യോജിക്കാത്ത പടം: കവിത, ആൻസി സാജൻ

യോജിക്കാത്ത പടം: കവിത, ആൻസി സാജൻ

കാണാതെ

പോയതിനെ അന്വേഷിച്ച്

കണ്ടെത്തും

നല്ലയിടയൻമാർ..

ഞാനിവിടെ

അടുക്കളയിലാണ്

ഇവിടെ പലതും

കാണാതെയാവുന്നത്

അശ്രദ്ധ കൊണ്ടാണെന്ന്

ബാക്കിയുള്ളവർ പറയുന്നു -

പുട്ടുകുറ്റി, ചപ്പാത്തിക്കോല്

ഇടിയപ്പനാഴി

അങ്ങനെ പലതും

മറഞ്ഞിരുന്ന് കബളിപ്പിക്കുന്നു

പ്രിയപ്പെട്ട ചില കയിലുകൾ

ഒളിച്ചിരിക്കുമ്പോൾ

കൈ കൊണ്ട് കോരിയിടാമെന്നു വയ്ക്കും

 പാത്രങ്ങൾക്കു പിന്നെ

വകതിരിവേയില്ലെന്നു പറയുമ്പോൾ

കഴുകി കമിഴ്ത്തിയിടത്തിരുന്ന് അവ

ചുമ്മാ ചിരിക്കും

കൊണ്ടുപോയ പുസ്തകം

തിരിച്ചു തരാത്ത പോലെയാണ്

പാത്രങ്ങളുടെയും കാര്യം..

രണ്ടും മനസ്സലിവോടെ കൊടുക്കണം

തിരിച്ചു വരില്ലെന്നറിഞ്ഞു തന്നെ

ചിരട്ടയുടെ കണ്ണു തുളച്ച്

കുക്കറിന്റെ മൂക്കിൽ വച്ച്

കോണ്ടിനെന്റൽ പുട്ടു ചുടും ഞാൻ

ചപ്പാത്തിക്കോലിനു പകരം

നീണ്ടുരുണ്ട കുപ്പിയുരുട്ടി

ചപ്പാത്തി മയപ്പെടുത്തും

ഇടിയപ്പം പിന്നെയാട്ട്

പൂരിയുണ്ടാക്കിത്തരാം എന്നൊരു

പ്രലോഭനമാകും ചിലപ്പോൾ ...

കുത്തുകൾ യോജിപ്പിക്കാം

നമുക്കമ്മേ, യെന്നു പറഞ്ഞ്

ചിത്ര പുസ്തകവുമായ് നിന്ന മകന്

യോജിക്കാനാവാത്ത പടം പോലെ ഞാൻ

മകൾ നോക്കാതെ പോകുമ്പോൾ

നിനക്കിനി

മീനിന്റെ നടുക്കഷ്ണങ്ങൾ

തന്ന ലാളന മറക്കുമെന്നു ഞാൻ

അച്ഛനെന്തിയേ 

ആ ആർക്കറിയാം

എന്ന് പറഞ്ഞിട്ട്

അവരുടെ അച്ഛനെത്തേടിപ്പോകുന്ന ഞാൻ

അടുക്കളയെന്നെ  -യെങ്ങോട്ടും വിടുന്നില്ല

അത് പെറ്റു കൂട്ടും പാത്രങ്ങളെ

കഴുകിക്കുളിപ്പിച്ച്

പൊട്ടുതൊടീച്ചുറക്കാതെ ..

വട്ടക്കൊട്ടയിൽ വെളളം കോരി നിറച്ച്

നിവരുന്ന

ഞാനെന്ന്

കളിയാക്കുന്നു

കടന്നുവന്ന കാറ്റ്...

 

ആൻസി സാജൻ