നിലപാടിൽ മാറ്റമില്ല, പ്രതിഷേധങ്ങളെ എൻഎസ്എസ് നേരിടും; സുകുമാരൻ നായർ

കോട്ടയം: സർക്കാരിനെ പിന്തുണച്ചുകൊണ്ടുള്ള എൻഎസ്എസ് നിലപാടിൽ വിമർശനം തുടരുമ്പോഴും നിലപാടിലുറച്ച് സുകുമാരൻ നായർ. രാഷ്ട്രീയ നിലപാട് പറഞ്ഞു കഴിഞ്ഞെന്നും പ്രതിഷേധങ്ങൾ നേരിട്ടോളാമെന്നും അദ്ദേഹം പ്രതികരിച്ചു. ചങ്ങനാശേരി പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് പൊതു യോഗത്തിനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
താൻ തന്‍റെ രാഷ്ട്രീയ നീലപാടാണ് പറഞ്ഞത്. പ്രതിഷേധിക്കുന്നവർ പ്രതിഷേധിച്ചോട്ടെ, അത് കൊണ്ട് എനിക്ക് കുറച്ച് പബ്ലിസിറ്റി കിട്ടുമല്ലോ, പറഞ്ഞ നിലപാടിനെകുറിച്ച് ആവർത്തിച്ച് ചോദിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ആകെ 5600 കരയോഗങ്ങളുള്ളതിൽ ഒന്നോ രണ്ടോ കരയോഗങ്ങൾ മാത്രമാണ് അയ്യപ്പ സംഗമത്തിന് എൻഎസ്എസ് പിന്തുണയിൽ എതിർപ്പ് പറഞ്ഞത്. അവരുടെ എതിർപ്പ് കാര്യമാക്കുന്നില്ലെന്ന് ജി സുകുമാരൻ നായർ പറഞ്ഞു. കാര്യം മനസിലാക്കുമ്പോൾ അവർ തിരുത്തും. എൻ എസ്എസ് പിന്തുണക്ക് കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് ആരും ബന്ധപ്പെട്ടിട്ടില്ല. പന്തളം കൊട്ടാരത്തിന് മറുപടി പറയാനില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി വ്യക്തമാക്കി.
അതേസമയം, എൻഎസ്എസിന്റെ നിലപാടിൽ കോൺഗ്രസിന് യാതൊരു ആശങ്കയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. അവർ (എൻഎസ്എസ്) ഒരു സമുദായ സംഘടനയാണെന്നും അവരുടെ നിലപാട് അവർക്ക് എടുക്കാമെന്നും സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു. 'ആ നിലപാടിനെ കുറിച്ച് ഞങ്ങൾ പരാതി പറഞ്ഞിട്ടില്ല. ആരോപണമോ ആക്ഷേപമോ ഉന്നയിച്ചിട്ടില്ല.' എൻഎസ്എസ് എന്തു തീരുമാനം എടുക്കണമെന്ന് ഞങ്ങൾ അല്ലല്ലോ പറയേണ്ടതെന്നും സതീശൻ പറഞ്ഞു.
അതിനിടെ, സുകുമാരന്‍ നായരുടെ രാജി ആവശ്യപ്പെട്ട് ഈരാറ്റുപേട്ടയിലും ബാനര്‍ പ്രത്യക്ഷപ്പെട്ടു. ചേന്നാട് കരയോഗം ഓഫീസിലാണ് ബാനര്‍ പ്രത്യക്ഷപ്പെട്ടത്. അയ്യപ്പ വിശ്വാസികളായ സമുദായാംഗങ്ങളെ പിന്നിൽ നിന്ന് കുത്തി പിണറായി വിജയന് പാദസേവ ചെയ്യുന്ന സുകുമാരൻ നായർ രാജി വയ്ക്കുക എന്നാണ് ബാനറിൽ എഴുതിയിരിക്കുന്നത്.