ശബരിമല അന്നദാനം ഇനി കേരള സദ്യ; പായസവും പപ്പടവും ഉള്‍പ്പെടെ വിളമ്പാൻ തീരുമാനം

Nov 25, 2025 - 20:19
 0  2
ശബരിമല അന്നദാനം ഇനി കേരള സദ്യ; പായസവും പപ്പടവും ഉള്‍പ്പെടെ വിളമ്പാൻ തീരുമാനം

തിരുവനന്തപുരം: ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് എത്തുന്ന തീർഥാടകർക്ക് ഇനിമുതൽ 'അന്നദാന'ത്തിന്‍റെ ഭാഗമായി ലഭിക്കുക കേരള സദ്യ. നിലവിൽ വിതരണം ചെയ്തിരുന്ന പുലാവുo സാമ്പാറും ഒഴിവാക്കി കേരളീയ തനിമയുള്ള വിഭവങ്ങൾ നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു.

തീർഥാടകർക്ക് പുലാവുo സാമ്പാറും വിളമ്പുന്നത് ഉചിതമല്ലെന്ന് വിലയിരുത്തിയതിനെ തുടർന്നാണ് മാറ്റം വരുത്താൻ ബോർഡ് തീരുമാനമെടുത്തതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ. ജയകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. "കേരള സദ്യക്കൊപ്പം പായസവും പപ്പടവും ഉൾപ്പെടുത്തും. ശബരിമലയിലെ അന്നദാനത്തിന്‍റെ ഗുണമേന്മ ഉറപ്പുവരുത്തേണ്ടത് ബോർഡിന്‍റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

അന്നദാനത്തിനുള്ള പണം ദേവസ്വം ബോർഡിന്‍റെ ഫണ്ടിൽ നിന്നല്ല എടുക്കുന്നത്. അയ്യപ്പഭക്തർക്ക് നല്ല ഭക്ഷണം നൽകാനായി ഭക്തർ ബോർഡിനെ ഏൽപ്പിച്ച ഫണ്ടാണിതെന്നും ജയകുമാർ കൂട്ടിച്ചേർത്തു.

ഗുണമേന്മ ഉറപ്പാക്കുന്നതിന് ബോർഡ് എടുത്ത നല്ല തീരുമാനമാണിത്. ബോർഡ് എടുത്ത തീരുമാനം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. ബുധനാഴ്ചയോ വ്യാഴാഴ്ചയോ മുതൽ പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.