സെറിബ്രൽ പാൾസി ബാധിച്ച മകളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി
മലപ്പുറം: സെറിബ്രൽ പാൾസി ബാധിച്ച മകളെ ഡ്രമ്മിലെ വെള്ളത്തിൽ മുക്കി കൊന്ന് മാതാവ് ജീവനൊടുക്കി. മലപ്പുറം എടപ്പാൾ മാണൂരിൽ ആണ് സംഭവം നടന്നത്. മാണൂർ പുതുക്കുടിയിൽ അനിതകുമാരി(58), മകൾ അഞ്ജന(33) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ പൊന്നാനി പോലീസ് അന്വേഷണം ആരംഭിച്ചു.
ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. വീടിന് മുന്നിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ അനിതയെ പ്രദേശവാസികൾ കാണുകയായിരുന്നു. നാട്ടുകാർ വീട്ടിലെത്തി പരിശോധിച്ചപ്പോൾ വീട്ടുമുറ്റത്തെ ഡ്രമ്മിലെ വെള്ളത്തിൽ മകളെ മുക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി.
സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. അനിതകുമാരിയുടെ മകൻ അജിത്ത് എടപ്പാൾ ആശുപത്രിയിലെ ജീവനക്കാരനാണ്. അജിത്ത് രാത്രി ജോലിക്ക് പോയിരിക്കുകയായിരുന്നു. ഭർത്താവ് ഗോപാലകൃഷ്ണൻ മരിച്ചതോടെ അനിതകുമാരി മാനസികമായി തളർന്നിരുന്നു. ഒരു മാസം മുൻപാണ് ഗോപാലകൃഷ്ണൻ മരിച്ചത്.
സെറിബ്രൽ പാൾസി ബാധിച്ച മകൾ അഞ്ജനയ്ക്ക് നടക്കാൻ പോലും സാധിക്കുമായിരുന്നില്ല. സംഭവത്തിൽ എടപ്പാൾ പോലീസ് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റുമോർട്ടം നടത്തിയതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.