വമ്പൻ പ്രഖ്യാപനവുമായി ഗ്ലോബൽ മലയാളി ഫെസ്റ്റിവൽ ഫെഡറേഷൻ: വയനാട്ടിൽ  എ ഐ  & ഡാറ്റാ സെന്റർ പാർക്ക് വരുന്നു

Dec 18, 2025 - 10:43
Dec 18, 2025 - 10:48
 0  34
വമ്പൻ പ്രഖ്യാപനവുമായി ഗ്ലോബൽ മലയാളി ഫെസ്റ്റിവൽ ഫെഡറേഷൻ: വയനാട്ടിൽ  എ ഐ  & ഡാറ്റാ സെന്റർ പാർക്ക് വരുന്നു



 പ്രഥമ ഗ്ലോബൽ മലയാളി ഫെസ്റ്റിവൽ  ജനുവരി 1, 2 തീയതികളിൽ കൊച്ചി ക്രൗൺ പ്ലാസയിൽ



 കൊച്ചി: മലയാളി ഫെസ്റ്റിവൽ ഫെഡറേഷൻ ജനുവരി 1, 2 തീയതികളിൽ കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ  സംഘടിപ്പിക്കുന്ന പ്രഥമ ഗ്ലോബൽ മലയാളി ഫെസ്റ്റിവലിൽ, വയനാട് എ ഐ  & ഡാറ്റാ സെന്റർ പാർക്ക്   സ്ഥാപിക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിക്കും. കേരളത്തിന്റെ സാങ്കേതിക ഭാവിയെ നിർണ്ണയിക്കുന്ന സുപ്രധാന പ്രഖ്യാപനത്തിനാണ് ഇതോടെ പ്രഥമ ഗ്ലോബൽ മലയാളി ഫെസ്റ്റിവൽ വേദിയാവുക .

സമാപന ദിവസമായ ജനുവരി 2 വെള്ളിയാഴ്ച്ച  ഉച്ചയ്ക്ക് ശേഷം നടക്കുന്ന ചടങ്ങിൽ  ഈ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടക്കും. കൽപ്പറ്റയ്ക്കും നിലമ്പൂരിനും ഇടയിൽ  സൗത്ത് വയനാട് മേഖലയിലാണ് പാർക്ക് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്.

പദ്ധതിയുടെ  പ്രോജക്ട് റിപ്പോർട്ടും പത്രക്കുറിപ്പിനൊപ്പം വിതരണം ചെയ്യും. ഈ പദ്ധതി വയനാടിന്റെയും കേരളത്തിൻ്റെയും സാമ്പത്തിക-സാങ്കേതിക മേഖലയ്ക്ക് ഒരുപോലെ ഉത്തേജനം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി  മലയാളി ഫെസ്റ്റിവൽ ഫെഡറേഷൻ ഡയറക്ടർ & സി ഇ ഒ  ആൻഡ്രൂ പാപ്പച്ചൻ  (യു എസ്  എ)  അറിയിച്ചു.

 ഇന്ത്യയിലെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) മേഖലയിൽ കേരളത്തെ മുൻനിരയിലേക്ക് കൊണ്ടുവരിക എന്നതാണ് ഈ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം.  എ ഐ & ഡാറ്റാ സെന്റർ പാർക്കിൽ എ ഐ ഇന്നൊവേഷൻ, വികസനം, പരിശീലന സൗകര്യങ്ങൾ എന്നിവയോടൊപ്പം അത്യാധുനിക ഡാറ്റാ സെന്ററും ഉണ്ടാകും.

ലോകമെങ്ങുമുള്ള മലയാളികളെ ഒരുമിപ്പിക്കാൻ ലക്ഷ്യമിട്ട്, മലയാളി ഫെസ്റ്റിവൽ ഫെഡറേഷൻ സംഘടിപ്പിക്കുന്ന പ്രഥമ ഗ്ലോബൽ മലയാളി ഫെസ്റ്റിവലിന്   ജനുവരി 1, 2 തീയതികളിൽ കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിലാണ്  വേദിയൊരുങ്ങുക . ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന,  എൻ.ജി.ഒ രജിസ്ട്രേഷനുള്ള ഇന്ത്യൻ കമ്പനിയാണ് മലയാളി ഫെസ്റ്റിവൽ ഫെഡറേഷൻ. ലോകത്തെവിടെയുമുള്ള മലയാളികൾക്ക്  ഈ ആഘോഷത്തിൽ പങ്കെടുക്കാവുന്നതാണന്ന്  ഫെഡറേഷൻ മാനേജിംഗ് ഡയറക്ടർ അബ്ദുല്ല  മഞ്ചേരി (സൗദി അറേബ്യ)  അറിയിച്ചു.



 ഫെസ്റ്റിവലിന്റെ ആദ്യ ദിനമായ  ജനുവരി 1ന് (വ്യാഴം)  നവവത്സരാഘോഷത്തോടെയാണ് പരിപാടികൾക്ക് തുടക്കമാവുക . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഒത്തുചേർന്ന് പുതുവത്സരത്തെ സ്വാഗതം ചെയ്യും.

ജനുവരി 2 വെള്ളിയാഴ്ച്ച രാവിലെയുള്ള സെഷൻ പൂർണമായും  പ്രഥമ ഗ്ലോബൽ മലയാളി ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് മീറ്റിനായി മാറ്റിവെച്ചിരിക്കുന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്ന്  ഉൾപ്പെടെയുള്ള വിദേശ ബിസിനസ് നേതാക്കളും പ്രമുഖ മലയാളി വ്യവസായികളും വിവിധ വിഷയങ്ങളിൽ പ്രസന്റേഷനുകൾ അവതരിപ്പിക്കും. ഈ   സെഷൻ പ്രധാനമായും എ  ഐ  (AI) സാങ്കേതികവിദ്യ, ഐ.ടി സ്റ്റാർട്ടപ്പ് കമ്പനികൾ എന്നീ വിഷയങ്ങളിൽ  ശ്രദ്ധ കേന്ദ്രീകരിക്കും.


വെള്ളിയാഴ്ച്ച സായാഹ്നത്തിൽ നടക്കുന്ന  പൊതുസമ്മേളനത്തിൽ, വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച 16  മലയാളികളെ ഗ്ലോബൽ മലയാളി രത്ന പുരസ്‌കാരങ്ങൾ നൽകി ആദരിക്കും.  ലൈഫ്‌ടൈം ബിസിനസ്,  മലയാളി സമൂഹത്തിന് നൽകിയ  വിവിധ സേവനങ്ങൾ, ഇക്കണോമി , ഫിനാൻസ് , എഞ്ചിനീയറിംഗ്, സയൻസ് , സാങ്കേതികവിദ്യ, രാഷ്ട്രീയം, സാമൂഹിക സേവനം, വ്യാപാരം, ബിസിനസ്, സാഹിത്യം, കല, സംസ്കാരം തുടങ്ങി വിവിധ  മേഖലകളിലെ നേട്ടങ്ങൾ പരിഗണിച്ചാണ്   രത്ന പുരസ്‌കാരങ്ങൾ നൽകുന്നത്.



കൂടാതെ, മലയാളി സമൂഹത്തിന് നൽകിയ വ്യക്തിപരമായ നേട്ടങ്ങളും  സംഭാവനകളും  പരിഗണിച്ച്  ഏതാനും  പ്രമുഖ മലയാളികളെയും  പ്രത്യേക അംഗീകാരങ്ങൾ നൽകി ആദരിക്കും.

ഫെസ്റ്റിവലിൻ്റെ പ്രധാന ആകർഷണങ്ങളിലൊന്ന് അതിന്റെ ആഘോഷപൂർണമായ സമാപനമാണ്. ഓർക്കസ്ട്രയുടെ അകമ്പടിയോടെയുള്ള  ഗാലാ ഡിന്ന(Gala Dinner)റോടെയാണ് ഫെസ്റ്റിവൽ സമാപിക്കുക.

പുരസ്‌കാര സമർപ്പണ ചടങ്ങിലും ഫെസ്റ്റിവൽ സമാപനത്തിലും വി.ഐ.പി.കളുടെ വലിയ നിരയാണ് എത്തുന്നത്. സംസ്ഥാന, കേന്ദ്ര മന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള നിരവധി വിശിഷ്ടാതിഥികൾ എന്നിവർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

വയനാട് എ ഐ & ഡാറ്റാ സെന്റർ പാർക്ക് പ്രഖ്യാപനത്തിന് പിന്നാലെ  അടുത്ത വർഷം തന്നെ ഈ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലേക്ക് കടക്കും. ഇതിനായി  സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും സഹായവും പങ്കാളിത്തവും തേടും. കൂടാതെ, പദ്ധതിക്ക് ആവശ്യമായ മൂലധനത്തിനായി വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകളുടെ പിന്തുണയും ഫെഡറേഷൻ ഉറപ്പാക്കും.



  "കേരളത്തെ എ ഐ  രംഗത്ത് മുൻനിരയിൽ എത്തിക്കാൻ കഴിവുള്ള ഈ   പദ്ധതിക്ക് മാധ്യമങ്ങളുടെ പൂർണ്ണ പിന്തുണ  മലയാളി ഫെസ്റ്റിവൽ ഫെഡറേഷൻ ഭാരവാഹികൾ  അഭ്യർത്ഥിച്ചു.

ആഗോള മലയാളികൾക്കിടയിൽ ശക്തമായ ഒരു നെറ്റ്‌വർക്ക്  സ്ഥാപിക്കുക, ആഗോള മലയാളി സമൂഹത്തെ കേരളത്തിലേക്ക് അടുപ്പിക്കുകയും സംസ്ഥാനത്തിന്റെ പുരോഗതിക്ക് പങ്കാളികളാക്കുകയും ചെയ്യുക എന്നിവയാണ് ഫെസ്റ്റിവലിലൂടെ ഫെഡറേഷൻ ലക്ഷ്യമിടുന്നത്.