ഫിസിയോ തെറാപ്പിസ്റ്റുകള്‍ 'ഡോക്ടര്‍' എന്ന് ഉപയോഗിക്കരുത്: ഹൈക്കോടതി
കൊച്ചി: ഫിസിയോ തെറാപ്പിസ്റ്റുകളും ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകളും പേരിന് മുന്നില്‍ 'ഡോക്ടര്‍' എന്ന് ചേര്‍ക്കുന്നത് നിയമപരമല്ലെന്ന് ഹൈക്കോടതി. അംഗീകൃത മെഡിക്കല്‍ ബിരുദമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിര്‍ദേശം. തെറാപ്പിസ്റ്റുകള്‍ ഈ വിശേഷണം ഉപയോഗിക്കുന്നില്ലെന്ന് അധികൃതര്‍ ഉറപ്പാക്കണമെന്ന് ഇടക്കാല ഉത്തരവില്‍ ജസ്റ്റിസ് വിജി അരുണ്‍ നിര്‍ദേശിച്ചു.
തെറാപ്പിസ്റ്റുകള്‍ 'ഡോക്ടര്‍' എന്ന് ചേര്‍ക്കുന്നത് 1916-ലെ ഇന്ത്യന്‍ മെഡിക്കല്‍ ഡിഗ്രീസ് ആക്ട് പ്രകാരം ശരിയല്ലെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശവും കോടതി ചൂണ്ടിക്കാട്ടി. സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
തെറാപ്പിസ്റ്റുകള്‍ 'ഡോക്ടര്‍' എന്ന് ചേര്‍ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷനും ഹൈക്കോടതി നോട്ടീസയച്ചു. കേസ് ഡിസംബര്‍ ഒന്നിന് വീണ്ടും പരിഗണിക്കും.