വഴിപിഴച്ചസഖാവും വിപ്ലവകാരിയും: കവിത , ജയനൻ

വഴിപിഴച്ച സഖാവെ
താങ്കൾ
ബൂർഷ്വാസിയുടെ
പുഴുപ്പല്ലിന്റെ സ്ഥാനത്ത്
രൂപാന്തരംവന്ന സ്വർണ്ണ പല്ലാണെന്ന്
ഞാൻ ലോകരോട് പറയും ...
കണ്ണിൽ
കരിന്തിരി കത്തുന്ന സഖാവെ
താങ്കൾ
ബൂർഷ്വാസിയുടെ
രൂപാന്തരംവന്നചെരുപ്പ് നാടയെന്ന്
ഞാൻ ലോകരോട്പറയും
ഒറ്റപ്പെട്ടവന്റെ
ഓരിയിടലായ്
എന്റെ പോർവിളിയെ ഭത്സിക്കരുത്
ചിത്രവധമെന്നു ചൊല്ലി
തത്ത്വശാസ്ത്രങ്ങളുടെ
ജരാനരകൊണ്ടെന്നെ
ഉന്മൂലനം ചെയ്യരുത് ...
സ്വവർഗ്ഗ രക്തദാഹിയായ് നീയെന്നരികിലേക്ക് വരരുത് ...
വഴിപിഴച്ച സഖാവെ
ചില്ലിട്ട ചെഗുവേരയുടെ ചിത്രം
എന്തിനു നീ തീയിലെറിഞ്ഞു?
ഭാഷയില്ലാത്ത വിലാപങ്ങൾക്ക് കാതോർത്ത
എന്റെ ചെവിക്കല്ല്
എന്തിനു നീ എറിഞ്ഞുടച്ചു?
വിധിയിൽ വിശ്വാസമില്ലാഞ്ഞ്
തോക്കെടുക്കാൻ നീണ്ട കരങ്ങളെ
എന്തിനു നീ അരിഞ്ഞു വീഴ്ത്തി?
ചക്രവാളത്തിലേയ്ക്ക്
പലായനം ചെയ്ത കണ്ണുകളെ
എന്തിനു നീ ചൂഴ്ന്നെടുത്തു?
ലാറ്റിനമേരിക്കൻ കാടുകളിലൂടെ
വീശിയടിച്ച കൊടുങ്കാറ്റിന്
വേലി കെട്ടുന്ന മന:സാക്ഷി മരവിച്ച സഖാവെ
താങ്കൾ
ബൂർഷ്വാസിയുടെ
രൂപാന്തരം വന്ന കണ്ണടയാണെന്ന്
ഞാൻ ലോകരോട് പറയും;
ചെഗുവേരയാണെ സത്യം....