിലാണ്, അവധി ദിനമായിട്ടും 21-ാം തീയതിയായ ഞായറാഴ്ച തന്നെ സത്യപ്രതിജ്ഞ ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.

കേരള പഞ്ചായത്ത് രാജ്, കേരള മുനിസിപ്പാലിറ്റി ചട്ടങ്ങളിലെ വ്യവസ്ഥപ്രകാരം പൊതു അവധി ദിവസങ്ങളില്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി യോഗങ്ങള്‍ ചേരാന്‍ പാടില്ലായിരുന്നു. 21 ഞായര്‍ പൊതു അവധി ദിവസമാണ്. ഇൗ സാഹചര്യത്തില്‍ ഞായറാഴ്ച യോഗം ചേരാന്‍ സാധിക്കാതെ വന്നാല്‍ ഒരു ദിവസത്തേക്ക് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തേണ്ടിവരും. ഈ പ്രതിസന്ധി മറികടക്കാനാണ് ഏതാനും ദിവസം മുമ്പ്, പൊതുതെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യയോഗത്തിന് ഒഴിവുദിനം ബാധകമല്ലാതാക്കി ചട്ട ഭേദഗതി കൊണ്ടുവന്നത്.

ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവയില്‍ ഏറ്റവും മുതിര്‍ന്ന അംഗമാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. അതത് വരണാധികാരികളാണ് സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്യിക്കുന്നത്. കോര്‍പറേഷനുകളില്‍ കലക്ടര്‍മാരാണ് ആദ്യ അംഗത്തെ സത്യപ്രതിജ്ഞ ചെയ്യിക്കേണ്ടത്