ആരെയൊ തിരയുന്ന കണ്ണുകൾ; കവിത

ആരെയൊ തിരയുന്ന കണ്ണുകൾ; കവിത

ഓരോ നുണകളിലൂടെ
എന്റെ കവിതയെ
ഞാൻ സ്വതന്ത്രമാക്കുന്നു..

ഓരോ സത്യങ്ങളിലൂടെ
എന്റെ കവിതകൾക്ക് ഞാൻ
കൂച്ചുവിലങ്ങുകൾ തീർക്കുന്നു.

മരണപ്പെട്ടു പോയ ഭാവികളാണ്
ഇന്നിന്റെ പൂർണ്ണതയെന്നും
ജീവിക്കേണ്ട ഭൂതങ്ങളാണ്
നാളെയുടെ പട്ടടയെന്നും
ഭ്രാന്ത് ചെല്ലുന്നു.
ഇതാണ്
എന്റെ കവിത..

ചിരിക്കാതെ ചിരിച്ച്
കരയാതെ കരഞ്ഞ്
നാളയുടെ കൂമ്പുകളത്രയും
കരിച്ചു കളയണം .

കാകൻെറ   ശവഘോഷയാത്രക്കൊടുവിൽ
ഗരുഢൻെറ  ഇറച്ചി തിന്നാൻ വിളമ്പണം .നിൻെറ

കല്ലുകളുരുട്ടി
മല കയറണം.
പിന്നെയവ താഴേക്കിട്ട്
പൊട്ടിച്ചിരിക്കണം.

ഒടുവിൽ ശൂന്യമായ
എന്റെ കൈകളിലേക്കൊഴുകിയ
വിഷപ്പൂക്കളെ ഭുജിച്ചപ്പോൾ
എന്റെ കണ്ണൂകൾ
ആരെയൊ തിരയുകയായിരുന്നു.

അവൻ എന്റെ
മരണം താങ്ങാനാകാതെ
മരച്ചുവട്ടിലെ ഇലകൾക്കിടയിലൂടെ
സ്വർഗ്ഗം തിരയുകയായിരുന്നിരിക്കാം. ..
അതുമല്ലങ്കിൽ
എന്റെ ഭാര്യയോടെനിക്കു വേണ്ടി
വാദിക്കുകയായിരുന്നിരിക്കാം.
എന്നാൽ ഒരു മാത്ര
അവനെ ഞാൻ കൊതിച്ചുപോയ്.

അഗ്നിയാലെരിയുന്ന
ജീവിത പൊയ്കയിൽ
പൊയ്മുഖം കാട്ടാനാകില്ലെന്നതിനാൽ,
നുകർന്നിടുന്നു ഞാൻ
ജീവന്റെ ശ്രേഷ്ടമാം

വിഷവൃക്ഷം ചൊരിഞ്ഞൊരാ
മധുരമാം പാനിയം . .

ഇനിയല്പം നടക്കണം
മധുരത്താൽ നിറഞ്ഞൊരാ സിരകളാൽ
തളർന്നു വീഴുമ്പോൾ
വർത്തമാനം പുലമ്പും
ഇവനൊരു പടുവിഢി
ഭാവിയെന്നെ ചുംബനത്താൽ
നെഞ്ചോടു ചേർത്തിടും

ജോംജി