മോൻസൻ മാവുങ്കലിൻ്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ പുരാവസ്തുക്കൾ നഷ്ടമായെന്ന് പരാതി
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോൻസൻ മാവുങ്കലിൻ്റെ കലൂരിലെ വീട്ടിൽ മോഷണം. മോൻസൻ പുരാവസ്തുക്കൾ സൂക്ഷിച്ചിരുന്ന വീട്ടിലാണ് കവർച്ച നടന്നത്. ഇവിടെ നിന്ന് 20 കോടി രൂപയുടെ വസ്തുക്കൾ നഷ്ടപ്പെട്ടതായി പരാതിയിൽ പറയുന്നു.
ക്രൈംബ്രാഞ്ചിൻ്റെ കസ്റ്റഡിയിലുള്ള വീട്ടിലാണ് മോഷണം നടന്നത് എന്നതും ശ്രദ്ധേയമാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ പരോളിലുള്ള മോൻസൻ മാവുങ്കലിനെയും കൂട്ടി പോലീസ് മോഷണം നടന്ന വീട്ടിൽ പരിശോധന നടത്തി വരികയാണ്. കലൂരിലെ ഈ വാടക വീട് മാസം 50,000 രൂപ വാടക നൽകിയാണ് മോൻസൻ എടുത്തിരുന്നത്. ഇത് ഒരു പുരാവസ്തു മ്യൂസിയം പോലെയാണ് ഇയാൾ കണക്കാക്കിയിരുന്നത്. 2017 മുതൽ 2020 വരെ 10 കോടി രൂപ തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് മോൻസൻ മാവുങ്കൽ അറസ്റ്റിലായത്.