കഫ്ത്തേരിയക്കാരൻ: കവിത; യഹിയാ മുഹമ്മദ്, ബഹ്റിൻ

കഫ്ത്തേരിയക്കാരൻ: കവിത; യഹിയാ മുഹമ്മദ്, ബഹ്റിൻ

ൽബിന്റെ തീരത്ത്

തളിർത്തു തുടങ്ങുന്ന കിനാക്കളെ

അടർത്തിയെടുത്ത്

നടുവേ ഛേദിച്ച്

അതിൽ ഉപ്പും മുളകും പുരട്ടി

നോവുകൾ അടക്കം ചെയ്ത്

വിൽപ്പന നടത്തുന്നുണ്ട്

ഒരു കഫ്ത്തേരിയക്കാരൻ

 

തിളച്ച് ആവിപാറുന്ന ചായ

നീട്ടി നീട്ടി അടിച്ച്

തെക്കൻ കാറ്റുപോലെ

ഒരു മഴമേഘത്തെ അയാൾ

സ്വരുക്കൂട്ടി വെക്കുന്നുണ്ട്

 

പാതിവക്കിൽ നിന്നു പോയ വീടു പണി

അടുത്ത കർക്കിടകത്തിന് മുമ്പേ

മേൽക്കൂര പണിയാനാവും

മരുഭൂമി കത്തുന്ന വേനലിലും

അയാൾ മഴയായ് പെയ്തു തീരുന്നുണ്ട്

 

ഷവർമ്മക്കമ്പിൽ

കോർത്തെടുത്ത സ്വപ്നങ്ങളെ

അരിഞ്ഞരിഞ്ഞ് വിയർക്കുന്നുണ്ട്

ഒറ്റമുറിയിലെ ചിമ്മിനി വിളക്കിന്റെ

വെട്ടത്തിൽ - ഒരുമ്മ

ആ വിയർപ്പിന്റെ ഉപ്പിലാണ്

അന്തിക്കുള്ള റൊട്ടിക്ക് മാവ് കുഴക്കുന്നത്

 

ത്രസിച്ചു തുടങ്ങുന്ന നാഡികളെ

തന്തൂരിച്ചൂളയിൽ

റൊട്ടിക്കൊപ്പം പാകപ്പെടുത്തുന്നുണ്ട്

മുലച്ചെരുവുകൾക്കിടയിലൂടെ

എന്നോ ഒരിക്കൽ

പടർന്നു കേറിയ ഒരു വസന്തത്തിന്റെ

തണുപ്പിലാണ് - അവളിപ്പോഴും

മൂടിപ്പുതച്ചുറങ്ങുന്നത്

 

ഫ്രൈപാനിൽ ഉടച്ചു പാർന്ന

രണ്ട് ബുൾസൈക്കണ്ണിൽ

പാടവരമ്പിലൂടെ - രണ്ട് കുഞ്ഞുങ്ങൾ

തോളുരുമ്മി നടന്നു നീങ്ങുന്നുണ്ട്

കരിഞ്ഞു തുടങ്ങിയ ബുൾസൈയിൽ

പൊടിഞ്ഞു തുടങ്ങിയ കണ്ണുനീരിൽ

അവരെ അടക്കം ചെയ്ത

അയാൾ വീണ്ടും

അറബികൾക്ക് - സാൻവിച്ച്

അടിക്കുന്ന തിരക്കിലേക്ക്

ഇറങ്ങിപ്പോയി

 

യഹിയാ മുഹമ്മദ്, ബഹ്റിൻ