ആഗോള അയ്യപ്പ സംഗമം:ജനക്കൂട്ടം കുറഞ്ഞതിന് കാരണം സംഘാടകരുടെ വീഴ്ച; വെള്ളാപ്പള്ളി

Sep 23, 2025 - 19:27
 0  241
ആഗോള അയ്യപ്പ സംഗമം:ജനക്കൂട്ടം കുറഞ്ഞതിന് കാരണം സംഘാടകരുടെ വീഴ്ച; വെള്ളാപ്പള്ളി

ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആലപ്പുഴയിൽ മാധ്യമപ്രവർത്തകരുമായി നടത്തിയ സംഭാഷണത്തിൽ, ആഗോള അയ്യപ്പ സംഗമത്തിന് പങ്കെടുത്തവരുടെ എണ്ണം കുറവാണെങ്കിൽ അതിന്റെ ഉത്തരവാദിത്വം സംഘാടകർക്കാണെന്ന് വ്യക്തമാക്കി. ഉദ്ഘാടന വേദിയിൽ ആളുകൾ തിങ്ങിനിറഞ്ഞിരുന്നതായും, പിന്നീട് ആളുകൾ കുറഞ്ഞെങ്കിൽ അത് വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ഒരേസമയം നടന്നതുകൊണ്ടായിരിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്ന സമയത്തും വേദിയിൽ ധാരാളം ആളുകൾ ഉണ്ടായിരുന്നു. എന്നാൽ ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം പലരും ചർച്ചകൾ നടക്കുന്ന മറ്റ് വേദികളിലേക്ക് പോയതുകൊണ്ട് പ്രധാന വേദിയിൽ ആളൊഴിഞ്ഞിരിക്കാം. ഇത്രയധികം വിഷയങ്ങൾ ഒരേ സ്ഥലത്ത് ഒരേസമയം നടത്തുന്നതിനു പകരം, വ്യത്യസ്ത സമയങ്ങളിലായി ക്രമീകരിക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന ഈ സംഗമം തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുള്ള നീക്കമാണെന്ന ആരോപണങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. ഇത്തരം ചിന്തകൾ വിവരമില്ലായ്മയിൽ നിന്ന് വരുന്നതാണെന്നും, ശബരിമല വിഷയം ഏറ്റവും ശക്തമായി നിന്ന സമയത്ത് നടന്ന തിരഞ്ഞെടുപ്പിൽ പോലും വലിയ വിജയം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി